ഡൽഹി : ഹൈദരാബാദിൽ മാലിന്യ കൂമ്പാരത്തിനടുത്ത് ആറുവയസുകാരൻ്റെ ജീർണിച്ച മൃതദേഹം കണ്ടെത്തി. കുട്ടിയുടെ ശരീരത്തിൽ നായയുടെ കടിയേറ്റ പാടുകൾ ഉണ്ടെന്നാണ് പോലീസ് പറയുന്നത്.
എന്നാൽ മരണകാരണം തെരുവുനായ്ക്കളുടെ അക്രമണമാണോ എന്നറിയാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവരണം എന്നും പൊലീസ് വ്യക്തമാക്കുന്നു.
മൃതദേഹം ലഭിച്ച മാലിന്യ കൂമ്പാരത്തിനടുത്ത് തന്നെയാണ് കുട്ടി അച്ഛനും മുത്തശ്ശിക്കുമൊപ്പം താമസിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ദിവസേന നായ്ക്കുട്ടികൾക്കൊപ്പം ഈ കുട്ടി കളിക്കാറുണ്ടെന്ന് പ്രദേശവാസികൾ പൊലീസിനോട് പറഞ്ഞു.
എന്നാൽ കഴിഞ്ഞദിവസം നായ്ക്കൾക്കൊപ്പം കളിക്കാൻ പോയ കുട്ടി പിന്നീട് തിരിച്ചു വരാതാവുകയും, തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.