തിരുവനന്തപുരം: ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ മലയാളി നേതാക്കള്‍ തുലോം വിരളമാണെന്ന് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാല്‍ വ്യക്തം. തൊണ്ണൂറുകളില്‍ രാജീവ്ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ രൂപപ്പെട്ട പ്രതിസന്ധിയുടെ കാലത്ത് കിംഗ് മേക്കറെന്ന വിശേഷണവുമായി കെ. കരുണാകരന്‍ ദേശീയ രാഷ്ട്രീയത്തില്‍ കയ്യൊപ്പ് ചാര്‍ത്തിയിരുന്നു.
 നരസിംഹ റാവു എന്ന പ്രധാനമന്ത്രിയെ സ്ഥാനത്തേക്ക് അവരോധിച്ചതും കോണ്‍ഗ്രസില്‍ വലിയ സ്വാധീനം ചെലുത്തിയതുമെല്ലാം കരുണാകരനും വിജയഭാസ്‌കര റെഡ്ഡിയുമെല്ലാം ചേര്‍ന്ന അന്നത്തെ നേതാക്കളായിരുന്നു. പിന്നീട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുന്നണി സമവാക്യങ്ങളുടെ ദിശ മാറിയപ്പോള്‍, ഒന്നും രണ്ടും യുപിഎ സര്‍ക്കാറുകളുടെ കാലത്ത് പ്രതിരോധ മന്ത്രി എന്ന നിലയില്‍ എ.കെ ആന്റണി വലിയ സ്വാധീനമാണ് ഉണ്ടാക്കിയത്.
ഇവരുടെ പിൻഗാമിയായി ദേശീയ രാഷ്ട്രീയത്തിൽ ഇന്ന് തിളങ്ങുകയാണ് കെ സി വേണുഗോപാൽ എന്ന സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി. കെ.കരുണാകരന്‍ രാഷ്ട്രീത്തിലേക്ക് കൈപിടിച്ച് കൊണ്ടുവന്ന നേതാവാണ് കെ.സി വേണുഗോപാല്‍.  എ.കെ ആന്റണിയുടെ രാഷ്ട്രീയ തട്ടകമായ ആലപ്പുഴ തന്നെയാണ് കെ.സിയെ വളര്‍ത്തി വലുതാക്കിയത്.

 ആ അര്‍ത്ഥത്തില്‍ കരുണാകരന്റെയും ആന്റണിയുടെയും യഥാര്‍ത്ഥ രാഷ്ട്രീയ പിന്തുടര്‍ച്ചാവകാശി കൂടിയാണ് വേണുഗോപാല്‍. എന്നാല്‍ ആ രണ്ടു നേതാക്കള്‍ക്കും ലഭിക്കാത്തത്ര വലിയ സ്വാധീനമാണ് കെ.സിക്ക് ഇന്ന് ഇന്ദ്രപ്രസ്ഥത്തില്‍ ലഭിക്കുന്നത്.

 ഒരുപക്ഷെ, കോണ്‍ഗ്രസ് രാഷ്ട്രീയവും ഇന്ത്യന്‍ രാഷ്ട്രീയവും ഇത്രത്തോളം ഒരു മലയാളിയെ ആശ്രയിക്കുന്നത് ചരിത്രത്തില്‍ ആദ്യമായാണ്. 2009-ല്‍ ആദ്യമായി ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് കെ.സി വേണുഗോപാല്‍ തെരഞ്ഞെടുക്കപ്പെടുമ്പോള്‍ അദ്ദേഹം തീര്‍ത്തും പുതുമുഖമായിരുന്നു.
 എന്നാല്‍ കെ.സിയുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ സോണിയാഗാന്ധി ആദ്യവട്ടത്തില്‍ അദ്ദേഹത്തിന് കേന്ദ്രമന്ത്രിസഭയില്‍ ഇടം നല്‍കി. ആദ്യമായി ജയിക്കുന്നവരെ കേന്ദ്രമന്ത്രിമാരാക്കില്ലെന്ന പതിവ് രീതി മറികടന്നാണ് കെ.സിയെ പരിഗണിച്ചത്.
 മന്‍മോഹന്‍സിംഗ് സര്‍ക്കാരില്‍ ഊര്‍ജ്ജ, വ്യോമയാന സഹമന്ത്രി എന്ന നിലയില്‍ കെ.സി തന്നിലേല്‍പ്പിച്ച ഉത്തരവാദിത്തം ആത്മാര്‍ത്ഥതയോടെ പൂര്‍ത്തിയാക്കിയെന്ന് മാത്രമല്ല, 2014-ല്‍ പ്രതിപക്ഷ നിരയിലേക്ക് മാറിയപ്പോള്‍ മോദി സര്‍ക്കാറിനെതിരെ ലോക്‌സഭയില്‍ ആഞ്ഞടിച്ചാണ് അദ്ദേഹം ശ്രദ്ധേയനായത്. കോണ്‍ഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും അംഗബലം നന്നേ കുറവായിരുന്ന ആ കാലത്ത് പ്രതിപക്ഷത്തിന്റെ പ്രതിരോധത്തിന്റെ കുന്തമുനയായി കെ.സി വേണുഗോപാല്‍ മുന്നില്‍ നിന്നു.
