ഓരോ തെരഞ്ഞെടുപ്പും കക്ഷി നേതാക്കള്‍ക്കു പരീക്ഷണമാണ്. കേരളത്തില്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ച്. കോണ്‍ഗ്രസിനും ഘടകകക്ഷികള്‍ക്കും കൂടി 18 സീറ്റ് നേടാനായത് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ വിജയം തന്നെയെന്നു പറഞ്ഞുവയ്ക്കുകയാണിവിടെ.
അത്രകണ്ട് ഐക്യമോ കെട്ടുറപ്പോ ഇല്ലാത്ത കോണ്‍ഗ്രസ് പാര്‍ട്ടിയെയാണ് കേരളത്തില്‍ വി.ഡി സതീശന്‍ തെരഞ്ഞെടുപ്പിനിറക്കിയത്. കൈയില്‍ അത്രയ്ക്കു പണവുമുണ്ടായിരുന്നില്ല. മുമ്പ് സാധാരണ ഹൈക്കമാന്‍റായിരുന്നു സ്ഥാനാര്‍ഥികളുടെ മിക്ക ചെലവും വഹിച്ചിരുന്നത്. ഇപ്രാവശ്യം ഇന്‍കം ടാക്സ് വിഭാഗം കോണ്‍ഗ്രസിന്‍റെ ഫണ്ടെല്ലാം മരവിപ്പിച്ചിരുന്നു. ആര്‍ക്കും കൈയില്‍ കാശില്ലാത്ത സ്ഥിതി. കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെ ലോക്സഭാ സ്ഥാനാര്‍ഥിയായി ഹൈക്കമാന്‍റ് കണ്ണൂരിലേയ്ക്കു പറഞ്ഞുവിടുകയും ചെയ്തു. സ്വാഭാവികമായും തെരഞ്ഞെടുപ്പു ചുമതലകളൊക്കെയും സതീശന്‍റെ ചുമലിലായി.
തെരഞ്ഞെടുപ്പു ഗോദായിലിറങ്ങുമ്പോള്‍ കോണ്‍ഗ്രസില്‍ നേതാക്കള്‍ തമ്മിലുള്ള പിണക്കങ്ങളും സംഘര്‍ഷങ്ങളും പതിവായിരുന്നു. പ്രസിഡന്‍റും പ്രതിപക്ഷ നേതാവും തമ്മിലുള്ള ബന്ധവും അത്ര സുഖകരമായിരുന്നില്ല.
കോണ്‍ഗ്രസ് സംഘടന അങ്ങേയറ്റം ദുര്‍ബലമായിരുന്നു. പുന:സംഘടന എങ്ങുമെത്തിയില്ല. പലേടത്തും കമ്മിറ്റികള്‍ സജീവമായിരുന്നില്ല. കെഎസ്‍യുവും യൂത്ത് കോണ്‍ഗ്രസും ഊര്‍ജത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥിതിയിലുമായിരുന്നില്ല.
സിറ്റിങ്ങ് എംപിമാരെ മുഴുവന്‍ വീണ്ടും സ്ഥാനാര്‍ഥികളാക്കാനുള്ള തീരുമാനം ഒരു രാഷ്ട്രീയ സംഘടനയെ സംബന്ധിച്ച് ഒട്ടും ഭൂഷണമല്ലാത്ത ഒന്നായിരുന്നു. ടി.എന്‍ പ്രതാപന്‍, കെ മുരളീധരന്‍, അടൂര്‍ പ്രകാശ് തുടങ്ങിയവരൊക്കെ മത്സര രംഗത്തുനിന്നു സ്വയം മാറാന്‍ സന്നദ്ധത പ്രകടിപ്പിച്ചതുമാണ്.
പെട്ടെന്നുണ്ടായ ചില നീക്കങ്ങളുടെ ഭാഗമായി ഷാഫി പറമ്പിലിനെ വടകരയില്‍ സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ അവിടെനിന്നു കെ മുരളീധരനെ തൃശൂരില്‍ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. അവിടുത്തെ സിറ്റിങ്ങ് എംപി പ്രതാപനാകട്ടെ, സന്തോഷത്തോടെ രംഗമൊഴിയുകയും ചെയ്തു.
യുഡിഎഫ് എന്ന മുന്നണിയുടെ കാര്യവും കഷ്ടതരം തന്നെയായിരുന്നു. മുസ്ലിം ലീഗ് മാത്രമായിരുന്നു കരുത്തുള്ള പാര്‍ട്ടി. ലീഗ് എല്ലാ കരുത്തും ആവനാഴിയിലെ മുഴുവന്‍ ആയുധങ്ങളും പുറത്തെടുത്ത് രംഗത്തിറങ്ങുകയും ചെയ്തു. കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് മുഴുവന്‍ ശ്രദ്ധയും കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ ഒരുക്കി. സിഎംപി നേതാവ് സി.പി ജോണിനെ തിരുവനന്തപുരത്ത് ശശി തരൂരിന്‍റെ തെരഞ്ഞെടുപ്പു ചുമതല മുഴുവനും ഏല്‍പ്പിച്ച് വി.ഡി സതീശന്‍ സംസ്ഥാനമൊട്ടാകെയുള്ള നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കി ഓടിനടന്നു.
