തിരുവനന്തപുരം: ഏറെ വിയർപ്പൊഴുക്കിയാണ് മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷ് എട്ടാം ജയം നേടിയത്. യുവനേതാവ് അഡ്വ. സി.എ. അരുൺകുമാറിനോട് അടിയറവ് പറയുമെന്ന പ്രതീതി മിക്ക റൗണ്ടുകളിലും ഉണ്ടായിരുന്നു. പക്ഷേ, 9953 വോട്ടുകൾക്ക് കൊടിക്കുന്നിൽ ജയിച്ചു കയറി.
കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളിലായി പരന്നു കിടക്കുന്ന മാവേലിക്കരയിൽ പ്രവചനാതീതമായിരുന്നു പോരാട്ടം. സുരേഷിനെതിരേ അവിടെ കടുത്ത എതിർവികാരം ഉണ്ടായിരുന്നു. ഇതിനെ മറികടന്നാണ് പരിണത പ്രജ്ഞനായ കൊടിക്കുന്നിൽ എട്ടാം വട്ടവും ലോകസഭയിൽ എത്തുന്നത്.
സർവേകളിൽ പലതിലും ഇടതുമുന്നണിക്ക് വിജയവും മുന്നേറ്റ സാദ്ധ്യതയും പ്രവചിച്ചതിനാൽ അതിശക്തമായ പ്രചാരണമാണ് യു.ഡി.എഫ് നടത്തിയത്. മന്ത്രി പി.പ്രസാദിന്റെ അഡീഷണഷൽ പ്രൈവറ്റ് സെക്രട്ടറി കൂടിയായിരുന്നു ഇടത് സ്ഥാനാർത്ഥി സി.എ അരുൺകുമാർ. മാവേലിക്കരയിൽ 9547 വോട്ട് നോട്ടയ്ക്ക് കിട്ടിയെന്നത് വോട്ടർമാരുടെ മനസിലെ എതിർവികാരമാണ് വ്യക്തമാക്കുന്നത്.
മാവേലിക്കരയിൽ പ്രചാരണം നയിച്ചത് മന്ത്രിമാരായിരുന്നു. കൊട്ടാരക്കരയിൽ കെ.എൻ ബാലഗോപാൽ, പത്തനാപുരത്ത് കെ.ബി ഗണേഷ്‌കുമാർ, ചെങ്ങന്നൂരിൽ സജി ചെറിയാൻ. മാവേലിക്കരയിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിൽ മൂന്നിടത്തെയും ജനപ്രതിനിധികൾ മന്ത്രിമാരാണ്. ഇതിനൊപ്പം കൃഷി മന്ത്രി പി. പ്രസാദും മണ്ഡലത്തിലെ വോട്ടറാണ്. അങ്ങനെ ആകെ മൊത്തം നാല് മന്ത്രിമാരാണ് ഇടത് പ്രചരണം നയിച്ചത്.
തെന്മല മുതൽ കുട്ടനാടുവരെ പത്തനംതിട്ട ജില്ലയുടെ അതിർത്തിയോടു ചേർന്ന് കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന നീളംകൂടിയ മണ്ഡലമാണ് മാവേലിക്കര. കേരളത്തിൽ ഏറ്റവും അധികം മന്ത്രിമാരുള്ള ലോക്‌സഭ മണ്ഡലവും മാവേലിക്കരയാണ്.
സിറ്റിംഗ് എം.പി, മുതിർന്ന കോൺഗ്രസ് നേതാവ് തുടങ്ങിയ നിലകളിൽ മണ്ഡലത്തിന്റെ മുക്കും മൂലയും വരെ അറിയാവുന്ന കൊടിക്കുന്നിലിന് വോട്ടർമാരുമായുള്ള പരിചയവും അടുപ്പവും ഗുണകരമായെന്നാണ് വിലയിരുത്തൽ. അതാണ് അവസാന റൗണ്ടിലെങ്കിലും വിജയിക്കാനായത്.
എൻ.എസ്.എസ്. നേതൃത്വത്തിന് കൊടിക്കുന്നിൽ സുരേഷിലുള്ള വിശ്വാസം ഗുണം ചെയ്തെങ്കിലും എസ്.എൻ.ഡി.പിയുമായുള്ള അകൽച്ച ബി.ഡി.ജെ.എസിന് വളക്കൂറുള്ള മണ്ഡലത്തിൽ പ്രശ്നമായി മാറി. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, മണ്ഡലത്തിൽ ആവശ്യത്തിന് കേന്ദ്ര പദ്ധതികളില്ലെന്ന പോരായ്മ ഇവയൊക്കെ കൊടിക്കുന്നിലിന് എതിരായ വിഷയങ്ങളായിരുന്നു.
ഒന്നര പതിറ്റാണ്ടായി കൊടിക്കുന്നിൽ തന്നെ മാവേലിക്കരയിൽ മത്സരിക്കുന്നത് കോൺഗ്രസിലും എതിർപ്പുണ്ടാക്കിയിരുന്നു. എം.പിയെന്ന നിലയിൽ മണ്ഡലത്തിലെ സാന്നിദ്ധ്യക്കുറവും വികസന രംഗത്തെ മുരടിപ്പുമെല്ലാം കൊടിക്കുന്നിലിനെതിരേ ഇടത് മുന്നണി ആയുധമാക്കി.
ലോക്‌സഭയിലെ ഏറ്റവും മുതിർന്ന അംഗങ്ങളിലൊരാളായ കൊടിക്കുന്നിൽ 1989-ൽ ഇരുപത്തേഴാം വയസിലാണ് ആദ്യമായി പാർലമെന്റിലെത്തുന്നത്. മാവേലിക്കരയ്ക്കു മുമ്പ് സംവരണ മണ്ഡലമായിരുന്ന അടൂരിൽ ആറു തവണ മത്സരിച്ചതിൽ നാലു തവണ വിജയിച്ചു. അടൂർ മണ്ഡലം മാവേലിക്കരയിൽ ലയിപ്പിച്ചപ്പോഴും യു.ഡി.എഫിന് മറ്റൊരു സ്ഥാനാർത്ഥിയെപ്പറ്റി ചിന്തിക്കേണ്ടി വന്നിട്ടില്ല.
2012 മുതൽ 14 വരെ കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രിയായിരുന്നു. ചിറ്റയം ഗോപകുമാറും ബി.ഡി.ജെ.എസിലെ തഴവ സഹദേവനുമായിരുന്നു കഴിഞ്ഞ തവണ മുഖ്യ എതിരാളികൾ. ഇത്തവണ സി.എ അരുൺകുമാർ 347888 വോട്ടും ബി.ഡി.ജെ.എസിലെ 139639 വോട്ടും നേടി.