മുംബൈ: ബി.ജെ.പിയുടെ ശക്തികേന്ദ്രമായ ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഇന്ത്യാ മുന്നണി മികച്ച പ്രകടനമാണ് നടത്തുന്നത്. കോണ്‍ഗ്രസും ശരദ് പവാറിന്റെ എന്‍സിപിയും ഉദ്ധവ് താക്കറെയുടെ ശിവസേനയും അടങ്ങുന്ന ഇന്ത്യന്‍ മുന്നണി മഹാരാഷ്ട്രയിലെ മഹായുതി സഖ്യത്തിന് മുന്നില്‍ കുതിക്കുകയാണ്.
ലീഡ് പ്രകാരം മഹായുതി സഖ്യം 18 സീറ്റുകളിലും ഇന്ത്യാ മുന്നണി 29 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ബി.ജെ.പി, അജിത് പവാറിന്റെ എന്‍.സി.പി, ഏക്നാഥ് ഷിന്‍ഡെയുടെ ശിവസേന എന്നിവ ഉള്‍പ്പെടുന്നതാണ് മഹായുതി സഖ്യം.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്രയില്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പിളര്‍പ്പ് ഉള്‍പ്പെടെ നിരവധി വഴിത്തിരിവുകള്‍ കണ്ടിരുന്നു. അജിത് പവാര്‍ തന്റെ അമ്മാവനും എന്‍സിപി നേതാവുമായ ശരദ് പവാറിന്റെ പാര്‍ട്ടിയില്‍ നിന്ന് വേര്‍പിരിഞ്ഞ് ഭരണകക്ഷിയായ ബിജെപി സര്‍ക്കാരില്‍ ലയിച്ചു.
മാത്രമല്ല, ഭാര്യ സുനേത്ര പവാറിനെ ബന്ധുവും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലെയ്ക്കെതിരെ ബാരാമതിയില്‍ മത്സരിപ്പിക്കുകയും ചെയ്തിരുന്നു.