മാസപ്പടി കേസ്: എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ല; പൊലീസിനെതിരെ ഇഡി ഹൈക്കോടതിയിൽ
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ഉൾപ്പെട്ട മാസപ്പടി കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടിട്ടും സംസ്ഥാന പൊലീസ് തയാറായില്ലെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ അറിയിച്ചു. കൊച്ചിയിലെ സിഎംആർഎൽ കമ്പനി വ്യാജ പണമിടപാട് നടത്തിയെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടിക്ക് നിർദേശിച്ചത്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തില്ലെങ്കിലും തങ്ങൾക്ക് നിയമപരമായി മുന്നോട്ടുപോകാനാകുമെന്ന് ഇഡി അറിയിച്ചു.
തുടർച്ചയായി സമൻസുകൾ നൽകി വിളിപ്പിക്കുന്നതിനെതിരെ സിഎംആർഎൽ ജീവനക്കാർ നൽകിയ ഹർജിയിലാണ് ഇഡിയുടെ മറുപടി. ജീവനക്കാരെ ചോദ്യം ചെയ്യാൻ വിളിച്ചതിന്‍റെ സിസിടിവി ദൃശ്യങ്ങൾ അടക്കമുളളവ സൂക്ഷിക്കണമെന്ന് ഇഡിയോട് കോടതി നിർദേശിച്ചു. ഹർജി ഈ മാസം 21ന് വീണ്ടും പരിഗണിക്കും.