ജിദ്ദ : ലോക്സഭാ തെരഞ്ഞെടുപ്പടുത്ത സന്ദർഭത്തിൽ ജനാധിപത്യ മൂല്യങ്ങളെ ചവിട്ടി മെതിച്ചു ഹീന മാർഗ്ഗങ്ങളിലൂടെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെ നിർവ്വീര്യമാക്കുന്നതിനുള്ള ശ്രമങ്ങൾ മോദിയും ബിജെപിയും നടത്തിയിട്ടും അതിനെയൊക്കെ മറികടന്ന് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സും ഇന്ത്യ മുന്നണിയും നേടിയ വലിയ മുന്നേറ്റം ജനാധിപത്യ മതേതര വിശ്വാസികൾക്ക് ആവേശകരമാണെന്നു ഒഐസിസി വെസ്റ്റേൺ റീജിയണൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.
കോൺഗ്രസ്സിന്റെ അക്കൗണ്ട് മരവിപ്പിച്ചതുൾപ്പെടെയുള്ള പ്രതിബന്ധങ്ങളെ തരണം ചെയ്തു കോൺഗ്രസ് കൈവരിച്ച മുന്നേറ്റം രാഹുൽ ഗാന്ധിയുടെ ഇച്ചാശക്തിയുടെയും കഠിനാദ്ധ്വാനത്തിന്റെയും ഭാരത് ജോടോ യാത്ര ഉൾപ്പെടെയുള്ള ജനകീയ മുന്നേറ്റങ്ങളുടെയും ഫലമാണ്.
പ്രധാനമന്ത്രി പച്ചക്കു വർഗ്ഗീയ വിദ്വേഷ പ്രസംഗത്തിൽ ശ്രദ്ധയൂന്നിയപ്പോൾ കോൺഗ്രസ് ന്യായ് ഉൾപ്പെടെയുള്ള ജനകീയ പദ്ധതികളും ജീവൽപ്രശ്നങ്ങളുമാണ് പ്രചാരണമാക്കിയത്. തെരഞ്ഞെടുപ്പിലെ മുന്നേറ്റം രാഹുൽ ഗാന്ധിയുടെ വൻവിജയവും മോദിപ്രഭാവത്തിനേറ്റ വലിയ ഇടിവുമാണ്. പ്രധാനമന്ത്രിയുടെ ഭൂരിപക്ഷം ക്രമാതീതമായി കുറഞ്ഞതും അയോദ്ധ്യയിൽ പോലും ബിജെപി പരാജയപ്പെട്ടതും വർഗ്ഗീയ രാഷ്ട്രീയത്തിന് അധികകാലം ആയുസ്സില്ല എന്ന് തെളിയിക്കുന്നതാണ്.
സംസ്ഥാന സർക്കാരിനെതിരെയുള്ള ജനങ്ങളുടെ ഭരണവിരുദ്ധ വികാരം യുഡിഎഫിന്റെ തിളക്കമാർന്ന വിജയത്തിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. മോദിയുടെ വർഗ്ഗീയ രാഷ്ട്രീയത്തോട് സമരസപ്പെട്ടുള്ള മുഖ്യമന്ത്രി പിണറായി വിജയൻറെയും സിപിഎമ്മിന്റെയും നയങ്ങളോടുള്ള ശക്തമായ എതിർപ്പും തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ടെന്നു ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.