ഡല്‍ഹി: ഒന്നിച്ചുള്ള ഡല്‍ഹി യാത്രയില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ആര്‍ജെഡി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവും സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ചര്‍ച്ച നടത്തിയതായി സൂചന.
ഇന്ന് വൈകിട്ട് ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ മുന്നണിയുടെയും എന്‍ഡിഎ മുന്നണിയുടെയും വ്യത്യസ്ത യോഗങ്ങളില്‍ പങ്കെടുക്കാനാണ് ഈ നേതാക്കള്‍ രാവിലെ ഒരേ വിമാനത്തില്‍ ഡല്‍ഹിക്ക് തിരിച്ചത്.
ഇവര്‍ ഒന്നിച്ച് വിമാനത്തില്‍ യാത്രചെയ്യുന്ന ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ രാവിലെ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇരുവരും തൊട്ടടുത്തടുത്ത സീറ്റുകളിലിരുന്ന് സംസാരിക്കുന്ന ചിത്രവും പുറത്തു വന്നിട്ടുണ്ട്.

നിതീഷ് കുമാര്‍ എന്‍ഡിഎയുടെ നേതാവാണെങ്കിലും പൂര്‍ണമനസോടെ മുന്നണിയില്‍ നില്‍ക്കുന്ന ഘടകകക്ഷിയല്ല. മാത്രമല്ല, പണ്ടു മുതല്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അത്ര നല്ല ബന്ധത്തിലല്ല അദ്ദേഹം. അതിനാല്‍ തന്നെ ഒരേ മുന്നണിയിലാണെങ്കിലും മോദിക്കെതിരെ അടിക്കാനുള്ള ഒരവസരവും നിതീഷ് കുമാര്‍ പാഴാക്കാനിടയില്ല.

ഈ സാഹചര്യം മുതലാക്കാന്‍ ഇന്ത്യ മുന്നണിയുടെ പ്രധാന നേതാവായ തേജസ്വി യാദവ് നിതീഷ് കുമാറുമായി പ്രാഥമിക ചര്‍ച്ച നടത്തിയതായാണ് ഡല്‍ഹി റിപ്പോര്‍ട്ട്. ഇരുവരും തമ്മില്‍ നല്ല സൗഹൃദത്തിലുമാണ്. ഇന്നലെ മുതല്‍ തന്നെ ഇന്ത്യ മുന്നണി നേതാക്കള്‍ നിതീഷ് കുമാറുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. ശരത് പവാര്‍ നേരത്തെ തന്നെ നിതീഷ് കുമാറുമായി സംസാരിച്ചതായും സൂചനയുണ്ട്.
ഈ സാഹചര്യത്തില്‍ വിമാനത്തിനുള്ളിലെ നിതീഷ് കുമാര്‍ – തേജസ്വി ചര്‍ച്ചയ്ക്ക് വലിയ പ്രാധാന്യമുണ്ട്. തല്‍ക്കാലം എന്‍ഡിഎ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചാലും ഭാവിയിലേയ്ക്ക് ഒരു മറു തന്ത്രം പ്രയോഗിക്കുകയെന്ന നിലപാടിലാണ് ഇന്ത്യ മുന്നണി. സര്‍ക്കാര്‍ രൂപീകരിച്ച ശേഷം വലിച്ചു താഴെ ഇറക്കുന്നതിലാണ് ഇന്ത്യ മുന്നണിയ്ക്ക് താല്‍പര്യം.

രാജ്യത്ത് കോണ്‍ഗ്രസിന്‍റെ പല സര്‍ക്കാരുകളെയും വലിച്ചു താഴെയിട്ട് ബിജെപി സര്‍ക്കാര്‍ രൂപീകരിച്ച മാതൃകയില്‍ മോദി സര്‍ക്കാരിനെ കൈകാര്യം ചെയ്യുകയാണ് കോണ്‍ഗ്രസിന്‍റെയും ആഗ്രഹം.

നിതീഷ് കുമാറിനെയും ചന്ദ്രബാബു നായിഡുവിനെയും ആ ഘട്ടത്തിലായിരിക്കും കോണ്‍ഗ്രസ് ഉപയോഗിക്കുക. അവരുമായുള്ള സൗഹൃദം ഇന്ത്യ മുന്നണി നേതാക്കള്‍ മുന്നോട്ടു കൊണ്ടുപോകുകയും ചെയ്യും. 

By admin

Leave a Reply

Your email address will not be published. Required fields are marked *