തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഇന്ന്. സംസ്ഥാനത്തെ വിവിധ വോട്ടെണ്ണൽ കേന്ദ്ര പരിസരങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൊല്ലം, കോഴിക്കോട്, വയനാട് എന്നീ മൂന്ന് ജില്ലകളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
കൊല്ലം ജില്ലയില്‍ വോട്ടെണ്ണല്‍ നടക്കുന്ന തങ്കശ്ശേരി സെന്റ് അലോഷ്യസ് സ്‌കൂള്‍ പരിസരത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുപ്രകാരം അഞ്ചുപേരിൽ അധികം ആളുകൾ കൂട്ടം കൂടാൻ പാടുള്ളതല്ല. രാവിലെ അഞ്ച് മണി മുതൽ വൈകീട്ട് അഞ്ചുമണിവരെയാണ് നിരോധനാജ്ഞ. അടിയന്തര വൈദ്യ സഹായം, നിയമപാലനം, അഗ്‌നി സുരക്ഷ, സര്‍ക്കാര്‍ പ്രവര്‍ത്തികള്‍ എന്നിവയ്ക്ക് അനുമതി ഉണ്ടെന്നും കളക്ടര്‍ അറിയിച്ചു.
കോഴിക്കോട്, വടകര ലോക്‌സഭ മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ നടക്കുന്ന വെള്ളിമാടുകുന്ന് ജെഡിടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് പരിസരത്ത് കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് കോര്‍പ്പറേഷന്‍ 11, 15 വാര്‍ഡുകളുടെ പരിധിയിലാണ് നിരോധനാജ്ഞ. ബുധനാഴ്ച രാവിലെ 10 മണി വരെ നിരോധനാജ്ഞ തുടരുമെന്നാണ് കളക്ടര്‍ അറിയിച്ചിരിക്കുന്നത്. 
വയനാട് ലോകസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തിരുവമ്പാടിയിലെ വോട്ടെണ്ണുന്ന താമരശ്ശേരി കോരങ്ങാട് സെന്റ് അല്‍ഫോന്‍സ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിൻ്റെ 100 മീറ്റർ ചുറ്റളവിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. വയനാട്ടിൽ വോട്ടെണ്ണൽ കേന്ദ്രമായ മുട്ടിൽ ഡബ്ല്യുഎംഒ കോളേജിന് ചുറ്റും ഒരു കിലോമീറ്റർ പരിധിയിൽ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കലക്ടർ ഡോ. രേണു രാജ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഉത്തരവിറക്കിയിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *