കോട്ടയം: ലോകസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും ഒരു സീറ്റിൽ ഒതുങ്ങിയത് സംസ്ഥാനത്തെ ഇടത് മുന്നണിക്കും സി.പി.എമ്മിനും വൻ തിരിച്ചടിയായി. കഴിഞ്ഞ തവണത്തേതിൽ ഒരുസീറ്റ് പോലും വർദ്ധിപ്പിക്കാനായില്ലെന്ന് മാത്രമല്ല, സംസ്ഥാനത്ത് ബി.ജെ.പി അക്കൌണ്ട് തുറന്നതും സി.പി.എമ്മിനും എൽ.ഡി.എഫ് നേതൃത്വത്തിനും കനത്ത ആഘാതമായി.
ആലത്തൂർ ഒഴികെ എല്ലാ മണ്ഡലങ്ങളിലും അടിതെറ്റിയ തോൽവിക്ക് ഉത്തരവാദിയാര് എന്നതാണ് നേതൃത്വത്തിന് നേരെ ഉയരുന്ന ചോദ്യം. ആ ചോദ്യത്തിന് കൃത്യമായ ഉത്തരം കണ്ടെത്തി തിരുത്തൽ നടപടികൾ സ്വീകരിച്ചാലേ ഇപ്പോഴത്തെ തിരിച്ചടി മറികടന്ന് മുന്നോട്ടുപോകാനാവൂ. എന്നാൽ തൃശൂരിലെ ബി.ജെ.പി വിജയത്തിൽ കോൺഗ്രസിനെ പഴിച്ചും ജനകീയ അടിത്തറ തകർന്നിട്ടില്ലെന്ന പഴയ പല്ലവി ആവർത്തിച്ചും മുന്നോട്ടുപോയാൽ സ്ഥിതി കൂടുതൽ ഗുരുതരമാകും.
കണ്ടെത്തുന്നിടത്തു നിന്നേ മുന്നണിക്ക് കരകയറാനാവൂ. സി.പി.എമ്മിൻെറയും എൽ.ഡി.എഫിൻെറയും ശക്തികേന്ദ്രമെന്ന് കരുതിപ്പോരുന്ന ജില്ലകളിലും മണ്ഡലങ്ങളിലും ഇടത് മുന്നണിക്ക് അടിതെറ്റി. ഒരിക്കലും കുലുങ്ങില്ലെന്ന് കരുതിപ്പോരുന്ന മുഖ്യമന്ത്രിയുടെയും സംസ്ഥാന സെക്രട്ടറിയുടെയും മുന്നണി കൺവീനറുടെയും ജില്ലയായ കണ്ണൂരിലെ പാർട്ടിയുടെ പൊന്നാപുരം കോട്ടവരെ ഇളകി. എം.വി.ജയരാജൻ എന്ന ജില്ലാ സെക്രട്ടറി കെ.സുധാകരനോട് നാണം കെട്ട തോൽവിയാണ് ഏറ്റുവാങ്ങിയത്.
സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രതിനിധീകരിക്കുന്ന തളിപ്പറമ്പ മണ്ഡലത്തിലും കെ. സുധാകരനാണ് ലീഡ്. ഭരണത്തിലും പാർട്ടിയിലും ചോദ്യം ചെയ്യപ്പെടാത്ത നേതാവായി തുടരുന്ന മുഖ്യമന്ത്രി പിണറായി വിജയൻെറ ധർമ്മടത്ത് പോലും ഇടയ്ക്ക് ലീഡ് ചെയ്ത് സുധാകരൻ പാർട്ടി നേതൃത്വത്തിന് ആധിയേറ്റി. ഇത്തരത്തിൽ പാർട്ടിയുടെ ശക്തിദുർഗങ്ങളിൽ എല്ലാം വൻതോതിലുളള വോട്ടുമാറ്റം സംഭവിച്ചു. അടിസ്ഥാന വോട്ടുകൾ കുലുങ്ങില്ല, പാർട്ടി വോട്ട് ചോരില്ല എന്നൊക്കെയുളള വിശ്വാസം അന്ധവിശ്വാസം പോലെയാണെന്ന് തെളിയിക്കുന്നതാണ് ഇത്തവണത്തെ ഫലം.
