അവസാനം വരെ ആവേശം; ഫോട്ടോഫിനിഷില്‍ ആറ്റിങ്ങലിൽ വിജയം അടൂര്‍ പ്രകാശിന്
ആറ്റിങ്ങല്‍: ഈ ലോക്സഭ തെരഞ്ഞെടുപ്പിലെ തന്നെ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മണ്ഡലമാണ് ആറ്റിങ്ങല്‍. ലീഡ് നില മാറിയും മറിഞ്ഞും മണ്ഡലം ആര്‍ക്കും പിടികൊടുക്കാതെ നിന്നപ്പോള്‍ ഫോട്ടോഫിനിഷിലൂടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. അടൂര്‍ പ്രകാശ് വിജയമുറപ്പിച്ചു. 1708 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് അടൂര്‍ പ്രകാശ് വിജയിച്ചത്.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ജോയിയും അടൂര്‍ പ്രകാശും തമ്മില്‍ കടുത്ത മത്സരമാണ് ആറ്റിങ്ങലില്‍ നടന്നത്. ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി വി മുരളീധരന്‍ മൂന്നാമതാണ്. 322884 വോട്ടാണ് അടൂര്‍ പ്രകാശിന് നേടാനായത്. വി. ജോയി 321176 വോട്ടും വി മുരളീധരന്‍ 307133 വോട്ടും നേടി.
പൊതുവില്‍ ചുവപ്പിനോട് ഒരു പ്രത്യേക അടുപ്പമുള്ള മണ്ഡലമെന്ന ഖ്യാതിയാണ് എന്നും ആറ്റിങ്ങലിനുള്ളത്. ഇടതുപക്ഷത്തിന് മേല്‍ക്കൈ ഉള്ള മണ്ഡലമാണെങ്കിലും കോണ്‍ഗ്രസിലെ പ്രഗത്ഭരായ സ്ഥാനാര്‍ഥികളെയും ആറ്റിങ്ങല്‍ വാരിപ്പുണര്‍ന്നിട്ടുണ്ട്. വയലാര്‍ രവി മുതല്‍ സിറ്റിംഗ് എം പി അടൂര്‍ പ്രകാശ് വരെയുള്ളവരുടെ വിജയചരിത്രവും അതാണ് വിരല്‍ ചൂണ്ടുന്നത്. പണ്ട് ചിറയിന്‍കീഴായിരുന്ന മണ്ഡലം 2009 ലാണ് ആറ്റിങ്ങലായി മാറിയത്. വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട എന്നീ നിയമസഭാ മണ്ഡലങ്ങള്‍ അടങ്ങുന്നതാണ് ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലം.
സാക്ഷാല്‍ സുശീല ഗോപാലനെയും അനിരുദ്ധനെയും പാര്‍ലമെന്റിലേക്കയച്ച മണ്ഡലം 10 തവണയാണ് ചുവന്നിട്ടുള്ളത്. വയലാര്‍ രവിയും തലേക്കുന്നില്‍ ബഷീറും ഒടുവില്‍ അടൂര്‍ പ്രകാശുമടക്കം 6 തവണ യു ഡി എഫും ജയിച്ചുകയറിയിട്ടുണ്ട്.
57 -ലും 62 -ലും എം കെ കുമാരനിലൂടെയും 67 -ല്‍ അനിരുദ്ധനിലൂടെയും അന്നത്തെ ചിറയിന്‍കീഴ് ചെങ്കൊടിയേന്തി. എന്നാല്‍ 71 -ലും 77 -ലും വയലാര്‍ രവിക്കാണ് ചിറയിന്‍കീഴ് കൈ കൊടുത്തത്. 80 -ല്‍ എ എ റഹിമിനും 84 -ലും 89 -ലും തലേക്കുന്നില്‍ ബഷീറിലൂടെയും മണ്ഡലം കൈപ്പത്തിക്കൊപ്പം നിന്നു. എന്നാല്‍ 91 -ല്‍ സാക്ഷാല്‍ സുശീല ഗോപാലന്‍ വീണ്ടും ചിറയിന്‍കീഴില്‍ ചെങ്കൊടി പാറിച്ചു. ജയിലില്‍ കിടന്ന അച്ഛന്‍ അനിരുദ്ധന് വേണ്ടി കുഞ്ഞുപ്രായത്തില്‍ വോട്ട് തേടിയ എ സമ്പത്തിനായിരുന്നു 1996 -ല്‍ മണ്ഡലം വമ്പന്‍ ജയം കരുതിവച്ചത്.
98 -ലും 99 -ലും 2004 -ലും ജയിച്ചുകയറിയ വര്‍ക്കല രാധാകൃഷണന്‍ ഹാട്രിക്ക് അടിച്ചു. ശേഷം ആറ്റിങ്ങലായി പരിണമിച്ച മണ്ഡലം 2009 -ലും 2014 -ലും എ സമ്പത്തിനെ വാരിപ്പുണര്‍ന്നു. അടൂരില്‍ നിന്നും പ്രകാശ് മണ്ഡലത്തിലെത്തിയപ്പോള്‍ 28 കൊല്ലത്തെ ആറ്റിങ്ങല്‍ ചെങ്കൊട്ട പൊളിഞ്ഞുവീഴുന്ന കാഴ്ചയാണ് 2019 -ല്‍ കേരളം കണ്ടത്.