യൂത്ത് കോൺഗ്രസ് നേതാവിനോട് ബെറ്റ് വച്ചു; തോറ്റപ്പോൾ വാക്കുപാലിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി, തല മൊട്ടയടിച്ചു
കണ്ണൂര്‍: വടകര ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെകെ ശൈലജ തോറ്റതിന് പിന്നാലെ തല മൊട്ടയടിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി. വാതുവെപ്പിൽ വാക്കുപാലിക്കുന്നതിന്റെ ഭാഗമായാണ് ചെറുവാഞ്ചേരി സിപിഎം ബ്രാഞ്ച് സെക്രട്ടറി കുറ്റ്യൻ അമൽ തല മൊട്ടയടിച്ചത്. കേരളത്തിൽ 19 സീറ്റിലും തോറ്റാലും വടകരയിൽ കെകെ ശൈലജ ജയിക്കുമെന്ന ഉറച്ച വിശ്വാസമായിരുന്നു ഇദ്ദേഹത്തിന്.
എന്നാൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മുൻ ഗ്രാമപഞ്ചായത്ത് അംഗം റോബര്‍ട്ട് വെള്ളാംവള്ളിയുമായാണ് കുറ്റ്യൻ അമൽ വാതുവെച്ചത്. ഷാഫി പറമ്പിൽ ഒരു ലക്ഷം വോട്ട് ഭൂരിപക്ഷത്തിൽ ജയിക്കുമെന്നായിരുന്നു റോബര്‍ട്ട് വെള്ളാംവള്ളിയുടെ വിശ്വാസം. ഫലം വന്നപ്പോൾ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിൽ 114506 വോട്ട് ഭൂരിപക്ഷത്തിൽ സിപിഎം കേന്ദ്ര കമ്മിറ്റിയംഗമായ കെകെ ശൈലജ ടീച്ചറെ പരാജയപ്പെടുത്തി.
ഷാഫി പറമ്പിലിന്റെ ഭൂരിപക്ഷം ഒരു ലക്ഷം കടന്ന ഉടൻ തോൽവി സമ്മതിച്ച് കുറ്റ്യൻ അമൽ തല മൊട്ടയടിച്ച് വാക്കു പാലിക്കുകയായിരുന്നു. ചെറുവാഞ്ചേരി ഡിവൈഎഫ്ഐ വില്ലേജ് കമ്മിറ്റി സെക്രട്ടറി കൂടിയായ കുറ്റ്യൻ അമലും റോബര്‍ട്ട് വെള്ളാംവള്ളിയും സുഹൃത്തുക്കളാണ്. തല മൊട്ടയടിച്ചതിന് പിന്നാലെ തമ്മിൽ കണ്ട ഇരുവരും പരസ്പരം ഹസ്തദാനം ചെയ്തു.