തൃശൂര്‍: ലോക്സഭ തെരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയതോടെ കോണ്ഗ്രസ് നേതാവ് കെ.മുരളീധരൻ ഒരു റെക്കോർഡ് ഇട്ടിരിക്കുകയാണ്. ലോക്സഭ – നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഏറ്റവും കൂടുതൽ തവണ തോറ്റ കോൺഗ്രസ് നേതാവെന്ന റെക്കോർഡ് ആണത്. അതും ഏഴു തവണ.
13 തവണ തെരഞ്ഞെടുപ്പിനെ നേരിട്ട മുരളീധരൻ തന്നെയാണ് ഏറ്റവും കൂടുതൽ തവണ തെരഞ്ഞെടുപ്പിനെ നേരിട്ടയാളും. 12 തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച മുൻ മുഖ്യമന്ത്രിമാരായ കെ.കരുണാകരനും ഉമ്മൻചാണ്ടിയുമാണ് തൊട്ടുപിന്നിൽ. ഉമ്മൻ ചാണ്ടി മുഴുവൻ മത്സരങ്ങളിലും വിജയിച്ചപ്പാൾ കരുണാകരൻ രണ്ടു മത്സരങ്ങളിൽ തോൽവി വഴങ്ങി.
എന്നാൽ മുരളീധരൻ ഏഴുതവണ തോറ്റപ്പോഴും അതിൽ മൂന്ന് തവണയും മൂന്നാം സ്ഥാനത്തായിരുന്നു.
പാർട്ടിമാറി എൻ.സി.പിയിലുള്ള സമയത്ത് 2009ൽ വയനാട് ലോക്സഭ മണ്ഡലത്തിൽ കോൺഗ്രസിന്റെ എം.ഐ ഷാനാവാസിനെതിരെ മത്സരിച്ചിരുന്നു. എന്നാൽ ഒരുലക്ഷം വോട്ടുകൾ പോലും നേടാനാകാതെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സി.പി.ഐയുടെ റഹ്മത്തുള്ളയാണ് രണ്ടാമതെത്തിയത്.
2021ൽ നേമത്ത് കോൺഗ്രസ് സ്ഥാനാർഥിയായി നിയമസഭയിലേക്ക് മത്സരിച്ചപ്പോഴും മൂന്നാം സ്ഥാനമായിരുന്ന മുരളീധരന്. സി.പി.എമ്മിന്റെ ശിവൻകുട്ടിക്കും ബി.ജെ.പിയുടെ കുമ്മനം രാജശേഖരനും പിറകിലായിരുന്നു മുരളി.
ഒടുവിൽ ഇപ്പോൾ തൃശൂർ ലോക്സഭ മണ്ഡലത്തിൽ സുരേഷ് ഗോപിക്കും സുനിൽകുമാറിനും പിന്നിൽ മൂന്നാം സ്ഥാനം മാത്രമാണ് കിട്ടിയത്.