കോഴിക്കോട്: ജയിച്ചു കയറാൻ പതിനെട്ട് അടവും പയറ്റിയിട്ടും കടത്തനാടൻ കളരിയായ വടകരയിൽ ഇടതിന് കൂറ്റൻ തോൽവി. മതവിദ്വേഷം, നഗ്ന വീഡിയോ അടക്കം അധാർമികമായ ഏറെ പ്രചാരണ മുറകളും സംഘർഷങ്ങളുമടക്കം കണ്ട വടകരക്കാർ പാലക്കാട്ടു നിന്നെത്തിയ ഷാഫി പറമ്പലിന് ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം നൽകി.
അവസാന റൗണ്ടുകളിലേക്ക് എത്തുമ്പോൾ ഷാഫിക്ക് 523921 വോട്ടും 107710 ഭൂരിപക്ഷവുമാണുള്ളത്. (കണക്കുകൾ അന്തിമമല്ല). ഷാഫിയുടെ ലീഡ് ഇനിയും ഉയരുമെന്ന് സമ്മതിച്ച് ഇടത് സ്ഥാനാർത്ഥി കെ.കെ. ശൈലജ പരാജയം സമ്മതിച്ചു.

വടകരയിലെ ട്രെൻഡ് ഷാഫിക്ക് ഒപ്പമാണെന്ന് സി.പി.എമ്മും വിലയിരുത്തി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവുമധികം ഭൂരിപക്ഷത്തിൽ ജയിച്ചു കയറിയ ശൈലജ ടീച്ചർക്ക് ഷാഫിക്ക് മുന്നിൽ ലക്ഷത്തിലേറെ വോട്ടുകൾക്ക് അടിയറവ് പറയേണ്ടി വന്നു. കഴിഞ്ഞ തവണ ബി.ജെ.പി സ്ഥാനാർഥി 80,128 വോട്ടാണ് നേടിയതെങ്കിൽ ഇത്തവണ പ്രഫുൽ കൃഷ്ണൻ 107254 വോട്ട് നേടി.

കേരളത്തിൽ ഏറ്റവും വീറും വാശിയുമേറിയ പോരാട്ടമാണ് വടകരയിൽ നടന്നത്. പ്രചാരണം മുതൽ ഇഞ്ചോടിഞ്ച് പോരായിരുന്നു അവിടെ. പാലക്കാട്ടു നിന്നെത്തിയ ഷാഫി പറമ്പിലും കണ്ണൂരിൽ നിന്നുള്ള ശൈലജ ടീച്ചറും നേർക്കുനേർ ഏറ്റുമുട്ടുന്നത് രണ്ട് എം.എൽ.എമാരുടെ പോര് കൂടിയായി മാറി.
ഇവരിൽ ആര് ജയിച്ചാലും നിയമസഭാ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരുമായിരുന്ന സ്ഥിതി. വടകരക്കാർ വിവേകത്തോടെ തിരഞ്ഞെടുത്തത് ഷാഫിയെയാണ്. കേരളത്തിൽ അതിശക്തമായ രാഷ്ട്രീയ പോര് നടന്ന മണ്ഡലങ്ങളിൽ മുന്നിലുള്ളതാണ് വടകര. പ്രചാരണ സമയത്തെ കോലാഹലങ്ങളും കേസുകളും ഇതുവരെ അടങ്ങിയിട്ടില്ലെന്നതാണ് വാസ്തവം. വോട്ടെടുപ്പ് ദിനത്തിൽ പോലും മതവിദ്വേഷം പരത്തുന്ന തരത്തിലുള്ള സാമൂഹ്യ മാദ്ധ്യമ പ്രചാരണത്തിൽ പോലീസ് കേസെടുത്തിരുന്നു.
ടി.പി ചന്ദ്രശേഖരൻ വധത്തിനു പിന്നാലെ 2009 മുതൽ ഇടതിന് കൈമോശം വന്നതാണ് തങ്ങളുടെ ചെങ്കോട്ടയായ വടകര. ഇടതുകോട്ടയായ വടകര തിരികെപിടിക്കാനാണ് ശൈലജ ടീച്ചറെ ഇടതുമുന്നണി രംഗത്തിറക്കിയത്. വിജയം തുടരാനുറച്ചാണ് ഷാഫിയെ യു.ഡി.എഫും ഇറക്കിയത്.
വികസനത്തിനും വിവാദങ്ങൾക്കുമപ്പുറം ഏറ്റവും ശക്തമായി രാഷ്ട്രീയം ചർച്ച ചെയ്യുന്ന മണ്ഡലം കൂടിയാണ് വടകര. മണ്ഡലത്തിന്റെ ഈ രാഷ്ട്രീയ ബോധം മുതലെടുത്താണ് യു.ഡി.എഫ് അവിടെ ടി.പി വധത്തിനു ശേഷം തുടർച്ചയായി ജയിച്ചു കയറിയത്.

