തിരുവനന്തപുരം: തൃശൂര്‍ മണ്ഡലത്തില്‍ വിജയം ഉറപ്പിച്ച എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ സന്ദര്‍ശിച്ച് പ്രകാശ് ജാവദേക്കര്‍. ലീഡ് നില അര ലക്ഷത്തിലേറെ കടന്നതോടെയാണ് കേരളത്തിന്റെ സംഘടനാ ചുമതലയുള്ള നേതാവ് കൂടിയായ പ്രകാശ് ജാവദേക്കര്‍ സുരേഷ് ഗോപിയെ നേരിട്ട് ഭിനന്ദനം അറിയിച്ചത്.
തിരുവനന്തപുരം ശാസ്തമംഗലത്തെ വസതിയിലായിരുന്നു സുരേഷ് ഗോപി. കേരളത്തില്‍ ബി.ജെ.പി. ചരിത്രം രചിച്ചിരിക്കുകയാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി കേരള രാഷ്ട്രീയം മാറ്റി മറിച്ചു. കേരളത്തിലെ ബി.ജെ.പി. പ്രവര്‍ത്തകര്‍ ഏറെ ത്യാഗങ്ങള്‍ സഹിച്ചതിന് ലഭിച്ച അംഗീകാരമാണിത്.
തൃശൂരും തിരുവനന്തപുരവും രണ്ട് എം.പിമാരുടെ വിജയം കേരളത്തില്‍ ഉറപ്പിച്ചു. അന്തിമഫലത്തിന് ശേഷം പാര്‍ട്ടി ഇത് ആഘോഷിക്കും. കേരളത്തിലെ പ്രവര്‍ത്തകര്‍ക്ക് ഏറെ സന്തോഷം തരുന്ന വാര്‍ത്തയാണ്. എല്‍.ഡി.എഫും യു.ഡി.എഫും ജനങ്ങളോട് വേര്‍തിരിവ് കാണിച്ചു. നരേന്ദ്ര മോദി അങ്ങനെ കാണിച്ചില്ലെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.