മുസ്ലിം ലീഗിന് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമയുമായുള്ള ദീര്‍ഘകാലത്തെ ബന്ധത്തില്‍ വിള്ളലുണ്ടാകാന്‍ തുടങ്ങിയിരുന്നു അപ്പോഴേയ്ക്ക്. മുഖ്യമന്ത്രി പിണറായി വിജയന്‍ സൂക്ഷ്മമായ ചില സോഷ്യല്‍ എഞ്ചിനീയറിങ്ങ് പരിപാടികളും നടത്തി. മുസ്ലിം – ക്രിസ്ത്യന്‍ ന്യൂനപക്ഷ സമുദായങ്ങളെ കൂടെ നിര്‍ത്തുക എന്നത് പിണറായി വിജയന്‍ കുറെ കാലമായി പിന്തുടരുന്ന തന്ത്രമാണ്. 2021 -ല്‍ പിണറായി വിജയന്‍ നേടിയ ഭരണത്തുടര്‍ച്ചയ്ക്കു കാരണമായ ഘടകങ്ങളില്‍ ഏറ്റവും പ്രധാനം ഈ തന്ത്രത്തിന്‍റെ പ്രയോഗം കൂടിയാണ്.
പിണറായി വിജയന്‍റെ നേതൃത്വത്തില്‍ സിപിഎമ്മും ഇടതു മുന്നണിയും രൂപം നല്‍കിയ തന്ത്രങ്ങളെയും രാഷ്ട്രീയ നീക്കങ്ങളെയുമാണ് വി.ഡി സതീശന്‍റെ നേതൃത്വത്തില്‍ യുഡിഎഫ് പരാജയപ്പെടുത്തിയത്. അതും സതീശന്‍ ഒറ്റയ്ക്കു നിന്നു നേടിയ നേട്ടം.
ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടന്ന ആദ്യ ഉപതെരഞ്ഞെടുപ്പായിരുന്നു തൃക്കാക്കരയിലേത്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ സതീശന്‍ നേരിട്ട ആദ്യ പരീക്ഷണം. തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ക്കപ്പുറത്ത് പിന്നാമ്പുറത്തിരുന്നു ചെയ്യേണ്ട സൂക്ഷ്മമായ പല ജോലികളുമുണ്ടെന്ന് സതീശനു മനസിലായത് സി.പി ജോണില്‍ നിന്നാണ്. ജോണിന് അതു കിട്ടിയതാകട്ടെ ദീര്‍ഘകാലം സിപിഎമ്മില്‍ പ്രവര്‍ത്തിച്ചു കൈക്കലാക്കിയ പരിചയത്തില്‍ നിന്നും. ജോണിന്‍റെ ഈ നൈപുണ്യം സതീശന്‍ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലും പ്രയോഗിച്ചു.
തൃക്കാക്കരയും പുതുപ്പള്ളിയും അല്ലെങ്കില്‍ത്തന്നെ കോണ്‍ഗ്രസിന്‍റെ നെടുങ്കോട്ടകളായിരുന്നു. അതുപോലെയല്ല 24 – ലോക്സഭാ തെരഞ്ഞെടുപ്പിലേയ്ക്കു പോകുന്ന 20 മണ്ഡലങ്ങള്‍. ഭരണത്തുടര്‍ച്ച നേടിയ പിണറായി വിജയന്‍ ഭരണപക്ഷത്തിന്‍റെ പട നയിച്ച് അപ്പുറത്തുണ്ട്. സിപിഎം എന്ന പാര്‍ട്ടിയുടെ കെട്ടുറപ്പുള്ള സംഘടനാമികവും. പുറമെ യുഡിഎഫില്‍ നിന്നു പുറത്തായതിനേതുടര്‍ന്ന് ഇടതുപക്ഷത്തു നല്ല ഇടം കിട്ടിയ കേരള കോണ്‍ഗ്രസ് മാണി വിഭാഗവും. 2021 -ല്‍ ഇടതു മുന്നണി നേടിയ 99 സീറ്റിന്‍റെ വിജയത്തിനു പിന്നില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്‍റെ നല്ല സംഭാവനയുമുണ്ടായിരുന്നുവെന്നതും പ്രധാനമാണ്.
തെരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങുമ്പോള്‍ കാര്യങ്ങള്‍ അത്രകണ്ട് കോണ്‍ഗ്രസിനനുകൂലമായിരുന്നില്ല. സിഎഎ പോലെയുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ മുസ്ലിം വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി ശക്തമായ പ്രചാരണം തുടങ്ങുകയും ചെയ്തു. എങ്കിലും മുസ്ലിം സമുദായം പരക്കെ കോണ്‍ഗ്രസിനു പിന്നില്‍ ഉറച്ചു നിന്നുവെന്നു തന്നെയാണ് തെരഞ്ഞെടുപ്പു ഫലവും വോട്ടുവിഹിതവും വ്യക്തമാക്കുന്നത്.
എല്ലാ മണ്ഡലങ്ങളിലും പലതവണ എത്തി പ്രചാരണത്തിന് പ്രഗത്ഭമായ നേതൃത്വം നല്‍കാന്‍ സതീശനു കഴിഞ്ഞു. 2019 -ന്‍റെ തനിയാവര്‍ത്തനത്തിനു കാരണമായതും ഈ നേതൃമികവു തന്നെ.
പിണറായി എന്ന കരുത്തും തഴക്കവുമുള്ള നേതാവിനോടു മുഖത്തോടു മുഖം നോക്കിനിന്ന് പൊരുതുകയായിരുന്നു വി.ഡി സതീശന്‍. അതും ഒറ്റയ്ക്ക്.
ഒരു വിധത്തില്‍ കെ. സുധാകരന്‍ കണ്ണൂരില്‍ സ്ഥാനാര്‍ഥിയായി പോയത് ഏറെ നന്നാവുകയും ചെയ്തു.