അയാള്‍ ചെയ്തതും ശരിയല്ല, നിങ്ങളതിനെക്കുറിച്ച് ചോദിച്ചതും ശരിയല്ല, മാധ്യമപ്രവര്‍ത്തകനോട് ദേഷ്യപ്പെട്ട് രോഹിത്

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ഇന്ത്യ-അയര്‍ലന്‍ഡ് മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകനോട് ദേഷ്യപ്പെട്ട് ഇന്ത്യൻ നായകന്‍ രോഹിത് ശര്‍മ. ലോകകപ്പിലെ ഇന്ത്യ-ബംഗ്ദാദേശ് സന്നാഹ മത്സരത്തിനിടെ ഗ്രൗണ്ടിലേക്ക് ആരാധകൻ ഓടിയിറങ്ങിയതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യമാണ് രോഹിത്തിനെ ചൊടിപ്പിച്ചത്.

ആരാധകര്‍ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയതിനെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ അയാളെ കൈകാര്യം ചെയ്തതിനെയും എങ്ങനെ കാണുന്നു എന്നായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ രോഹിത്തിനോട് ചോദിച്ചത്. ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകന്‍ഡ ചെയ്തതും വാര്‍ത്താ സമ്മേളനത്തില്‍ ഈ ചോദ്യം ചെയ്തതും ഒരുപോലെ ശരിയല്ലെന്നായിരുന്നു രോഹിത്തിന്‍റെ മറുപടി. ഗ്രൗണ്ടിലേക്ക് ആരും ഓടിയിറങ്ങരുത് എന്നാണ് എനിക്കാദ്യം പറയാനുള്ളത്. അത് ശരിയല്ല, അതുപോലെ ഈ ചോദ്യവും. കാരണം, ഇത്തരം കാണികള്‍ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങുന്നതുപോലുള്ള കാര്യങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല-രോഹിത് പറഞ്ഞു.

കോലിയും രോഹിത്തും ഓപ്പൺ ചെയ്യും, ജയ്‌സ്വാളും സഞ്ജുവും പുറത്താകും; അയർലന്‍ഡിനെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവൻ

കളിക്കാരുടെ സുരക്ഷ വളരെ പ്രധാനമാണെന്നും അതുപോലെ തന്നെ പുറത്തുള്ളവരുടെ സുരക്ഷയും പ്രധാനമാണെന്നും രോഹിത് വ്യക്തമാക്കി.ഞങ്ങള്‍ ക്രിക്കറ്റ് കളിക്കാനാണ് ഗ്രൗണ്ടിലിറങ്ങുന്നത്. കാണികള്‍ അത് കാണാനായാണ് ഗ്യാലറിയില്‍ എത്തുന്നത്. പക്ഷെ അതിനിടയില്‍ ചില നിയമങ്ങളും മര്യാദകളുമുണ്ട്. അത് അനുസരിക്കുക എന്നത് എല്ലാവരും ചെയ്യേണ്ടതാണ്. അതിലപ്പുറം എനിക്കെന്താണ് ചെയ്യാനും പറയാനും കഴിയുക. ഇന്ത്യയിലെ നിയമങ്ങളും ഇവിടുത്തെ നിയമങ്ങളും ചിലപ്പോള്‍ വ്യത്യസ്തമായിരിക്കാം. പക്ഷെ മനോഹരമായൊരു സ്റ്റേഡിയം അവര്‍ നിര്‍മിച്ചിട്ടുണ്ട്. അവിടെയിരുന്ന് കളികാണാനുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്. അപ്പോള്‍ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങേണ്ട കാര്യമില്ല.

ജയത്തോടെ തുടങ്ങാൻ ടീം ഇന്ത്യ,ഞെട്ടിക്കാനൊരുങ്ങി അയര്‍ലന്‍ഡ്; മത്സരം സൗജന്യമായി കാണാനുള്ള വഴികള്‍; ഇന്ത്യൻ സമയം

ഇത് കളിക്കാരുടെ ശ്രദ്ധമാറ്റുന്ന കാര്യമാണോ എന്ന് മാധ്യമപ്രവര്‍ത്തകന്‍ വീണ്ടും ചോദിച്ചപ്പോള്‍ ശ്രദ്ധയൊന്നും മാറില്ലെന്നും ഗ്രൗണ്ടിലേക്ക് ആരാണ് ഓടിയിറങ്ങുന്നത് എന്നൊന്നും നോക്കിയിരിക്കുകയല്ലല്ലോ ഞങ്ങളെന്നും രോഹിത് മറുപടി നല്‍കി. ഞങ്ങളുടെ മനസില്‍ അപ്പോള്‍ മറ്റു പല ചിന്തകളുമായിരിക്കും. മത്സരം എങ്ങനെ ജയിക്കാമെന്നും എങ്ങനെ റണ്ണടിക്കാമെന്നും വിക്കറ്റെടുക്കാമെന്നും മറ്റും-രോഹിത് പറഞ്ഞു. ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിനിടെ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി രോഹിത് ശര്‍മയെ കെട്ടിപ്പിടിച്ച ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി നിലത്ത് വീഴ്ത്തി വിലങ്ങ് വെച്ചാണ് ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ടുപോയത്. അയാളെ മര്‍ദ്ദിക്കരുതെന്ന് രോഹിത് സുരക്ഷാ ഉദ്യോഗസ്ഥരോട് പറയുന്നത് കാണാമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin