ദ്രാവിഡിനോട് പരിശീലകനായി തുടരാന്‍ ആവശ്യപ്പെട്ടിരുന്നു! തുറന്നുപറഞ്ഞ് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനുള്ള പുതിയ പരിശീലകനെ തേടുകയാണ് ബിസിസിഐ. ഇപ്പോഴത്തെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ടി20 ലോകകപ്പിന് ശേഷം സ്ഥാനമൊഴിയും. ദ്രാവിഡിന് ഇനിയും ആവശ്യമെങ്കിലും അപേക്ഷിക്കാം. എന്നാല്‍ അദ്ദേഹം പിന്മാറ്റം അറിയിച്ചുകഴിഞ്ഞു. നിലവില്‍ മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ പരിശീലകനാവാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ദ്രാവിഡ് തുടരണമെന്ന് ചില സീനിയര്‍ താരങ്ങള്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇക്കാര്യത്തില്‍ വ്യക്തത വരുത്തുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. രോഹിത്തിന്റെ വാക്കുകള്‍… ”ഇന്ത്യന്‍ ടീമിനെ പരിശീലകനായി തുടരണമെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ ഞാന്‍ ശ്രമിച്ചിരുന്നു. ദ്രാവിഡിന് ഇനിയും കൂടുതല്‍ ചെയ്യാന്‍ കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ അദ്ദേഹം തല്‍സ്ഥാനത്ത് തുടരാന്‍ തയ്യാറായിരുന്നില്ല.” രോഹിത് പറഞ്ഞു.
നേരത്തെ, വരുന്ന ഒരു വര്‍ഷമെങ്കിലും ടെസ്റ്റ് ടീമിനൊപ്പം തുടരണമെന്ന് ചില താരങ്ങള്‍ ദ്രാവിഡിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ദ്രാവിഡ് തന്റെ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ 2023 ഏകദിന ലോകകപ്പിന് ശേഷം സ്ഥാനമൊഴിയാന്‍ ഒരുങ്ങുകയായിരുന്നു ദ്രാവിഡ്. എന്നാല്‍ ടി20 ലോകകപ്പ് വരെ തുടരാന്‍ തീരുമാനിച്ചത് ബിസിസിഐയുടെ നിര്‍ബന്ധത്തെ തുടര്‍ന്നായിരുന്നു.
ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കന്‍ സൗരവ് ഗാംഗുലിയും? ആഗ്രഹം വ്യക്തമാക്കി മുന്‍ കാപ്റ്റന്‍
ബിസിസിഐയ്ക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ ആരൊക്കെ എന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ കിരീടത്തിലേക്ക് നയിച്ച ഗംഭീറിനായി വാതില്‍ തുറന്നിട്ടിരിക്കുകയാണ് ബിസിസിഐ. എന്നാല്‍ ഗൗതം ഗംഭീറിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് എത്തുന്നത്. തീരുമാനം വിവേകത്തോടെ കൈകൊള്ളണമെന്ന് ഗാംഗുലി പറഞ്ഞത് ഏറെ ചര്‍ച്ചകള്‍ക്കിടയാക്കി.
ഐപിഎല്ലില്‍ കൊല്‍ക്കത്തയ്ക്കായി ഗംഭീര്‍ നടപ്പിലാക്കിയ കാര്യങ്ങള്‍ ഇന്ത്യന്‍ ടീമിലും നടപ്പിലാക്കാനാകും, താന്‍ അതിനായി ആഗ്രഹിക്കുന്നുവെന്നും അടുത്തിടെ വിരമിച്ച മുന്‍ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക് വ്യക്തമാക്കിയിരുന്നു.