തൃശൂര്‍: ഉത്തര്‍പ്രദേശത്തുകാര്‍ക്ക് മനസ്സിലായ പലതും കേരളത്തിലുള്ളവര്‍ക്ക് ഇനിയും മനസ്സിലായിട്ടില്ലെന്ന് കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ ഡോ പി സരിന്‍. തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തോടായിരുന്നു സരിന്റെ പ്രതികരണം.
ഇവിടെ വഴി തെറ്റി ജയിച്ച ഒരാള്‍ തനിക്ക് വോട്ട് ചെയ്ത ജനങ്ങളെ വിളിക്കുന്നത് ‘പ്രജാദൈവങ്ങള്‍’ എന്നാണെന്നും ദൈവം എന്ന് കൂട്ടി വിളിച്ചാല്‍ എല്ലാം തൊണ്ട തൊടാതെ വിഴുങ്ങിക്കോളും എന്നയാള്‍ക്കറിയാമെന്നും സരിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഉത്തര്‍പ്രദേശത്തുകാര്‍ക്ക് മനസ്സിലായ പലതും കേരളത്തിലുള്ളവര്‍ക്ക് ഇനിയും മനസ്സിലായിട്ടില്ല.
ഇവിടെ വഴി തെറ്റി ജയിച്ച (തെറ്റായ വഴിക്ക് ജയിച്ചതും) ഒരാള്‍ തനിക്ക് വോട്ട് ചെയ്ത ജനങ്ങളെ വിളിക്കുകയാണ് ‘പ്രജാദൈവങ്ങള്‍’ എന്ന്. 
ദൈവം എന്ന് കൂട്ടി വിളിച്ചാല്‍ എല്ലാം തൊണ്ട തൊടാതെ വിഴുങ്ങിക്കോളും എന്നയാള്‍ക്കറിയാം. ബഹുമാനത്തോടെ ഉപയോഗിച്ചത് എന്ന് തോന്നിപ്പിക്കുന്ന ആ വിളിയില്‍ പോലും ഉണ്ട് അയാളാണ് ഉടയോന്‍ എന്നും താന്‍ മാത്രമാണ് ഉടമ എന്നും, വോട്ട് ചെയ്തവര്‍ ആ ഉടമസ്ഥന്റെ പ്രജകള്‍ മാത്രമാണെന്നുമുള്ള അയാളുടെ വഷളന്‍ മനസ്സിലിരിപ്പ്. 
പ്രജാദൈവങ്ങള്‍ പോലും !
എടോ, ആ കാലമൊക്കെ പോയി. തന്റെ രാജാവും പ്രജയും ഒന്നും ഇപ്പൊ ഇല്ല. ഭരണഘടന എഴുതിയുണ്ടാക്കിയ കോണ്‍ഗ്രസിന് അറിയാമായിരുന്നു, കാലമെത്ര കഴിഞ്ഞാലും പലതരം അടിച്ചമര്‍ത്തലുകള്‍ക്ക് ഇന്ത്യന്‍ ജനതയെ വരിനിര്‍ത്തി രാജാ-പ്രജാ കളിക്കാന്‍ മോദിയും ഗോപിമാരും ഉണ്ടായിക്കൊണ്ടേയിരിക്കുമെന്ന്.
അതുകൊണ്ട് തന്നെയാണ് സമത്വബോധത്തിലൂന്നിയ ഒരു ഭരണഘടന കോണ്‍ഗ്രസ് ഈ രാജ്യത്തുണ്ടാക്കിയത്. തങ്ങള്‍ ഓരോരുത്തരും ഈ രാജ്യത്തിന്റെ തുല്യാവകാശികളായ പൗരന്‍മാരായി മാറിയത് ജനം ഇടയ്‌ക്കൊക്കെ മറന്ന് പോയാലും കാലം കൃത്യമായി അത് ഈ ജനതയെ ഓര്‍മ്മ പ്പെടുത്തിക്കൊണ്ടേയിരിക്കും.
ഇനിയും തനിക്ക് അത് മനസ്സിലായിട്ടില്ലെങ്കില്‍, അടുത്ത അഞ്ച് വര്‍ഷം കൊണ്ട് തൃശ്ശൂര്‍ തനിക്കത് മനസ്സിലാക്കി തരും. 
സിനിമകളിലാണെങ്കിലും താന്‍ ചെയ്ത എത്രയോ കഥാപാത്രങ്ങളുടെ ഉള്ളൊന്ന് വായിക്കാന്‍ ഉള്ള് പൊളളയായ, കാപട്യക്കാരനായ, ജീവിതത്തിലും അഭിനയിക്കുന്ന തനിക്ക് ഒരിക്കലും കഴിയില്ല. തന്റെ നാക്കും വാക്കും, നടപ്പും എടുപ്പും താന്‍ ശരിക്കും എന്തായിരുന്നു എന്ന് ഇനിയങ്ങോട്ടെപ്പോഴും മലയാളിക്ക് മുന്നില്‍ തന്നെ കൂടുതല്‍ക്കൂടുതല്‍ വെളിപ്പെടുത്തിക്കൊണ്ടേയിരിക്കും.
കാരണം, ഇനി അഞ്ച് വര്‍ഷം താന്‍ ജനാധിപത്യ ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധി ആണ്. പൗരന്‍ എന്ന വാക്കിന്റെ അര്‍ത്ഥം എന്തെന്ന് തന്നെ ജനം പഠിപ്പിച്ചിട്ടേ വിടൂ.
Just remember that, you **!
( ആ 4 ** നക്ഷത്രം അയാളുടെ പേരിലെ ഗോപി എന്ന നാലക്ഷരം മാത്രമായി വായിക്കാന്‍ പൗരന്‍മാരോട് താഴ്മയായി അപേക്ഷിക്കുന്നു.)

By admin

Leave a Reply

Your email address will not be published. Required fields are marked *