ഡൽഹി: എക്സിറ്റ് പോളുകളെയെല്ലാം അപ്രസക്തമാക്കി കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യം 232 സീറ്റുകളിൽ ലീഡ് എടുത്തതോടെ, ദേശീയ രാഷ്ട്രീയത്തിലെ ചിത്രം വ്യത്യസ്തമായി. ബി.ജെ.പി 400ലേറെ സീറ്റ് നേടി ഒറ്റയ്ക്ക് ഭരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പലവട്ടം ആവർത്തിച്ചതാണെങ്കിലും അവസാന റൗണ്ടുകളിലെത്തിയപ്പോൾ എൻ.ഡി.എ മുന്നണിക്ക് 292 സീറ്റുകളിലാണ് ലീഡ്. 17 മറ്റ് കക്ഷികൾക്കും ലീഡുണ്ട്. ഇവരെ കൂട്ടിച്ചേർത്ത് സർക്കാർ രൂപീകരിക്കാനുള്ള സാദ്ധ്യത ഇന്ത്യാ മുന്നണി പരീക്ഷിക്കുകയാണിപ്പോൾ.
സർക്കാർ രൂപീകരണത്തിനുള്ള എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. ടിഡിപി ഉൾപ്പെടെയുള്ള കക്ഷികളുടെ പിന്തുണ കോൺഗ്രസ് തേടിയിട്ടുണ്ട്. ആന്ധ്രപ്രദേശിൽ തകർപ്പൻ പ്രകടനവുമായി തിരിച്ചുവരവു നടത്തിയ ചന്ദ്രബാബു നായിഡു, ബിഹാറിൽ മികച്ച പ്രകടനം കാഴ്ചവച്ച നിതീഷ് കുമാർ എന്നിവരുടെ പിന്തുണ സർക്കാർ രൂപീകരണത്തിൽ നിർണായകമാവും.
ഇടഞ്ഞുനിന്ന മമതയെയും 28 കക്ഷികളുടെ നേതാക്കളെയും ഒരു വേദിയിലെത്തിച്ച് കൈകോർത്ത് പിടിച്ച് ഐക്യകാഹളം മുഴക്കിയ ഇന്ത്യാ മുന്നണിയുടെ അമരക്കാരൻ കോൺഗ്രസ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനാണ് സർക്കാർ രൂപീകരണ ദൗത്യത്തിന്റെയും ചുമതല.
സർക്കാരുണ്ടാക്കാൻ നേരത്തേ സഖ്യത്തിന് പുറത്തുപോയ ചന്ദ്രബാബു നായിഡുവിന്റെ കക്ഷിയുമായടക്കം കോൺഗ്രസ് ചർച്ച തുടങ്ങിയിട്ടുണ്ട്. ഇന്ത്യാ മുന്നണി നേതാക്കൾ നായിഡുവുമായി സംസാരിച്ചു. ഇന്ത്യ മുന്നണിയുടെ ഭാഗമായ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ചന്ദ്രബാബു നായിഡുവിനെ ഫോണിൽ വിളിച്ചു.
എൻസിപി നേതാവ് ശരദ് പവാറും സർക്കാർ രൂപീകരണത്തിന് ഇന്ത്യാ മുന്നണിക്കായി മറ്റു കക്ഷികളുടെ പിന്തുണ തേടി രംഗത്തുണ്ട്. ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറുമായി ഇന്ത്യാ മുന്നണി നേതാക്കൾ ചർച്ച നടത്തി. ഇന്ത്യ സഖ്യം 232ലേറെ സീറ്റുകളിൽ മുന്നേറുന്ന സാഹചര്യത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചേക്കുമെന്നാണ് വിവരം.
നിലവിലെ സ്ഥിതിയിൽ നിതീഷ് കുമാറിനും ചന്ദ്രബാബു നായിഡുവിനുമെല്ലാം പൊന്നും വിലയാണ്. ബി.ജെ.പിയോട് അടുത്തു നിൽക്കുന്ന നിതീഷ് നിലവിലെ സാഹചര്യം ഉപയോഗിച്ച് വിലപേശൽ നടത്താനും ഇടയുണ്ട്. ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ എന്നിവർക്കു പുറമേ സീറ്റുകൾ കുറവാണെങ്കിലും വൈഎസ്ആർ കോൺഗ്രസിനെക്കൂടി കൂടെക്കൂട്ടാൻ ഇന്ത്യ മുന്നണിയും ശ്രമം നടത്തുന്നുണ്ട്.
നിലവിലെ സാഹചര്യത്തിൽ ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ എന്നിവരുടെ പിന്തുണ ഉറപ്പിക്കാനായാൽ ഇന്ത്യ മുന്നണിക്ക് 30ലധികം സീറ്റ് അധികം ലഭിക്കും. നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന നിർദ്ദേശം തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി ഉൾപ്പെടെ മുന്നോട്ടു വച്ചിട്ടുണ്ട്.
ഇന്ത്യ മുന്നണിയുടെ കൺവീനർ സ്ഥാനമെങ്കിലും നൽകി അദ്ദേഹത്തെ കൂടെക്കൂട്ടാനാണ് ശ്രമം. നിലവിലെ സ്ഥിതിയിൽ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. കോൺഗ്രസ് രണ്ടാം സ്ഥാനത്തുണ്ട്. സമാജ്‌വാദി പാർട്ടിയാണ് മൂന്നാമത്തെ വലിയ പാർട്ടി. തൃണമൂൽ കോൺഗ്രസ്, ഡിഎംകെ, ടിഡിപി, ജെഡിയു, ശിവസേന – ഉദ്ധവ് താക്കറെ, എൻസിപി – ശരദ് പവാർ എന്നിങ്ങനെയാണ് മുന്നിലുള്ള മറ്റ് കക്ഷികൾ.