തിരുവനന്തപുരം: തിരുവല്ലം പാച്ചല്ലൂര്‍ റോഡിലും കോവളം ബൈപ്പാസ് ജങഷനിലുമുണ്ടായ രണ്ട് അപകടങ്ങളില്‍ യുവാക്കള്‍ മരിച്ചു.
പാച്ചല്ലൂര്‍ റോഡില്‍ പാറവിളയ്ക്ക് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ചുണ്ടായ അപകടത്തില്‍ കോവളം തൊഴിച്ചല്‍ വയലില്‍ പുത്തന്‍വിളയില്‍ മുത്തുകുമാറിന്റെയും ഷീലയുടെയും മകനായ വിഗ്‌നേഷ് കുമാറാ(27)ണ് മരിച്ചത്.
കോവളം ബൈപ്പാസില്‍ ജങ്ഷനില്‍ സിഗ്നല്‍ തെറ്റിച്ച് കയറിയ കാര്‍ ബൈപ്പാസിലേക്ക് കയറി ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ വെളളായണി കാക്കാമൂല സി.എസ്.ഐ. പളളിക്ക് സമീപം വിനോദിന്റെയും സൗമ്യയുടെയും മകനായ വി.എസ്. വിപിന് (21)ണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന സുഹൃത്തും കാക്കാമൂല പുന്നവിള സ്വദേശി സൂരജി(16)ന് തലയ്ക്കും കാലിനും ഗുരുതര പരിക്കേറ്റു. ഇവര്‍ ഓടിച്ചിരുന്ന ബൈക്കിന്റെയും ഇടിച്ച കാറിന്റെയും മുന്‍വശം അപകടത്തില്‍ തകര്‍ന്നു.
പാച്ചല്ലൂര്‍ വാഴമുട്ടം റോഡില്‍ പാറവിള മുസ്ലിം പളളിക്ക് സമീപത്തെ റോഡില്‍ തിങ്കളാഴ്ച പുലര്‍ച്ചെയോടെയുണ്ടായ അപകടത്തിലാണ് വിഗ്‌നേഷ് മരിച്ചത്. റോഡിന്റെ ഇടതുവശം ചേര്‍ന്ന് ബൈക്ക് തലകീഴായി മറിഞ്ഞ നിലയിലായിരുന്നു.
ബൈക്കിന് തൊട്ടകലെ മറിഞ്ഞു വീണിരുന്ന വിഗ്‌നേഷിനെ ആരും കണ്ടിരുന്നില്ല. രാവിലെ അതുവഴി നടന്നുപോയ വഴിയാത്രക്കാരാണ് അപകടത്തില്‍പ്പെട്ട് കിടക്കുന്ന വിഗ്‌നേഷിനെ കാണുന്നത് തുടര്‍ന്ന് കോവളം പോലീസില്‍ വിവരമറിയിച്ചു.
പോലീസെത്തി മെഡിക്കല്‍കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.
കൊച്ചിയിലെ സ്വകാര്യ ട്രാവല്‍ ഏജന്‍സിയിലെ ഡ്രൈവറായിരുന്നു. ഏക സഹോദരന്‍ വിബിന്‍കുമാര്‍. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10-ന് വീട്ടുവളപ്പില്‍ നടക്കും.
വാഴമുട്ടം- കോവളം ബൈപ്പാസ് റോഡില്‍ സിഗ്നല്‍ മറികടന്നുകയറിയ കാര്‍ ബൈക്കില്‍ ഇടിച്ചുണ്ടായ അപകടത്തിലാണ് ബൈക്ക് യാത്രികരിലൊരാളായ വിപിന്‍ മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 4.30 ന്
ബൈപ്പാസിലെ കോവളം ജങ്ഷനിലാണ് അപകടം. കോവളം കെ.എസ്. റോഡില്‍നിന്ന് ബൈപ്പാസിലേക്ക് കയറുന്നതിന് എത്തിയ ബൈക്കിനെ വാഴമുട്ടംഭാഗത്തുനിന്ന് മുക്കോലയിലേക്ക് പോയ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ബൈക്കോടെ റോഡിലേക്ക് തെറിച്ച് വീണ വിപിന് തലയ്ക്കും സൂരജിന് വലതുകാല്‍ ഒടിഞ്ഞുമാണ് പരിക്കേറ്റത്. വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചെങ്കിലും വിപിനെ രക്ഷിക്കാനായില്ല. കാക്കാമൂലയിലെ ബ്രദേഴ്സ് വളളംകളി ക്ലബ്ബിലെ തുഴച്ചില്‍ക്കാരനായിരുന്നു മരിച്ച വിപിന്‍. സൂരജിന് അടിയന്തര ചികിത്സ നല്‍കിയശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രണ്ട് അപകടത്തിലും കോവളം പോലീസ് കേസെടുത്തു.