ഡല്‍ഹി: ഒരു നിശ്ചിത കാലത്തേക്ക് കാമുകനേയും കാമുകിയേയും വാടകയ്ക്കെടുക്കുകയും ഒരുമിച്ച് ഡേറ്റിന് പോകുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും കാമുകി കാമുകന്മാരെപ്പോലെ പെരുമാറുന്നതുമൊക്കെ വിദേശ രാജ്യങ്ങളില്‍ പതിവാണ്.
എന്നാല്‍, ഡല്‍ഹിയില്‍ ഇതാ ദിവ്യ ഗിരി എന്ന യുവതി ഡേറ്റിങ്ങിന് ക്ഷണിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ്. ചെയ്യേണ്ട ഓരോ കാര്യങ്ങളും അതിനുവേണ്ട പണം ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ദിവ്യ കൊടുത്തിരിക്കുന്നത്.
കോഫി കുടിക്കാന്‍ 1500 രൂപ, ബൈക്കില്‍ കറങ്ങാനും കൈകോര്‍ത്ത് നടക്കാനും 4000 രൂപ, വീക്കെന്‍ഡ് ഗെറ്റ് എവേയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ 10000 രൂപ, കുടുംബവുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് 3000 രൂപ, ഡിന്നറും സിനിമയുമടങ്ങുന്ന സാധാരണ ഡേറ്റിന് 2000 രൂപ, ചടങ്ങുകളില്‍ പങ്കെടുക്കണമെങ്കില്‍ 3500, ഡേറ്റിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടണമെങ്കില്‍ 6000 രൂപയും ഹൈക്കിങ്, കയാക്കിങ് പോലെയുള്ള സാഹസികപ്രവര്‍ത്തനങ്ങള്‍ക്ക് കൂടെ വരണമെങ്കില്‍ 5000 രൂപയാകുമെന്നും പോസ്റ്റില്‍ പറയുന്നു.
പാചകം ചെയ്യാനും തയാറാണെന്നും അതിന് 3500 രൂപയാണ് ഈടാക്കുന്നതെന്നും പറയുന്നു. ഇതില്‍ ഏതെങ്കിലും നിങ്ങള്‍ക്ക് ആവശ്യമുണ്ടെങ്കില്‍ നമുക്ക് കണ്ടുമുട്ടാമെന്ന് പറഞ്ഞാണ് യുവതി പോസ്റ്റ് അവസാനിപ്പിക്കുന്നത്.