മനസില്ലാതെ മത്സരിച്ചു, ഒടുവില്‍ കനലൊരു തരിയായി ജയം, മന്ത്രിസഭയിലും ചേലക്കരയിലും കെ രാധാകൃഷ്ണന് പകരം ആരെത്തും

ആലത്തൂര്‍: മന്ത്രിയായ കെ രാധാകൃഷ്ണനെ ആലത്തൂരില്‍ മത്സരത്തിനിറക്കുമ്പോള്‍ ഇടതുപക്ഷം വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിച്ചിരുന്നില്ല. താല്‍പര്യമില്ലാതെ മത്സരത്തിനിറങ്ങിയിട്ടും കേരളത്തിലെ കനല്‍ ഒരു തരിയായി ആലത്തൂരില്‍ തിളങ്ങുന്ന വിജയം സ്വന്തമാക്കി രാധാകൃഷ്ണന്‍ മുന്നണിയുടെ അഭിമാനം കാത്തപ്പോള്‍ ഉയരുന്ന ചോദ്യം ചേലക്കരയിലും മന്ത്രിസഭയിലും ഇനി കെ രാധാകൃഷ്ണന് പകരം ആരെത്തുമെന്നതാണ്.

നിയമസഭയില്‍ ചേലക്കരയെ പ്രതിനിധീകരിക്കുന്ന കെ രാധാകൃഷ്ണന്‍ എം പിയായി ജയിച്ചതോടെ എം എല്‍ എ സ്ഥാനം രാജിവേക്കേണ്ടിവരും. ഈ സാഹചര്യത്തില്‍ ചേലക്കരയില്‍ ആറു മാസത്തിനുള്ളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കും. ഈ തെരഞ്ഞെടുപ്പില്‍ ആരാകും സ്ഥാനാര്‍ത്ഥിയാകുക എന്ന ചോദ്യം പോലെ തന്നെ പ്രസക്തമാണ് പിണറായി വിജയന്‍ സര്‍ക്കാരില്‍ ദേവസ്വം മന്ത്രിയായ രാധാകൃഷ്ണന്‍റെ പകരക്കാരനായി ആരെത്തുമെന്നതും.

മകളുടെ കല്യാണം മുതൽ ലൂർദ്ദ് മാതാവിനുള്ള കിരീടം വരെ, തൃശൂരിൽ സുരേഷ് ഗോപിയെ ‘ശക്തനാ’ക്കിയ വാർത്തകളും വിവാദങ്ങളും

ഇ കെ നായനാര്‍ മന്ത്രിസഭയില്‍ മന്ത്രിയും വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ സ്പീക്കറുമായിരുന്ന രാധാകൃഷ്ണനെപ്പോലെ പരിണിതപ്രജ്ഞനായ നേതാവിന്‍റെ പകരക്കാരനെ കണ്ടെത്തുക എന്നതാകും സിപിഎമ്മിന് മുന്നിലെ വലിയ വെല്ലുവിളി. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ സംസ്ഥാന മന്ത്രിസഭ മുഖം മിനുക്കുമോ എന്നും ജനങ്ങള്‍ ഉറ്റുനോക്കുന്നു. ഉപതെരഞ്ഞെടുപ്പില്‍ ഇടതുകോട്ടയായ ചേലക്കരയില്‍ വിജയം നേടുക വലിയ ബുദ്ധിമുട്ടാവില്ലെങ്കിലും മന്ത്രിസഭയില്‍ രാധാകൃഷ്ണന് പകരക്കാരനെ കണ്ടെത്തുന്നത് അതുപോലെയാകില്ല.

ചേലക്കരക്ക് പുറമെ പാലക്കാട് എം എല്‍ എ ആയിരുന്ന ഷാഫി പറമ്പില്‍ വടകരയില്‍ നിന്ന് മത്സരിച്ച് ജയിച്ചതിനാല്‍ പാലക്കാട് നിയമസഭാ മണ്ഡലത്തിലും ആറ് മാസത്തിനുള്ളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കും. രണ്ട് ഉപതെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടക്കാനാണ് സാധ്യത. രാഹുല്‍ ഗാന്ധി വയനാട്ടിലും റായ്ബറേലിയിലും ജയിച്ചതിനാല്‍ വയനാട് മണ്ഡലം എം പി സ്ഥാനം രാജിവെക്കാന്‍ തീരുമാനിച്ചാല്‍ ആറ് മാസത്തിനുള്ളില്‍ വയനാട്ടില്‍ വീണ്ടുമൊരു പാര്‍ലമെന്‍റ് തെരഞ്ഞടുപ്പിനും സാഹചര്യമൊരുങ്ങും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin