കൊച്ചി: രണ്ടരലക്ഷത്തോളം വോട്ടിന്റെ കൂറ്റൻ ഭൂരിപക്ഷത്തിൽ കേരളത്തിന്റെ ഏക മെട്രോ നഗരമായ എറണാകുളം പിടിച്ചടക്കി റെക്കോർഡിട്ട് ഹൈബി ഈഡൻ. അട്ടിമറി ലക്ഷ്യമിട്ട് പുതുമുഖമായ കെ.ജെ.ഷൈനെയാണ് ഇടതുമുന്നണി രംഗത്തിറക്കിയത്. പക്ഷേ ആ പരീക്ഷണം പാളി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ രണ്ടരലക്ഷത്തിലേറെ വോട്ടുപിടിച്ച് തരംഗമായി മാറിയ ഡോ.കെ.എസ്. രാധാകൃഷ്ണനും ബി.ജെ.പിക്കായി തിളങ്ങാനായില്ല. അവസാന ഘട്ടമെത്താനിരിക്കെ, 1,40,286 വോട്ടുകളാണ് അദ്ദേഹത്തിന് പിടിക്കാനായത്. 
അഭിപ്രായ സർവേകളിലെല്ലാം ഹൈബി വീണ്ടും ജയിച്ചുകയറുമെന്നായിരുന്നു പ്രവചനം. അത് ശരിവയ്ക്കുന്നതാണ് വോട്ടെണ്ണൽ ഫലം. കളമശേരി, പറവൂർ, വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങൾ ചേർന്നതാണ് എറണാകുളം ലോക്‌സഭാ മണ്ഡലം.
പറവൂരും തൃക്കാക്കരയും കോൺഗ്രസിന്റെ കോട്ടയാണ്. വൈപ്പിനും കൊച്ചിയും ഇടതിന്റെ ചെങ്കോട്ടയാണ്. കളമശേരി ഇക്കുറി ഇടത്തേക്കെത്തി. എറണാകുളവും തൃപ്പൂണിത്തുറയും മാറിമറിഞ്ഞ് നിൽക്കുന്നവയും. പക്ഷേ എല്ലായിടത്തും ഹൈബി കൂറ്റൻ ലീഡ് നേടിയെന്നാണ് വോട്ടെണ്ണൽ ഫലം തെളിയിക്കുന്നത്.

17 ലോകസഭാ തിരഞ്ഞെടുപ്പുകളിൽ 13ലും എറണാകുളം യു.ഡി.എഫിനൊപ്പമായിരുന്നു. കോൺഗ്രസ് വിരുദ്ധ വികാരം ആഞ്ഞടിച്ചപ്പോഴും സ്ഥാനാർത്ഥിയുടെ പോരായ്മ കൊണ്ടുമല്ലാതെ എറണാകുളത്തുകാർ കോൺഗ്രസിനെ കൈ വിട്ടിട്ടില്ല. രണ്ട് ഉപതിരഞ്ഞെടുപ്പുകളിൽ മാറി ചിന്തിക്കാൻ എറണാകുളത്തുകാർ തയാറായപ്പോൾ രണ്ടു തവണയും ഒപ്പം 2004ലും സെബാസ്റ്റ്യൻ പോൾ വിജയിയായി. നിയമസഭാ സാമാജികനായിരിക്കെ ലോക്സഭയിലേക്ക് പോരാടിക്കയറിയ ആളാണ് ഹൈബി ഈഡൻ.

കഴിഞ്ഞ തവണ 1,69,153 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷം നൽകിയാണ് ഹൈബി ഈഡനെ  ലോക്‌സഭയിലേക്ക് അയച്ചത്. നിലവിലെ മന്ത്രിയും സി.പി.എമ്മിന്റെ അനിഷേധ്യ നേതാവുമായിരുന്ന പി. രാജീവ് രാജ്യസഭയിലെ മികച്ച പ്രകടനത്തിന്റെ തിളക്കത്തിൽ നിൽക്കവേ പോരാട്ടത്തിനിറങ്ങിയിട്ടും അടിതെറ്റിയത് സി.പി.എം കേന്ദ്രങ്ങളെപ്പോലും ഞെട്ടിച്ചു.
ഇത്തവണ ഭൂരിപക്ഷത്തിൽ സ്വന്തം റെക്കോർഡ് ഹൈബി തിരുത്തിയെഴുതി. എറണാകുളത്ത് ബി.ജെ.പിയുടെ വോട്ട് വളർച്ചയും ഏറെ അൽഭുതപ്പെടുത്തുന്നതാണ്. എൽ.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികൾ തമ്മിലുള്ള വോട്ടുവ്യത്യാസം കേവലം അരലക്ഷത്തിന്റേതാണ്. എറണാകുളത്തുകാരനായ ഡോ.കെ.എസ് രാധാകൃഷ്ണൻ നല്ല രീതിയിൽ വോട്ടു പിടിച്ചെന്നാണ് ഇത് തെളിയിക്കുന്നത്.
ഹൈബിയുടെ പിതാവ് ജോർജ് ഈഡൻ മണ്ഡലത്തിന് രാഷ്ട്രീയത്തിനതീതമായ ജനപിന്തുണയുള്ള നേതാവായിരുന്നു. ഇതും സഭകളുടെ പിന്തുണയും ഹൈബിക്ക് തുണയായിട്ടുണ്ട്. എം.പി എന്ന നിലയിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞും മുതലാക്കിയ ഫണ്ടുകളുടെ കണക്കു പറഞ്ഞുമാണ് ഹൈബി ഇത്തവണയും വോട്ട് തേടിയത്.

എറണാകുളത്തെ കോൺഗ്രസിൽ ഭിന്നിപ്പുകളോ മറ്റ് പ്രശ്‌നങ്ങളോ ഇല്ലെന്നതും മുന്നണിക്ക് മുതൽക്കൂട്ടായി. കോവിഡ് പ്രളയ കാലങ്ങളിലെ ഇടപെടൽ, നിർദ്ധനരായവർക്കുള്ള സൗജന്യ ചികിത്സാ പദ്ധതി ഹൃദയത്തിൽ ഹൈബി, ഗിന്നസിലിടം നേടിയ മെൻസ്ട്രൽ കപ്പ് വിതരണം കപ്പ് ഒഫ് ലൈഫ്, 675 കോടി മുടക്കിൽ വരുന്ന നോർത്ത്- സൗത്ത് റെയിൽവേ സ്‌റ്റേഷൻ വികസനം, തോപ്പുംപടി ഫിഷിംഗ് ഹാർബർ, അമൃത് കുടിവെള്ള പദ്ധതി എന്നിവയൊക്കെയാണ് ഹൈബി പ്രചാരണ വിഷയമാക്കിയത്.

ശക്തമായ ലത്തീൻ കത്തോലിക്ക പിൻബലമുള്ള ഷൈനിലൂടെ ക്രിസ്ത്യൻ വോട്ടുകൾ കാര്യമായി സമാഹരിക്കാമെന്ന സി.പി.എമ്മിന്റെ കണക്കുകൂട്ടൽ ഹൈബിയുടെ ജനകീയതയ്ക്ക് മുന്നിൽ പാളിപ്പോയി.

By admin

Leave a Reply

Your email address will not be published. Required fields are marked *