ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നിർണ്ണായക ജനവിധിയ്ക്കായി കാത്തിരിക്കുകയാണ് കേരളവും. ഇഞ്ചോടിഞ്ച് പോരാട്ടമാണ് മൂന്ന് മുന്നണികളും കേരളത്തിൽ കാഴ്ചവെച്ചത്. എല്ലാ കേന്ദ്രങ്ങളിലും രാവിലെ എട്ട് മണിയോടെ വോട്ടെണ്ണൽ തുടങ്ങും. ആദ്യം പോസ്റ്റൽ വോട്ടുകളാവും എണ്ണിത്തുടങ്ങുക. എട്ടരയോടെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്നാണ് വിലയിരുത്തൽ.
സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്ത് ബിജെപി നേതൃത്വം 3000 ലഡുവിന് ഓര്‍ഡര്‍ നൽകിയതായാണ് ജില്ലയിലെ മുതിര്‍ന്ന നേതാവ് വ്യക്തമാക്കിയത്. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ജയിച്ചില്ലെങ്കിലും കേന്ദ്രത്തിൽ ബിജെപി ഭരണം തുടരുമെന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. അതിനാൽ തന്നെ ലഡു പാഴാകില്ലെന്നാണ് ബിജെപി നേതാവ് പറയുന്നത്.
ശശി തരൂരും, പന്ന്യൻ രവീന്ദ്രനും രാജീവ് ചന്ദ്രശേഖറും തമ്മിൽ ശക്തമായ പോരാട്ടമാണ് മണ്ഡലത്തിൽ കാഴ്ചവെച്ചത്. മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രം മാര്‍ ഇവാനിയോസ് കോളേജിലും സര്‍വോദയ സ്കൂളിലും തിയോഫിലോസ് ട്രെയിനിങ് കോളേജുകളിലുമൊക്കെയായാണ് വോട്ടെണ്ണൽ നടപടികൾ പുരോഗമിക്കുന്നത്.