സംസ്ഥാനമാകെ ഉണ്ടായ തിരിച്ചടിയെന്ന് ആശ്വാസം കൊണ്ട് എന്തെങ്കിലും ഒരു ന്യായീകരണം ചമയ്ക്കാൻ ശ്രമിക്കുന്നത് ഉചിതമാകില്ല. പകരം ഈ ശക്തി കേന്ദ്രങ്ങളിൽ എന്ത് സംഭവിച്ചു എന്ന് മനസിലാക്കി അതിനെ സാമന്യവൽക്കരിച്ചാൽ എന്താണ് തോൽവിയുടെ കാരണമെന്ന് കൃത്യമായി ബോധ്യപ്പെടും. അങ്ങനെ വെളിപ്പെടുന്ന കാരണങ്ങൾ ഈ തോൽവിക്ക് ഒരു ഉത്തരവാദിയെ കണ്ടെത്തേണ്ടതിലേക്ക് വിരൽ ചൂണ്ടും. ഭരണവിരുദ്ധ വികാരത്തിൻെറ അടിസ്ഥാനത്തിൽ എല്ലാ വിഭാഗം ജനങ്ങളും പാർട്ടി അണികളും വോട്ടുകുത്തിയ ഈ തിരഞ്ഞെടുപ്പ് ഫലത്തിൻെറ ഉത്തരവാദിയാരേ ഭരണമോ അതോ പാർട്ടിയോ എന്നതാണ് നേതൃത്വത്തിന് നേരെ ഉയരുന്ന ചോദ്യം.
കേരളത്തിലെ ഭരണത്തെയും പാർട്ടിയേയും എല്ലാ അർത്ഥത്തിവും നയിക്കുന്ന ഒരാൾ തന്നെ. അത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ. അതുകൊണ്ടുതന്നെ അദ്ദേഹത്തിൻെറ അപ്രമാദിത്വവും താൻപോരിമയും കുടുംബത്തിന് എതിരെ അടിക്കടി ഉയരുന്ന ആരോപണങ്ങളും എല്ലാം സ്വാഭാവികമായും ചെയ്യപ്പെടും. എന്നാൽ കേരളത്തിലെ പാർട്ടിയിലെ അവസാനവാക്കും സർവശക്തനുമായി പിണറായിക്ക് നേരെ വിമർശനം ഉന്നയിക്കാനും വിമർശനം നടത്താനും തിരുത്തൽ ആവശ്യപ്പെടാനും ആര് ധൈര്യപ്പെടും എന്നതാണ് നിർണായകമായ ചോദ്യം.
സർക്കാരും ഭരണവും വഴിതെറ്റി സഞ്ചരിച്ചിട്ടും ബാർകോഴ അടക്കമുളള ഗുരുതരമായ ആരോപണങ്ങൾ ഉയർന്ന് വന്നിട്ടും പാർട്ടിയുടെ നേതൃത്വത്തിൽ നിന്ന് മുഖ്യമന്ത്രിക്ക് നേരെ ഒരു ചോദ്യവും ഉയർന്നില്ല. ഇപ്പോൾ ആപൽ സന്ദേശങ്ങൾ അടങ്ങിയ തിരഞ്ഞെടുപ്പ് ഫലം വന്ന സാഹചര്യത്തിൽ സംസ്ഥാന സെക്രട്ടേറിയേറ്റിലും സംസ്ഥാനകമ്മിറ്റിയിലുമുളള ആരെങ്കിലും തിരുത്തൽ ആവശ്യപ്പെടാൻ ധൈര്യപ്പെട്ടില്ലെങ്കിൽ ആയിരങ്ങൾ ജീവിതം ഹോമിച്ച് കെട്ടിപ്പെടുത്ത പാർട്ടി നാശത്തിൻെറ വഴിയിലേക്ക് പ്രവേശിക്കുന്നതിന് മൂക സാക്ഷിയാകേണ്ടി വരും. എന്നാൽ പാർട്ടിയുടെ താഴെതട്ടിലുളളവർ ആഗ്രഹിച്ച ജനവിധിയാണ് ഇപ്പോൾ വന്നിരിക്കുന്നത്. കാരണം പാർട്ടിയുടെയും സർക്കാരിൻെറയും പോക്കിൽ വിമർശനങ്ങൾ ഉളള അവർ, തിരുത്തലിന് ഉതുകുന്ന ഒരവസരം കാത്തിരിക്കുകയായിരുന്നു.
പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ടും ബംഗാളിലേയും ത്രിപുരയിലേയും അനുഭവങ്ങൾ മനസിലാക്കിയും നേതൃത്വം തിരുത്തുമെന്ന പ്രത്യാശയിലാണ് സാധാരണ പ്രവർത്തകർ. ഈ വികാരം പേറുന്ന നിരവധി പേർ യു.ഡി.എഫിന് അനകൂലമായി വോട്ട് ചെയ്തിട്ടുണ്ടെന്ന് നേതാക്കൾ തന്നെ സമ്മതിക്കുന്നു.
20 സീറ്റിൽ ആലത്തൂരിൽ മാത്രമാണ് ഇടത് മുന്നണിക്ക് ജയിക്കാനായത്. അവിടെ വിജയിച്ചത് മന്ത്രിയും സി.പി.എം കേന്ദ്രകമ്മിറ്റി അംഗമായ കെ.രാധാകൃഷ്ണനാണ്. ശക്തമായ യു.ഡി.എഫ് തരംഗത്തിലും രാധാകൃഷ്ണൻെറ വ്യക്തി പ്രഭാവമാണ് ആലത്തൂരിൽ വിജയം നേടാൻ സഹായകമായത്. തലക്കനമോ ധാർഷ്ട്യമോ അഴിമിതിയോ ഇല്ലാത്ത, ലാളിത്യം ശൈലിയാക്കിയ രാധാകൃഷ്ണനും പാർട്ടിയിലെ മറ്റ് നേതാക്കളും തമ്മിലുളള പ്രകടമായ വ്യത്യാസം ഈ ജയത്തിൽ നിർണായക ഘടകമായി പ്രവർത്തിച്ചിട്ടുണ്ട്. ആ വ്യത്യാസം മനസിലാക്കിയാൽ തന്നെ ജനങ്ങൾ ആഗ്രഹിക്കുന്ന പ്രവർത്തന രീതിയും ശൈലിയും എന്താണെന്നും എവിടെയൊക്കെയാണ് തിരുത്തലും കൂട്ടിചേർക്കലും വേണ്ടതെന്നും വ്യക്തമാകും. 
 2019ലേത് പോലെ 19 സീറ്റിലും നാണംകെട്ട തോൽവി ഏറ്റുവാങ്ങിയത് മാത്രമല്ല,ഈ തിരഞ്ഞെടുപ്പ് ഫലം എൽ.ഡി.എഫിന് പ്രതിസന്ധിയുണ്ടാക്കുന്നത്. സംസ്ഥാനത്തെ ഭൂരിപക്ഷം മണ്ഡലങ്ങളിലും ബി.ജെ.പി വോട്ട് ശതമാനം കുത്തനെ ഉയർത്തിയതും വലിയ വിപൽ സന്ദേശമാണ്. തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, ആലപ്പുഴ എന്നിങ്ങനെയുളള സീറ്റുകളിൽ വോട്ടുവിഹിതം 28 ശതമാനത്തിനും മേലെയാണ്.
തിരുവനന്തപുരത്തും തൃശൂരിലും എല്ലാം വൻകുതിപ്പാണ് ബിജെപിയുടെ വോട്ട് വിഹിതത്തിൽ സംഭവിച്ചിരിക്കുന്നത്.ബി.ജെ.പി മൂന്നാമതായി പോയ ആലുപ്പുഴയിൽ പോലും കഴിഞ്ഞ തവണ നേടിയതിനേക്കാൾ ഒരുലക്ഷത്തിലേറെ വോട്ടുകളാണ് ബി.ജെ.പി നേടിയത്. ആലപ്പുഴയിലെ ബി.ജെ.പിയുടെ വോട്ട് നേട്ടം 299648 ആണ്.മൂന്നാം സ്ഥാനത്ത് എത്തിയ മണ്ഡലത്തിലാണ് വോട്ടുനില ഇത്രകണ്ട് ഉയർന്നത് എന്നത് ശ്രദ്ധേയമാണ്.