വടകരയിൽ രണ്ടാമൂഴം പ്രതീക്ഷിച്ച് കെ.മുരളീധരനായി ചുവരെഴുത്തും ബാനറുകളുമെല്ലാം തയ്യാറായിരിക്കെയാണ് അപ്രതീക്ഷിതമായി പദ്മജയുടെ ബിജെപി പ്രവേശനമുണ്ടായതും മുരളി തൃശൂരിലേക്ക് മണ്ഡലം മാറിയതും. അതോടെ ജനകീയനും ഊർജ്ജ്വസ്വലനുമായ ഷാഫി പറമ്പിലിന് പാലക്കാട്ടു നിന്ന് വടകരയിലെത്തി മത്സരിക്കാനുള്ള നിയോഗമായി. മുരളി തൃശൂരിൽ തോൽക്കുകയും ഷാഫി വടകരയിൽ ജയിച്ചു കയറുകയും ചെയ്തു.

ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ആറും ഇടുതുപക്ഷത്ത് ഭദ്രമായിരുന്നിട്ടും 4 ടേമായി 15വർഷം ഇടതുപക്ഷത്തിനെതിരായ വിധിയെഴുത്താണ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ വടകരയിൽ കാണുന്നത്. തീരദേശവും മലയോരവുമെല്ലാം ഉൾപ്പെടുന്ന മണ്ഡലം. തലശേരി, കൂത്തുപറമ്പ്, നാദാപുരം, വടകര, കുറ്ര്യാടി, പേരാമ്പ്ര, കൊയിലാണ്ടി മണ്ഡലങ്ങളാണിതിലുള്ളത്.
വടകര, നാദാപുരം, കുറ്റ്യാടി മണ്ഡലങ്ങളൊഴികെയുള്ളവയിലെല്ലാം രാഷ്ട്രീയ ചായ്‍വ് പ്രകടമാണ്.  2009ലും 2014ലും മുല്ലപ്പള്ളി രാമചന്ദ്രനും 2019ൽ കെ.മുരളീധരനും ജയിച്ചു കയറി. മുസ്ലീം വോട്ടുകൾ കൂടുതലുള്ള കുറ്റ്യാടിയും നാദാപുരവും തലശേരിയും തിരഞ്ഞെടുപ്പിൽ നിർണായക ശക്തിയായി മാറി. സ്പീക്കർ എ.എൻ ഷംസീറും മുതിർന്ന നേതാവ് പി.ജയരാജനും വടകരയിൽ തോറ്റുപോയിരുന്നു.
ആർ.എം.പിയുടെ അതിശക്തമായ സ്വാധീനമാണ് വടകരയിലെ ഫലം നിശ്ചയിക്കുന്നത്. ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ അടുത്തിടെ പ്രതികൾക്ക് കൂടുതൽ ശിക്ഷ കിട്ടിയതും കീഴ്‍കോടതികൾ വെറുതേവിട്ട പ്രതികൾക്കും തടവുശിക്ഷ കിട്ടിയതുമെല്ലാം വടകരയിൽ ചർച്ചയായി. ടി.പി വധം ചർച്ചയായ 2014, 2019 ലോകസഭാ തിരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണി പരാജയപ്പെട്ടു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ടി.പിയുടെ വിധവ കെ.കെ.രമ വടകരയിൽ ജയിച്ച് നിയമസഭയിലെത്തി. ജീവിച്ചിരുന്ന ടി.പിയേക്കാൾ മരണപ്പെട്ട ടി.പിയാണ് അവിടെ കരുത്തൻ എന്ന വിലയിരുത്തൽ ശരിവയ്ക്കുന്നതാണ് അവിടത്തെ ഫലം. വടകര, നാദാപുരം, കുറ്റ്യാടി മണ്ഡലങ്ങളിലാണ് ടി.പി വധം ചർച്ചാവിഷയമായത്. ഷാഫിയുടെ പ്രചാരണ രംഗത്ത് നായികയായിരുന്നു രമ.