 2017 മുതല്‍ 19 വരെ കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയെന്ന നിലയിലും പിന്നീട് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എന്ന നിലയിലും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തലായി അദേഹത്തിന്റെ മുഖ്യ അജണ്ട. ആലപ്പുഴയിലെ തലയെടുപ്പുള്ള കോണ്‍ഗ്രസ് നേതാക്കളായ എ.കെ ആന്റണിക്കും വയലാര്‍ രവിക്കും പിന്‍ഗാമിയായി ദേശീയ നേതൃനിരയിലെത്തിയ കെ.സിയാണ് സംഘടനാ ചുമതല വഹിക്കുന്ന ആദ്യ മലയാളി എന്നത് അദ്ദേഹത്തിന്റെ പ്രാധാന്യം അടിവരയിടുന്നു.
 അക്കാലത്ത്  കര്‍ണ്ണാടക, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സര്‍ക്കാരുകളുടെ രൂപീകരണത്തില്‍ മുഖ്യപങ്ക് വഹിച്ചത് കെ.സിയായിരുന്നു. പണമൊഴുക്കിയും ഭീഷണിപ്പെടുത്തിയും ബിജെപി ജനാധിപത്യത്തെ അട്ടിമറിക്കുന്ന കാലത്താണ് കെ.സിയുടെ നേതൃത്വത്തില്‍ അതിനെയെല്ലാം അതീജിവിച്ചത്. 
കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നാലായിരം കിലോമീറ്ററോളം രാഹുല്‍ഗാന്ധി പദയാത്രയായി സഞ്ചരിച്ച ‘ഭാരത് ജോഡോ യാത്ര’ യുടെ മുഖ്യ സംഘാടകനും കെ.സി വേണുഗോപാലായിരുന്നു. നൂറുദിവസത്തോളം രാഹുലിനൊപ്പം കെ.സിയും കാല്‍നടയായി നടന്നു. മണിപ്പൂരില്‍ നിന്നും മഹരാഷ്ട്രയിലേക്ക് രാഹുല്‍ഗാന്ധി നയിച്ച ‘ഭാരത് ജോഡോ ന്യായ് യാത്ര’യുടെ പ്രധാന ആസൂത്രകനും കെ.സിയായിരുന്നു. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജ്ജുൻ ഖാർഗെ എന്നിങ്ങനെ മൂന്ന് എഐസിസി പ്രസിഡന്റുമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച പരിചയ സമ്പത്തുമായാണ് കെ.സി വേണുഗോപാല്‍ ബിജെപിക്കെതിരായ ദേശീയ ബദല്‍ രൂപീകരിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചത്.
 ഇന്ന് ദേശീയതലത്തില്‍ രൂപപ്പെട്ട ‘ഇന്ത്യ’മുന്നണിയുടെ പ്രധാന സംഘാടകനും ആസൂത്രകനും കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗവുമാണ് കെ.സിയെന്ന മലയാളി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, എന്‍സിപി നേതാവ് ശരദ് പവാര്‍, ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് മുതല്‍ കാശ്മീരിലെ ഫാറൂഖ് അബ്ദുള്ളയും മെഹബൂബ മുഫ്ത്തിയും വരെ നീളുന്ന നേതാക്കളുമായുള്ള ദൃഢബന്ധവും ഏതു സമയത്തും അവരുമായി പ്രശ്ന പരിഹാരത്തിനും പരിപാടികള്‍ ഏകോപിപ്പിക്കാനുമുള്ള വ്യക്തിബന്ധവും വേണുഗോപാലിന്റെ നയതന്ത്ര മികവിനു തെളിവാണ്.
കേന്ദ്ര സര്‍ക്കാറിന്റെ രാഷ്ട്രീയ സമ്മര്‍ദ്ദവും അന്വേഷണ ഏജന്‍സികളുടെ നിരന്തരമായ ഭീഷണിയും അതിജീവിച്ചാണ് ഇതിനു നേതൃത്വം നല്‍കുന്നത് എന്നതും ചെറിയ കാര്യമല്ല.
 കോണ്‍ഗ്രസിന്റെ ഓരോ തീരുമാനങ്ങളും സാകൂതം വീക്ഷിക്കുകയാണ് ദേശീയ രാഷ്ട്രീയം; ആ തീരുമാനങ്ങളിലെല്ലാം കയ്യൊപ്പ് ചാര്‍ത്തുന്നത് കെ.സി വേണുഗോപാലെന്ന മലയാളിയാണ്. മല്ലികാർജ്ജുൻ ഖാർഗെയുടെയും രാഹുൽ ഗാന്ധിയുടെയും പോലും തീരുമാനങ്ങളെ സ്വാധീനിക്കാൻ കെൽപ്പുള്ള ഒരാളായി കെ.സി വേണുഗോപാൽ മാറിയത് നിരന്തര പരിശ്രമങ്ങളിലൂടെയും വിശ്വസ്തതയിലൂടെയും ബുദ്ധി കൂർമ്മതയിലൂടെയും സംഘാടന പാടവത്തിലൂടെയുമാണെന്ന് വിസ്മരിക്കാനാകില്ല.
അക്ഷരാര്‍ത്ഥത്തില്‍ സ്വന്തം നേതൃത്വ ശേഷി കൊണ്ട് ഇന്ദ്രപ്രസ്ഥം കീഴടക്കുകയായിരുന്നു അദ്ദേഹം.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed