തൃശൂര്‍: ലോക്സഭാ മണ്ഡലത്തില്‍ മുന്‍ കെപിസിസി അധ്യക്ഷന്‍ കൂടിയായ കെ മുരളീധരന്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പോകുകയും ബിജെപി വിജയിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഡിസിസി നേതൃത്വത്തിനെതിരെ നടപടിക്ക് സാധ്യത.
ഡിസിസി അധ്യക്ഷന്‍ ജോസ് വള്ളൂരിനെ പുറത്താക്കാനാണ് സാധ്യത. തെരഞ്ഞെടുപ്പ് ഫലം പാര്‍ട്ടി വിലയിരുത്തിയ ശേഷമാകും നടപടി. ഡിസിസി അധ്യക്ഷനെന്ന നിലയില്‍ ജോസ് വള്ളൂര്‍ പരാജയമാണെന്ന ആരോപണം നേരത്തെ തന്നെ ശക്തമാണ്.
ജില്ലയില്‍ ഉള്‍പ്പെട്ട തൃശൂര്‍, ആലത്തൂര്‍ ലോക്സഭാ മണ്ഡലങ്ങളില്‍ മാത്രമാണ് യുഡിഎഫ് സംസ്ഥാനത്ത് തോല്‍വി ഏറ്റുവാങ്ങിയത്. അതിലൊന്നില്‍ ബിജെപി വിജയിക്കുകയും യുഡിഎഫ് മൂന്നാം സ്ഥാനത്തെത്തുകയും ചെയ്തു. തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി, ചേലക്കര, കുന്ദംകുളം നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ട ആലത്തൂരും യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് പരാജയപ്പെട്ടു.
ഇതോടെ സംസ്ഥാനത്ത് യുഡിഎഫ് പരാജയപ്പെട്ട ഏക ജില്ലയായി തൃശൂര്‍ മാറി. ഈ സാഹചര്യത്തില്‍ ഡിസിസി അധ്യക്ഷന് പരാജയത്തിന്‍റെ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുക സാധ്യമല്ല. എന്നു പറഞ്ഞാല്‍ ഡിസിസി അധ്യക്ഷ പദവിയില്‍ തുടരാന്‍ ജോസ് വള്ളൂരിന് കഴിയില്ല.