സി.പി.എമ്മിൻെറയും ഇടതുപക്ഷത്തിൻെറയും സ്ഥിരം വോട്ട് ബാങ്കെന്ന് കരുതിപോന്നിരുന്ന സമുദായങ്ങളിൽ നിന്നും ബി.ജെ.പിയിലേക്ക് വൻതോതിൽ വോട്ട് ചോർന്നിട്ടുണ്ട്. ഈ പ്രവണത പല ചില ലോകസഭാ മണ്ഡലങ്ങളിലും ചില നിയമസഭാ മണ്ഡലങ്ങളിലും ബി.ജെ.പിക്ക് പിന്നിൽ മൂന്നാം സ്ഥാനത്തേക്ക് തളളപ്പെടാൻ ഇടയാക്കി. അതിനും ആലപ്പുഴ മണ്ഡലത്തിലെ ഫലമാണ് നല്ല ഉദാഹരണം.ഈഴവ സമുദായത്തിന് ഹരിപ്പാട്, കായംകുളം മണ്ഡലങ്ങളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം.ആരിഫ് മൂന്നാംസ്ഥാനത്താണ്. രണ്ടിടത്തും ഇടതുപക്ഷത്തിന് നല്ല സ്വാധീനമുളളതാണ്.
തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് തിരുത്തിയില്ലെങ്കിൽ സി.പി.എമ്മിനെയും ഇടത് മുന്നണിയേയും കാത്തിരിക്കുന്നത് വലിയ അപകടങ്ങളാണ്. എന്നാൽ 2019ലെ തിരിച്ചടി മനസിലാക്കി തിരുത്തിക്കൊണ്ട് തദ്ദേശഭരണ തിരഞ്ഞെടുപ്പിലും നിയമ സഭാ തിരഞ്ഞെടുപ്പിലും കൂറ്റൻ ജയം നേടിയ അനുഭവം കേരളത്തിൽ തന്നെയുണ്ട്. ആ ആത്മവിശ്വാസം ,സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റിൻെറ പ്രസ്താവനയിലും കാണാം.
”കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണങ്ങള്‍ പരിശോധിച്ച്‌ തിരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ ഭാഗമായാണ്‌ തുടര്‍ന്ന്‌ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടാന്‍ എല്‍.ഡി.എഫിന്‌ സാധിച്ചത്‌. അതിനുശേഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പിലാവട്ടെ കേരളത്തിന്റെ തെരഞ്ഞെടുപ്പ്‌ ചരിത്രത്തില്‍ ആദ്യമായി എല്‍.ഡി.എഫിന്‌ തുടര്‍ഭരണം ലഭിക്കുന്ന സ്ഥിതിയുമുണ്ടായി” സെക്രട്ടേറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
വര്‍ഗ്ഗീയ ശക്തികളുടെ വളര്‍ച്ചയ്‌ക്കെതിരായി ആശയപരവും, സംഘടനാപരവും, പ്രത്യയശാസ്‌ത്രപരവുമായ ഇടപെടലുണ്ടാവേണ്ടതിന്റെ പ്രധാന്യം ഈ തെരഞ്ഞെടുപ്പ്‌ ഉയര്‍ത്തുന്നുണ്ട്‌. തിരഞ്ഞെടുപ്പ്‌ വിധിയെ ശരിയായ അര്‍ത്ഥത്തില്‍ പരിശോധിച്ച്‌ തിരുത്തേണ്ടവ തിരുത്തി മുന്നോട്ടുപോകും. ജനങ്ങള്‍ക്കൊപ്പം കൂടുതല്‍ ചേര്‍ന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു

By admin

Leave a Reply

Your email address will not be published. Required fields are marked *