കനലൊരു തരിയായി ആലത്തൂര്‍; തല കുനിക്കാതെ കെ രാധാകൃഷ്ണന്‍, പതിനായിരം കടന്ന് നോട്ടയും

2024 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ടം മുതല്‍ കേരളത്തിലെ ഒരു തരിക്കനലായി മിന്നിയത് ആലത്തൂര്‍ മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്‍ മാത്രമായിരുന്നു. ഇടയ്ക്ക് ആറ്റിങ്ങല്‍ സ്ഥാനാര്‍ത്ഥി ആ തരി ഊതിപ്പെരുപ്പിച്ചെങ്കിലും അവസാന വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ ആറ്റിങ്ങലിലെ കനല്‍തരിയും അണഞ്ഞു. അതേസമയം ആലത്തൂര്‍ കെ രാധാകൃഷ്ണനൊപ്പം നിന്ന് സമ്പൂര്‍ണ്ണ പരാജയത്തില്‍ നിന്നും സിപിഎമ്മിനെയും എല്‍ഡിഎഫിനെയും കാത്തു. 

2008-ല്‍ രൂപീകൃതമായതിന് ശേഷം ആലത്തൂര്‍ പാര്‍ലമെന്‍റ് മണ്ഡലം മൂന്ന് ലോകസഭാ തെരഞ്ഞെടുപ്പുകള്‍ക്കാണ് വേദിയായത്.  വടക്കാഞ്ചേരി, കുന്നംകുളം, ചേലക്കര, ആലത്തൂര്‍, നെന്മാറ, ചിറ്റൂര്‍, തരൂര്‍ എന്നിവയാണ് ആലത്തൂര്‍ മണ്ഡലത്തിലുള്‍പ്പെടുന്ന പ്രധാന നിയമസഭാ മണ്ഡലങ്ങള്‍. 2009, 2014 തെരഞ്ഞെടുപ്പുകളില്‍ ലോക്‌സഭയിലേക്ക് സിപിഎമ്മിനെ പിന്തുണച്ച ആലത്തൂര്‍ 2019-ല്‍ സിപിഎമ്മിനെ കൈവിട്ടു. ഇടതുപക്ഷത്തിന്‍റെ ഉറച്ച മണ്ഡലമായിരുന്ന ആലത്തൂര്‍ 2019 -ല്‍ കേരളത്തില്‍ രാഹുല്‍ ഗാന്ധിയുയര്‍ത്തിയ കോണ്‍ഗ്രസ് തരംഗത്തില്‍ യുഡിഎഫിനൊപ്പം നിന്നു. ഹാട്രിക് വിജയം തേടി ഇറ്ങ്ങിയ പി കെ ബിജുവിനെ പരാജയപ്പെടുത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്  1,58,968 വോട്ടുകളുടെ വന്‍ ജയം നേടി. 

രമ്യയുടെ ‘പാട്ട്’ ഏശിയില്ല? ആലത്തൂരിൽ രാധാകൃഷ്ണന് മുന്നേറ്റം, കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ലെന്നും പ്രതികരണം

ഇത്തവണ എന്ത് വില കൊടുത്തും ആലത്തൂര്‍ പിടിക്കുക എന്നത് എല്‍ഡിഎഫിന്‍റെ ലക്ഷ്യമായിരുന്നു. അതിനായി രണ്ടാം വിജയം തേടി ഇറങ്ങിയ രമ്യാ ഹരിദാസിനെതിരെ മന്ത്രി കൂടിയായ കെ രാധാകൃഷ്ണനെ തന്നെ പാര്‍ട്ടി രംഗത്തിറക്കി. സിപിഎമ്മിന്‍റെ കണക്കു കൂട്ടലുകള്‍ തെറ്റിക്കാതെ ആലത്തൂര്‍ എല്‍ഡിഎഫിന് സംസ്ഥാനത്തെ ഏക വിജയം സമ്മാനിച്ചു. 52.4 ശതമാനം വോട്ടോടെ 5,33,815 വോട്ടുകള്‍ നേടി 2019 ല്‍ ലോകസഭയിലെത്തിയ രമ്യാ ഹരിദാസിന് പക്ഷേ 2024 ല്‍ 38.63 ശതമാനം വോട്ടോടെ 3,83,336 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

സംസ്ഥാനത്ത് തൃശൂര്‍ ഒഴികെ മറ്റ് മണ്ഡലങ്ങള്‍ സിപിഎം നിലനിർത്തിയപ്പോള്‍ ആലത്തൂര്‍ നിലനിര്‍ത്താന്‍ രമ്യയ്ക്ക് കഴിയാതെ പോയി. കെ രാധാകൃഷ്ണന്‍ 40.66 ശതമാനം വോട്ട് ഷെയറോടെ 4,03,447 വോട്ടോടെ കനല്‍ത്തരി നിലനിര്‍ത്തി. 1,88,230 വോട്ടുകളാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ഡോ. ടി എന്‍ സരസുവിന് ലഭിച്ചത്. അതേസമയം നോട്ട (12,033) ഏറെ നേട്ടമുണ്ടാക്കി.

By admin