തീവ്രവാദ ഫണ്ടിങ് കേസിൽ തിഹാർ ജയിലിൽ, 2 ലക്ഷം ഭൂരിപക്ഷത്തിൽ ജയം, എഞ്ചിനിയർ റാഷിദ് തോൽപ്പിച്ചത് ഒമർ അബ്ദുല്ലയെ

ഏറെ ഉദ്വേഗം നിറഞ്ഞ ഒരുപിടി സംഭവവികാസങ്ങളുടെ സംഗമമാണ് ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം. എക്സിറ്റ് പോളുകളെല്ലാം അപ്രസക്തമായി. കൌതുകങ്ങളുടെ താഴ്വര പോലെ, പല വിജയ പരാജയങ്ങൾക്കും പറയാനുള്ള കഥകളേറെയാണ്. അങ്ങനെയൊന്നാണ് ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നിന്നും പുറത്തുവരുന്നത്. അന്തിമ ഫലം പുറത്തുവന്നപ്പോൾ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പരാജയം നുണഞ്ഞു. രണ്ട് ലക്ഷത്തിലധികം വോട്ടുകൾക്ക് മേലെയാണ് ഒമറിന്റെ പരാജയ ഭാരം. 

എന്നാൽ ഈ തോൽവിയേക്കാൾ പ്രധാനം, ഇവിടെ ജയിച്ചത് ആരെന്നുള്ള ചോദ്യത്തിനാണ്. തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത് മുതൽ കൂടുതൽ പരിചിതമായ പേരാണ് അബ്ദുൽ റാഷിദ് ഷെയ്ഖ്, അഥവാ എഞ്ചിനിയർ റാഷിദിന്റേത്. ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പോലും പങ്കെടുക്കാതെയാണ് റാഷിദിന്റെ വിജയം എന്നതാണ് കൌതുകം. അഞ്ച് വർഷമായി തിഹാർ ജയിലിൽ കഴിയുകയാണ് 57കാരനായ റാഷിദ്. 

തീവ്രവാദ ഫണ്ടിംഗ് കേസിലാണ് റാഷിദ് ജയിലിൽ കഴിയുന്നത്. സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. മെയ്  20-ന് ബാരാമുള്ളയിൽ  നടന്ന അഞ്ചാം ഘട്ട വോട്ടെടുപ്പിനായി, പോളിങ്ങിന് രണ്ടാഴ്ച മുമ്പ് മാത്രം റാഷിദിൻ്റെ രണ്ട് ആൺമക്കളാണ്, അദ്ദേഹത്തിനായി പ്രചാരണം ആരംഭിച്ചത്. കശ്മീർ ഡിവിഷനിലെ ശ്രീനഗർ, അനന്ത്നാഗ്-രജൗരി എന്നിവ ഒഴികെയുള്ള മൂന്ന് സീറ്റുകളിൽ ഒന്നാണ് ബാരാമുള്ള, അവിടെ  ഭാരതീയ ജനതാ പാർട്ടി  (ബിജെപി) സ്ഥാനാർത്ഥികളെ നിർത്തിയിരുന്നില്ല. 

57 കാരനായ എഞ്ചിനീയർ റാഷിദ് വടക്കൻ കശ്മീരിലെ ലംഗേറ്റ് സീറ്റിൽ നിന്ന് രണ്ട് തവണ എംഎൽഎ ആയിട്ടുണ്ട്. കൊല്ലപ്പെട്ട ഹുറിയത്ത് നേതാവും സജാദ് ലോണിൻ്റെ പിതാവും  ജെകെപിസി സ്ഥാപകനുമായ അബ്ദുൾ ഗനി ലോണിൻ്റെ അടുത്ത സഹായിയായിരുന്നു. എഞ്ചിനീയർ റാഷിദിനെ 2019-ലാണ് ദേശീയ അന്വേഷണ ഏജൻസി തീവ്രവാദ-ധനസഹായ പ്രവർത്തനങ്ങൾ നൽകിയെന്ന കേസിലാണ് അറസ്റ്റ് ചെയ്തത്.യുഎപിഎ നിയമപ്രകാരമായിരുന്നു അറസ്റ്റ്. 

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്, അദ്ദേഹത്തിൻ്റെ രണ്ട് മക്കളായ അബ്രാർ റഷീദും അസ്രാർ റാഷിദും  അവരുടെ പിതാവിനായി രംഗത്തിറങ്ങി.  പ്രചാരണത്തിന്റെ ഭാഗമായ റാലികളിൽ കണ്ട വൻ ജനക്കൂട്ടം റാഷിദിന് വോട്ടായി മാറുമെന്ന് അവർ ആത്മവിശ്വാസവും പ്രകടിപ്പിച്ചിരുന്നു. അത് അക്ഷരാർത്ഥത്തിൽ യാതാർത്ഥ്യമായി എന്ന് വേണം തെരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് മനസിലാക്കാൻ. ഔദ്യോഗിക ഫലം പ്രഖ്യാപിക്കും മുമ്പ് തന്നെ നാഷണൽ കോൺഫറൻസ് നേതാവ് ഒമർ ബ്ദുള്ള   പരാജയം സമ്മതിച്ചിരുന്നു.  204142 വോട്ടിനാണ് ഒമറിന്റെ തോൽവി. 

‘അനിവാര്യമായത് സ്വീകരിക്കേണ്ട സമയമാണ് ഇതെന്ന് ഞാൻ കരുതുന്നു. വടക്കൻ കശ്മീരിൽ വിജയിച്ച എൻജിനീയർ റഷീദിന് അഭിനന്ദനങ്ങൾ. വിജയം അദ്ദേഹത്തെ ജയിൽ മോചിതനാക്കുമെന്നോ വടക്കൻ കാശ്മീരിലെ ജനങ്ങൾക്ക് അവർക്ക് അവകാശപ്പെട്ട പ്രാതിനിധ്യം ലഭിക്കുമെന്നോ ഞാൻ വിശ്വസിക്കുന്നില്ല, പക്ഷേ വോട്ടർമാർ വിധിയെഴുതി, ജനാധിപത്യത്തിൽ അതാണ് പ്രധാനം’- എന്നായിരുന്നു അന്ന് അന്തിമ ഫലം പുറത്തുവരുന്നതിന് മുമ്പ് തന്നെ ഒമർ അബ്ദുള്ള പങ്കിട്ട കുറിപ്പ്.

ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്ക്ക് ഭാര്യയിൽ നിന്നും വിവാഹമോചനമില്ല; ആവശ്യം തള്ളി കോടതി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin