പച്ചമരത്തോട് ഇങ്ങനെ ചെയ്തെങ്കില്‍ ഉണക്ക മരത്തോട് എന്താവും? ടിഎന്‍ പ്രതാപനെതിരെ ആഞ്ഞടിച്ച് യൂത്ത് കോണ്‍ഗ്രസ്

തൃശൂര്‍: തൃശൂര്‍ ലോക്സഭ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരൻ പരാജയപ്പെട്ടതില്‍ കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപനും തൃശൂര്‍ ഡിസിസി പ്രസിഡന്‍റിനുമെതിരെ തുറന്നടിച്ച് ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍. സംഘപരിവാറിന് തൃശൂരില്‍ നട തുറന്ന് കൊടുത്തത് ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂരും ജില്ലയിലെ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചെയര്‍മാനായ ടിഎന്‍ പ്രതാപനുമാണെന്ന് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എഎ മുഹമ്മദ് ഹാഷിം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ എബിമോൻ തോമസ്, കാവ്യാ രഞ്ജിത്ത്, മുഹമ്മദ് സരൂഖ് എന്നിവരും ഡിസിസി ഓഫീസിന് മുന്നില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിന് എത്തിയിരുന്നു.

പച്ചമരത്തോട് ഇങ്ങനെ ചെയ്ത തെങ്കിൽ ഉണക്ക മരത്തോട് എന്താവുമെന്ന് ഹാഷിം ചോദിച്ചു. സര്‍ജിക്കല്‍ സ്ട്രൈക്കറായ മുരളിക്ക് ഇങ്ങനെ വന്നെങ്കില്‍ സാധാരണ പ്രവര്‍ത്തകരുടെ ഗതി എന്താകും? ജില്ലാ നേതൃത്വത്തിന്‍റെ അവനവനിസമാണ് തോല്‍വിക്ക് കാരണമെന്നും ഹാഷിം ആരോപിച്ചു. സംഘപരിവാറിന് തൃശൂരിൽ നട തുറന്ന കൊടുത്തത് ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂരും ടി എൻ പ്രതാപനുമാണ്.

മുരളീധരന്‍റെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഡിസിസി അധ്യഷൻ രാജിവെക്കണം. ജില്ലാ നേതൃത്വത്തിനെതിരെ ദീപാ ദാസ് മുൻഷിക്ക് പരാതി നൽകും. എഐസിസി നേതൃത്വത്തിലും പരാതി നൽകും. ജില്ലയിലെ തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ ചെയർമാൻ ടി എൻ പ്രതാപനാണ്. ആദ്യമായിട്ട് തെരഞ്ഞെടുപ്പ് കാണുന്നവരല്ലല്ലോ ജില്ലയിലെ നേതൃത്വം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യുവജന പ്രസ്ഥാനങ്ങളുടെ യോഗം കൂടുകയോ ഏകോപനം നടത്തുകയോ ചെയ്തിട്ടില്ല.

തളിക്കുളം നാട്ടിലൊന്നും സ്ഥാനാർത്ഥി പര്യടനത്തിന് എംപി ടിഎൻ പ്രതാപനെ കണ്ടിട്ടില്ല. തൃശ്ശൂർ ജില്ലയിലെ ഒരു മണ്ഡലം സിപിഎമ്മിന് കൊടുത്തപ്പോൾ ഒരു മണ്ഡലം ബിജെപിക്ക് കൊടുക്കാനുള്ള മാന്യത കോൺഗ്രസ് നേതൃത്വം കാണിച്ചു എന്നും നേതാക്കള്‍ പരിഹസിച്ചു.

‘പ്രതാപന് ഇനി വാർഡിൽ പോലും സീറ്റില്ല’; മുരളീധരന്‍റെ തോല്‍വിയിൽ പ്രതാപനെതിരെ ഡിസിസി ഓഫീസ് മതിലില്‍ പോസ്റ്റർ

 

By admin