ഭുവനേശ്വര്‍: ഒഡീഷയില്‍ തിരഞ്ഞെടുപ്പില്‍ ബിജെഡി ഞെട്ടിപ്പിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ വിശ്വസ്തനായ വി.കെ. പാണ്ഡ്യനെതിരെ വിമര്‍ശനമേറുകയാണ്. പാണ്ഡ്യനാണ് തോല്‍വിക്ക് കാരണമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ വിമര്‍ശനം. വിമര്‍ശനം കടുത്തതോടെ പാണ്ഡ്യനെ അനുകൂലിച്ച് നവീന്‍ രംഗത്തെത്തി.
പാർട്ടിയുടെ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പാണ്ഡ്യനെതിരെയുള്ള വിമർശനം അന്യായമാണെന്ന് നവീൻ പറഞ്ഞു. ഒപ്പം പാണ്ഡ്യന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തു.
“പാണ്ഡ്യനെതിരെയുള്ള വിമർശനത്തെക്കുറിച്ച് എൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് നിർഭാഗ്യകരമാണ്. അദ്ദേഹം ഒരു പദവിയും വഹിച്ചിട്ടില്ല. ഈ തെരഞ്ഞെടുപ്പുകളിൽ ഒരു നിയോജക മണ്ഡലത്തിൽ നിന്നും അദ്ദേഹം മത്സരിച്ചിട്ടില്ല. സത്യസന്ധനാണ് അദ്ദേഹം,” നവീൻ വസതിയിൽ പറഞ്ഞു.
മുൻകാലങ്ങളിൽ ബിജെഡിയിലും സർക്കാർ കാര്യങ്ങളിലും നിരന്തരം ഇടപെട്ടിരുന്ന പാണ്ഡ്യൻ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതു മുതൽ മാധ്യമങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ്. തെരഞ്ഞെടുപ്പിലെ തോൽവി അവലോകനം ചെയ്യാൻ നവീൻ നടത്തുന്ന യോഗങ്ങളിലും അദ്ദേഹം പങ്കെടുത്തില്ലെന്നാണ് സൂചന.
ഒരു അഡ്മിനിസ്ട്രേറ്റർ എന്ന നിലയിൽ മികച്ച ജോലിയാണ് പാണ്ഡ്യൻ ചെയ്തതെന്ന് നവീന്‍ പ്രതികരിച്ചു. ജനാധിപത്യത്തിൽ ഒന്നുകിൽ ജയിക്കുകയോ തോൽക്കുകയോ ചെയ്യണം. വളരെക്കാലത്തിനു ശേഷം തോൽക്കപ്പെട്ടതിനാൽ ജനങ്ങളുടെ വിധി ഭംഗിയായി സ്വീകരിക്കണം. ഒഡീഷയിലെ 4.5 കോടി ജനങ്ങൾ തൻ്റെ കുടുംബമാണ്, അവരെ ഏതു വിധേനയും സേവിക്കുന്നത് തുടരുമെന്നും നവീന്‍ പട്‌നായിക്ക് വ്യക്തമാക്കി.
തന്നെ തുടർച്ചയായി അഞ്ച് തവണ തിരഞ്ഞെടുത്ത് സേവിക്കാൻ അവസരം നൽകിയതിന് സംസ്ഥാനത്തെ ജനങ്ങൾക്ക് അദ്ദേഹം നന്ദി അറിയിച്ചു. പാണ്ഡ്യൻ തൻ്റെ രാഷ്ട്രീയ പിൻഗാമിയല്ലെന്നും അത് ആരാണെന്ന് സംസ്ഥാനത്തെ ജനങ്ങൾ തീരുമാനിക്കുമെന്നും നവീൻ പറഞ്ഞു.