ന്യൂയോർക്ക് :രണ്ടു വർഷത്തിനിടയിൽ ബൈഡൻ ഭരണകൂടം 350,000 കുടിയേറ്റക്കാർക്കു ‘പൊതുമാപ്പ്’ നൽകിയെന്നു റിപ്പോർട്ട്. അതിർത്തിയിൽ കർശനമായി നിയമം നടപ്പാക്കുന്നു എന്ന ധാരണ ഉണ്ടാവുന്നതിനിടയിലാണ് ‘ന്യൂ യോർക് പോസ്റ്റ്’ ഈ കണക്കുകൾ പുറത്തു വിടുന്നത്.
അഭയം തേടി സമർപ്പിച്ച 350,000 അപേക്ഷകൾ 2022നു ശേഷം ഗവൺമെന്റ് ‘അവസാനിപ്പിച്ചു ‘ എന്നാണ് പത്രം പറയുന്നത്. അപേക്ഷകർക്ക് ക്രിമിനൽ റെക്കോർഡ് ഇല്ല എന്നും അവർ രാജ്യത്തിന് മറ്റു തരത്തിലും ഭീഷണിയല്ല എന്നും വിലയിരുത്തിയാണ് അങ്ങിനെ ചെയ്തത്.
ഫലത്തിൽ അവർക്കു അഭയം നൽകിയിട്ടില്ല, നിഷേധിച്ചിട്ടുമില്ല. അവരുടെ അപേക്ഷകൾ സംബന്ധിച്ച് തീരുമാനം എടുക്കാതെയാണ് ഫയലുകൾ അടച്ചത്. എന്നാൽ അവർ നിയമസംവിധാനത്തിനു പുറത്തായി. ചുരുക്കം പറഞ്ഞാൽ അവർ ഇനി അധികൃതരെ കാണേണ്ട ആവശ്യമില്ല. അതായത്, നാട് കടത്തുമെന്ന ഭയം കൂടാതെ അവർക്കു യുഎസിൽ സ്വതന്ത്രരായി കഴിഞ്ഞു കൂടാം. സെന്റർ ഫോർ ഇമിഗ്രെഷൻ സ്റ്റഡീസിൽ പ്രവർത്തിക്കുന്ന മുൻ ഇമിഗ്രെഷൻ ജഡ്‌ജ് ആൻഡ്രൂ ആർതർ പത്രത്തോട് പറഞ്ഞു: “പ്രോസിക്യൂഷന്റെ ഔചിത്യം എന്ന പേരിൽ വിശാലമായ പൊതുമാപ്പ് നൽകി എന്നതാണ് കാണേണ്ടത്. യുഎസിൽ ജീവിക്കാൻ അനുമതി ഇല്ലാത്തവരെ അനിശ്ചിത കാലത്തേക്കു ജീവിക്കാൻ അനുവദിക്കയാണ് ചെയ്യുന്നത്.” ഡൊണാൾഡ് ട്രംപ് ഭരിക്കുന്ന കാലത്തു 2020ൽ യുഎസ് ഇമിഗ്രെഷൻ ജഡ്‌ജുമാർ 48,000 കുടിയേറ്റക്കാരെ പുറത്താക്കിയിരുന്നു. അഭയം ലഭിച്ചവർ 20,000 പേരിൽ താഴെ ആയിരുന്നു. 4,700 പേരെ കേസുകൾ അവസാനിപ്പിച്ച് യുഎസിൽ തുടരാൻ അനുവദിച്ചു.
2022ൽ ബൈഡൻ ഭരണകൂടം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാവാത്ത കുടിയേറ്റക്കാരെ തുടരാൻ അനുവദിച്ചു. ഇമ്മിഗ്രെഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് പ്രിൻസിപ്പൽ ലീഗൽ അഡ്വൈസർ കെറി ഡോയൽ ഒപ്പു വച്ച മെമ്മോയിലാണ് ഈ നിർദേശമെന്നു ‘പോസ്റ്റ്’ പറയുന്നു. ആ വർഷം 36,000 പേരെ പുറത്താക്കി, 32,000 പേർക്ക് അഭയം നൽകി. അതേ സമയം 102,550 പേരുടെ കേസുകൾ അവസാനിപ്പിച്ചു രാജ്യത്തു തുടരാൻ അനുവദിച്ചു. 2014നെ അപേക്ഷിച്ചു പത്തിരട്ടി. 2023ൽ അങ്ങിനെ അനുമതി ലഭിച്ച 149,000 പേരുണ്ട്. ഈ വർഷം സെപ്റ്റംബർ 30നു അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ ഇതുവരെ 114,000 ആയിട്ടുണ്ട്. കുടിയേറ്റ അപേക്ഷകൾ 3.5 മില്യൺ നിലവിലിരിക്കെ വർഷം തോറും 100,000 കേസുകൾ അവസാനിപ്പിക്കുന്നത് ഭരണകൂടത്തിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുമെന്നു ‘ചില വൃത്തങ്ങളെ’ ഉദ്ധരിച്ചു ‘പോസ്റ്റ്’ പറഞ്ഞു. എന്നാൽ അങ്ങിനെ കേസ് അവസാനിച്ചാൽ തിരിച്ചയക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ അവർ നേരിടുന്നില്ല. കേസുകൾ തള്ളിക്കളഞ്ഞാൽ കുടിയേറ്റക്കാർക്ക് ജോലിക്കുള്ള അനുമതിയോ ആനുകൂല്യങ്ങളോ കിട്ടില്ല. എന്നാൽ അവർക്കു വീണ്ടും അപേക്ഷിക്കാം. കുടുംബ വിസ ഉൾപ്പെടെയുള്ള മെച്ചങ്ങൾ ലഭിക്കാം. അതിർത്തി കടന്നു ദിവസേന 4,000 പേരിലധികം വന്നാൽ അതിർത്തി അടയ്ക്കാൻ ബൈഡൻ ഭരണകൂടം നിർദേശം മേയിൽ നൽകി. അഭയ അപേക്ഷകൾ 180 ദിവസത്തിനകം തീർപ്പാക്കുകയും വേണം.