മെക്സിക്കോ:മെക്സിക്കൻ റിപ്പബ്ലിക്കിന്റെ ചരിത്രത്തിൽ ആദ്യമായി വനിതാ പ്രസിഡന്റ്. ഭരണ മൊറേന പാർട്ടിയുടെ സ്ഥാനാർഥി ക്ലോഡിയ ഷീൻബോം പർഡോ (61) തകർപ്പൻ ഭൂരിപക്ഷത്തോടെ ജയിച്ചു കയറിയപ്പോൾ പാർട്ടി കോൺഗ്രസിന്റെ ഇരു സഭകളിലും സീറ്റുകൾ തൂത്തു വാരുകയും ചെയ്തു.
കാലാവസ്ഥാ ശാസ്ത്രജ്ഞയും മെക്സിക്കോ സിറ്റിയുടെ മുൻ മേയറുമായ ഷീൻബോം 60 ശതമാനത്തോളം വോട്ട് നേടി. മെക്സിക്കൻ ജനാധിപത്യ ചരിത്രത്തിൽ തന്നെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണിത്.
“ഇത് മെക്സിക്കോയിലെ ജനങ്ങളുടെ വിജയമാണ്,” ഷീൻബോം എക്‌സിൽ പറഞ്ഞു. “നന്ദി, നന്ദി.”യാഥാസ്ഥിതിക കക്ഷികളുടെ ഐക്യം നിർത്തിയ സിക്സൊച്ചിൽ ഗാല്വസ് എന്ന സ്ഥാനാർഥിയെ ആണ് അവർ തോല്പിച്ചത്. രാഷ്ട്രീയ ഗുരു കൂടിയായ പ്രസിഡന്റ് ആന്ദ്രേ മാനുവൽ ലോപസ് ഒബ്രഡോർ സ്ഥാനമൊഴിയുന്നതോടെ സെപ്റ്റംബറിൽ ഷീൻബോം അധികാരമേൽക്കും.
ലോകത്തെ രണ്ടാമത്തെ കത്തോലിക്കാ ജനസംഖ്യയുള്ള മെക്സിക്കോയിൽ പുരുഷാധിപത്യത്തിന്റെ സംസ്കാരമാണുള്ളത്. ആ നിലയ്ക്കു വനിതാ പ്രസിഡന്റിന്റെ വരവിനു പ്രാധാന്യമേറുന്നു. പാവങ്ങളുടെ പടത്തലവൻ ആയിരുന്ന ഒബ്രഡോർ പിന്തുടർന്നു വന്ന നയങ്ങൾ ഷീൻബോം തുടരുമെന്നാണ് പ്രതീക്ഷ.