സതീദേവിയിൽ നിന്ന് 2009 മണ്ഡലം പിടിച്ചെടുത്ത മുല്ലപ്പള്ളി രാമചന്ദ്രൻ തുടർച്ചയായി രണ്ട് ടേമുകളിൽ വിജയിച്ചു. രാഹുൽ ഗാന്ധി കാറ്റ് വീശിയ 2019ൽ പി. ജയരാജൻ ഉയർത്തിയ വെല്ലുവിളി അനായാസം മറികടന്ന് കെ.മുരളീധരൻ മണ്ഡലം നിലനിർത്തി. 2004ൽ പി.സതീദേവി 1,30,589 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എംടി പത്മയെ തോൽപ്പിച്ചാണ് ഇടത് കോട്ട കാത്തത്.
2009ൽ വടകരയിൽ മുല്ലപ്പള്ളി രാമചന്ദ്രനെ ഇറക്കി യു.ഡി.എഫ് കളംപിടിച്ചു. സി.പി.എം വിട്ട് കുലം കുത്തിയായി ടി.പി.ചന്ദ്രശേഖരൻ ഇരുമുന്നണികൾക്കുമെതിരെ മത്സരിച്ച് 21,833 വോട്ടു നേടിയത് അന്ന് സി.പി.എമ്മിന്റെ പരാജയത്തിൽ വലിയ പ്രഹരമാണുണ്ടാക്കിയത്. 2014ൽ മുല്ലപ്പള്ളി രണ്ടാമൂഴത്തിനെത്തിയപ്പോൾ കൂടുതൽ ജാഗ്രതയോടെയാണ് സി.പി.എം സ്ഥാനാർത്ഥിയെ ഇറക്കിയത്. ഈ നീക്കം ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു.
നിലവിലെ സ്പീക്കർ എ.എൻ.ഷംസീറായിരുന്നു സ്ഥാനാർഥി. കേവലം 3306 വോട്ടുകളിലേക്ക് ഭൂരിപക്ഷം കുറക്കാനായി. അത്തവണയും ആർ.എം.പി സ്വതന്ത്രമായി മത്സരിച്ച് പിടിച്ച 17,229 വോട്ടുകൾ സി.പി.എമ്മിന്റെ ഉറച്ച വോട്ടുകളായിരുന്നു എന്നത് ആ പരാജയത്തിനും കാരണമായി.
2019ൽ കെ മുരളീധരന് വേണ്ടി മുസ്ലിം ലീഗ് നടത്തിയ പ്രവർത്തനങ്ങൾ മണ്ഡലത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കി. ഇത്തവണ ഷാഫിയുടേയും തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത് ലീഗാണ്. പരമാവധി മുസ്ലീം വോട്ടുകൾ കേന്ദ്രീകരിക്കുകതന്നെ ലക്ഷ്യം.  പ്രവാസികളുടെ വോട്ട് തേടി നാലുദിവസം ഷാഫി വിമാനം കയറിയതും ഫലം കണ്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed