കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പു ഫലം അറിയാനുള്ള ഒരു മാസവും ഒരാഴ്ചയും നീണ്ട കാത്തിരിപ്പിന് വിരാമം, എല്ലാ കണ്ണും നാട്ടകത്തെ കോട്ടയം ഗവണ്‍മെന്റ് കോളജിലേക്ക്. വോട്ടെണ്ണൽ കേന്ദ്രത്തിൽ ഒരുക്കങ്ങൾക്ക് തുടക്കമായി. കൗണ്ടിങ് ജീവനക്കാരുടെ റാൻഡമൈസേഷൻ പൂർത്തീകരിച്ചു. തെരഞ്ഞെടുപ്പ് നിരീക്ഷകരുടെയും വരണാധികാരിയുടെയും ഉപവരണാധികാരികളുടെയും സാന്നിധ്യത്തിലാണ് ഓരോ വോട്ടെണ്ണൽ മേശയിലേക്കുമുള്ള കൗണ്ടിങ് ഉദ്യോഗസ്ഥരെ നിയോഗിച്ചത്.
രാവിലെ 7.30ന് സ്‌ട്രോങ് റൂം തുറന്ന് ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ അഞ്ചിടങ്ങളിലായി സജ്ജീകരിച്ച വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെത്തിക്കും.ഇന്നു രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. എട്ടിന് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങും. തുടര്‍ന്ന് ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടെണ്ണല്‍ ആരംഭിക്കും. ഒന്‍പതിന് ആദ്യഫലസൂചന ലഭ്യമാകും. പിറവം, പാലാ, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂര്‍, കോട്ടയം, പുതുപ്പള്ളി മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് കോട്ടയം ലോക്‌സഭ മണ്ഡലം. 14 സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്.
വോട്ടെണ്ണലിനായി 675 ഉദ്യോഗസ്ഥരെ നിയോഗിച്ച് പരിശീലനം നല്‍കി. 158 കൗണ്ടിങ് സൂപ്പര്‍വൈസര്‍മാരെയും 158 മൈക്രോ ഒബ്‌സര്‍വര്‍മാരെയും 315 കൗണ്ടിങ് അസിസ്റ്റന്റുമാരെയും നിയോഗിച്ചിട്ടുണ്ട്. പോസ്റ്റല്‍ ബാലറ്റുകളും ഇ.ടി.പി.ബി.എസും എണ്ണുന്നതിന് നേതൃത്വം നല്‍കാന്‍ 44 അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരെയും ക്രമസമാധാനപരിപാലനത്തിനായി നാല് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെയും നിയോഗിച്ചിട്ടുണ്ട്.
വോട്ടെണ്ണലിനായി മൊത്തം 129 മേശയാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇലക്രേ്ടാണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടെണ്ണാന്‍ മൊത്തം 98 മേശ ഒരുക്കിയിട്ടുണ്ട്. ഓരോ നിയമസഭാ മണ്ഡലത്തിനും 14 മേശ വീതമാണുള്ളത്. പോസ്റ്റല്‍ ബാലറ്റുകളും ഇലക്രേ്ടാണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റുകളും (ഇ.ടി.പി.ബി.എസ്.) എണ്ണുന്നതിനായി 31 മേശയും സജ്ജീകരിച്ചു.ഒരു മണ്ഡലത്തില്‍ പരമാവധി 13 വോട്ടെണ്ണല്‍ റൗണ്ടുകളാണുള്ളത്.
ഒരേ സമയം 14 മേശയില്‍ ഇലക്രേ്ടാണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടെണ്ണും. പിറവം-12, പാലാ-13, കടുത്തുരുത്തി-13, വൈക്കം-12, ഏറ്റുമാനൂര്‍-12, കോട്ടയം-13, പുതുപ്പള്ളി-13 എന്നിങ്ങനെയാണ് വോട്ടെണ്ണല്‍ റൗണ്ടുകള്‍. ഓരോ റൗണ്ടും പൂര്‍ത്തീകരിക്കുമ്പോള്‍ ലീഡ് നില അറിയാം.വോട്ടെണ്ണലിനായി കോളജിലെ കെട്ടിടങ്ങള്‍ക്കൊപ്പം കൂറ്റന്‍ പന്തലുകളും കോട്ടയം ഗവണ്‍മെന്റ് കോളജിന്റെ മൈതാനത്ത് ഒരുക്കിയിട്ടുണ്ട്. 1600 ചതുരശ്ര മീറ്ററും 875 ചതുരശ്ര മീറ്ററും വിസ്തീര്‍ണ്ണമുള്ള രണ്ടു വലിയ പന്തലുകളാണ് ജര്‍മന്‍ ടെന്‍ഡുപയോഗിച്ചു സുരക്ഷിതമായി നിര്‍മിച്ചിട്ടുള്ളത്.