തിരുവനന്തപുരം: ലോക്കോ പൈലറ്റുമാരുടെ സമരത്തിന് യാത്രക്കാരുടെ പിന്തുണയുണ്ടെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ്. മതിയായ വിശ്രമം നൽകാതെ ലോക്കോ പൈലറ്റുമാരെ ജോലി ചെയ്യിപ്പിക്കുന്നത് വലിയ അപകടങ്ങൾക്കു കാരണമാകുമെന്നത് തിരിച്ചറിയാൻ സാമാന്യ ബുദ്ധി മാത്രം മതിയാകും. ഇക്കാര്യത്തിലെങ്കിലും സാമ്പത്തിക ചിന്ത ഒഴിവാക്കണമെന്ന് യാത്രക്കാരുടെ സുരക്ഷയെക്കരുതി ആവശ്യപ്പെടുകയാണെന്നും ഫ്രണ്ട്സ് ഓൺ റെയിൽസ് വാർത്താകുറിപ്പിൽ പറഞ്ഞു.
ഓഫീസ് സമയത്ത് ആവശ്യത്തിന് ട്രെയിനുകൾ മതിയായ കോച്ചുകളോടെ ഓടിക്കണമെന്നും കൊവിഡ് സമയത്ത് നിർത്തലാക്കിയ ആനുകൂല്യങ്ങളെല്ലാം പുനഃസ്ഥാപിക്കണമെന്നും സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങളും വൃത്തിയും വർധിപ്പിക്കണമെന്നും മറ്റുമുള്ള ആവശ്യങ്ങൾ സാമ്പത്തിക ചിന്തയോടെ തള്ളിക്കളയുന്ന സമീപനം സുരക്ഷയുടെ കാര്യത്തിൽ സ്വീകരിക്കരുത്.
പ്രധാന സ്റ്റേഷനുകളിലെങ്കിലും സുസജ്ജമായ സിസിടിവി സംവിധാനമേർപ്പെടുത്തണം, ട്രെയിനുകളിൽ മതിയായ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കണം തുടങ്ങിയ ആവശ്യങ്ങൾ മോഷണമുൾപ്പെടെയുള്ള സാമൂഹ്യവിരുദ്ധ ശല്യങ്ങൾ ഒഴിവാക്കുന്നതിനായി സംഘടന പല തവണ അധികാരികളെ അറിയിച്ചിരുന്നതിന് ഫലമുണ്ടായിട്ടില്ല. ഒരു ദുരന്തം ഉണ്ടായ ശേഷം താത്ക്കാലിക നടപടികളെടുക്കുന്നതിൽ കാര്യമൊന്നുമില്ല. പ്രതികാര നടപടികൾക്കു പകരം തുറന്ന ചർച്ചയിലൂടെ ലോക്കോ പൈലറ്റുമാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച് ജനങ്ങളുടെ സുരക്ഷാ സംബന്ധിയായ ആശങ്ക അടിയന്തരമായി പരിഹരിക്കണമെന്നും ഫ്രണ്ട്സ് ഓൺ റെയിൽസ് ആവശ്യപ്പെട്ടു.