ജിദ്ദ: റിയാദിൽ നിന്ന് തെക്കായി സ്ഥിതി ചെയ്യുന്ന ഹരീഖ് പ്രദേശത്ത് വ്യാഴാഴ്ച്ച സന്ധ്യയിൽ ചന്ദ്രപ്പിറവി ദൃശ്യമായതായി സ്ഥിരീകരണം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച ഹജ്ജ് മാസം ഒന്ന് ആയി അധികൃതർ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഹജിന്റെ ഏറ്റവും സുപ്രധാന ചടങ്ങായ അറഫ സംഗമം ഈ മാസം 15 (ദുൽഹജ്ജ് 9) ശനിയാഴ്ച ആയിരിക്കുമെന്ന് ഔദ്യോഗികമായി ഹജ്ജിന്റെ ആതിഥേയ രാജ്യം പ്രഖ്യാപിച്ചു.
ഇതു പ്രകാരം ജൂണ്‍ 16 ഞായറാഴ്ച്ച ആയിരിക്കും സൗദിയില്‍ ബലിപെരുന്നാള്‍. ചന്ദ്രക്കല ദർശനം സാധാരണയായി റിപ്പോർട്ട് ചെയ്യപ്പെടാറുള്ള തുമൈറ എന്ന പ്രദേശത്ത് നിന്ന് ഇത്തവണ യാതൊരു വിവരവും ഏറെ വൈകിയും വന്നിരുന്നില്ല. അന്തരീക്ഷം മേഘാവൃതമായിരുന്നതിനാലായിരുന്നു ഇത്.
അതോടെ ദുൽഖഅദ മുപ്പത് തികക്കുകയും അതിന്റെ അടിസ്ഥാനത്തിൽ അറഫാ ദിനം 16 നും ബലിപെരുന്നാൾ 17 നും ആയിരിക്കുമെന്ന അവസ്ഥ നിലനിൽക്കുമ്പോഴാണ് മാസപ്പിറവി ദർശിക്കാനായെന്ന റിപ്പോർട്ട് ഹരീഖ് പ്രദേശത്തു നിന്ന് എത്തിയത്. തുടർന്ന്, സുപ്രീം ജുഡീഷ്യറിയുടെ കാലഗണനാ സമിതി അടിയന്തര യോഗം ചേർന്ന് ഹജ്ജ് ദിവസങ്ങൾ സ്ഥിരീകരിക്കുകയും പ്രഖ്യാപിക്കുകയുമായിരുന്നു.