ടൊറന്റോ: ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതിയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ ശ്ലൈഹിക സന്ദര്‍ശനം ഓഗസ്റ്റ് 16 മുതല്‍ 18 വരെ കാനഡയിലെ വിവിധ ഇടവകകളില്‍ നടക്കും.
യാക്കോബായ സുറിയാനി സഭയുടെ നോര്‍ത്ത് അമേരിക്കന്‍ അതിഭദ്രാസനത്തിന് കീഴിലുള്ള മിസിസ്സാഗ സെൻ്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയുടെ നാല്‍പ്പതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പരിശുദ്ധ ബാവായുടെ ശ്ലൈഹിക സന്ദര്‍ശനം. യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ കാനഡയിലുള്ള പ്രഥമ ദേവാലയമാണ് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളി.ഓഗസ്റ്റ് പതിനാറിന് കാനഡയില്‍ എത്തിച്ചേരുന്ന പരിശുദ്ധ പിതാവിനെ ഓഗസ്റ്റ് പതിനേഴിന് നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന കാനഡ റീജിയന്‍റെ നേതൃത്വത്തില്‍ മോര്‍ ബര്‍സൗമ സുറിയാനി പള്ളിയില്‍ സ്വീകരണം നല്‍കും.
തുടര്‍ന്ന് ഓഗസ്റ്റ് പതിനെട്ടിന് മിസിസ്സാഗ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ രാവിലെ പരിശുദ്ധ പിതാവിനും മെത്രാപ്പൊലീത്താമാര്‍ക്കു സ്വീകരണവും പരിശുദ്ധ ബാവായുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും അര്‍പ്പിക്കും.