അടിച്ച് കേറി വന്നെടാ മക്കളേ! ഗ്രൗണ്ടും ഗ്യാലറിയും എതിരായിട്ടും ധർമ്മടത്തടക്കം ലീഡെടുത്ത് സുധാകരന്റെ മാസ് വിജയം
കണ്ണൂരിലെ റെക്കോഡ് ജയവും കേരളത്തിൽ യുഡിഎഫിന്റെ വമ്പൻ നേട്ടവും കൂടുതൽ കരുത്തനാക്കുന്നത് കെപിസിസി പ്രസിഡന്റ് കെ സുധാകരനെയാണ്. സ്വന്തം തെരഞ്ഞെടുപ്പ് രാഷ്ട്രീയ ചരിത്രത്തിൽ, അനുകൂല സാഹചര്യങ്ങൾ ഏറ്റവും കുറഞ്ഞ പോരാട്ടങ്ങളിലൊന്നായിരുന്നു ഇത്തവണ സുധാകരന്റേത്, അതെല്ലാം മറികടന്ന് വമ്പൻ ഭൂരിപക്ഷത്തിൽ ജയിച്ചുകയറുമ്പോൾ അത്, അരികിലാക്കാൻ നോക്കിയവർക്കുളള മറുപടി കൂടിയായി മാറുകയാണ്.
ഗ്രൗണ്ടും ഗ്യാലറിയും അനുകൂലമല്ലായിരുന്നു സുധാകരന്റെ കണ്ണൂരിൽ. മത്സരത്തിനിറങ്ങിയതാവട്ടെ മടിച്ചുമടിച്ചും. ഒതുങ്ങി കെപിസിസി അധ്യക്ഷ സ്ഥാനത്തിരിക്കാൻ ആഗ്രഹിച്ചെങ്കിലും ഹൈക്കമാന്റിന് വഴങ്ങി സ്ഥാനാർത്ഥിയാകേണ്ടി വന്നു. പകരം വെക്കാൻ ആളില്ലെന്ന നിർബന്ധത്തിന് വഴങ്ങി. പിന്നീട് പ്രചാരണത്തിലേക്ക് കടന്നിട്ടും സുധാകരനെ ശനി വിട്ടുപോയില്ല.
നെഗറ്റീവുകളുടെ ഘോഷയാത്രയിലാണ് പ്രചാരണം തുടങ്ങിയത്. നാക്കുപിഴകൾ എതിരാളികളുടെ ആയുധമായി. ബിജെപിയോട് അടുപ്പമെന്ന ആരോപണം കടുത്തു. ന്യൂനപക്ഷങ്ങൾ കൂടെ നിൽക്കില്ലെന്ന തോന്നലുമുണ്ടായി. കെ സുധാകരൻ, എന്ന സ്ഥാനാർത്ഥിയുടെ ആരോഗ്യപ്രശ്നങ്ങളും ഉത്സാഹമില്ലായ്മയും പ്രചാരണവേളയിൽ നിരന്തരം വിഷയങ്ങളായി. ഒടുവിൽ,പതിറ്റാണ്ടുകളായി, കണ്ണൂരെന്ന ചെങ്കോട്ടയിൽ സിപിഎമ്മിനോട് ഏറ്റുമുട്ടി ഇടമുണ്ടാക്കിയ സുധാകരന് രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും തിളക്കമുളള ഒരു ജയം കൂടി. ഒരു പക്ഷെ പഴയതിനേക്കാൾ മൂല്യമുള്ള ഒന്ന്. ഒരു ലക്ഷം കടന്ന റെക്കോഡ് ഭൂരിപക്ഷവും.
കണ്ണൂരിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ട മറ്റൊരു നേട്ടം കൂടി സുധാകരൻ സ്വന്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ ധര്‍മ്മടം മണ്ഡലത്തിലും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ തളിപ്പറമ്പ് മണ്ഡലത്തിലും കെകെ ശൈലജയുടെ മട്ടന്നൂര്‍ മണ്ഡലത്തിലും കെ സുധാകരൻ ഭൂരിപക്ഷം നേടി. ധര്‍മ്മടത്ത് മാത്രം ആദ്യ രണ്ട് റൗണ്ട് എണ്ണിയപ്പോൾ 2205 വോട്ട് ഭൂരിപക്ഷം ലഭിച്ചത് ആകാംക്ഷയോടെയാണ് യുഡിഎഫ് ക്യാമ്പ് അടക്കം കണ്ടത്. ലോക്സഭാ മണ്ഡലത്തിലെ മുഴുവൻ നിയോജക മണ്ഡലങ്ങളിലും ലീഡ് കെ സുധാകരനാണ്. ആദ്യ മൂന്ന് റൗണ്ടിൽ തന്നെ സുധാകരൻ ലീഡ് 26,729 ലേക്ക് ഉയര്‍ത്തിയിരുന്നു. കഴിഞ്ഞ തവണത്തേക്കാൾ രണ്ടായിരത്തോളം കൂടുതലായിരുന്നു ഇത്
കണ്ണൂരിൽ സുധാകര വിരുദ്ധ വോട്ടുകളിലായിരുന്നു സിപിഎമ്മിന്റെ കണ്ണ്. അത് ഫലം കണ്ടില്ല. മാത്രമല്ല, വ്യാപക ആരോപണങ്ങളിലൂടെ സുധാകരനെ ന്യൂനപക്ഷങ്ങളിൽ നിന്ന് അകറ്റാമെന്ന സിപിഎം ധാരണയും തെറ്റി. ന്യൂനപക്ഷങ്ങളും സുധാകരനെ കൈവിട്ടില്ല. ബിജെപി വോട്ട് വൻ തോതിൽ കൂട്ടിയിട്ടും ഇളകാത്ത യുഡിഎഫ് വോട്ടു കണക്കാണ് അതിന് തെളിവ്.
ഇരുപതിൽ 18 യുഡിഎഫ് മുന്നണി ജയിക്കുമ്പോൾ ഒറ്റയ്ക്ക് ക്രെഡിറ്റും സുധാകരന് വേണ്ട. ഒഴിവാക്കാൻ അവസരം നോക്കിയിരിക്കുന്നവർക്ക് ഭൂരിപക്ഷമായി ലക്ഷം വോട്ട് കൊണ്ട് മറുപടിയും. നൽകുന്നു സുധാകരൻ.
പിണറായിയുടെ ബൂത്തിൽ ഇരട്ടിയായി ബിജെപി വോട്ടുകൾ; ഇടിഞ്ഞ് എൽഡിഎഫ്