പാലക്കാട്: 42 ദിവസമായി നിയമ വിരുദ്ധമായി അടച്ചുപൂട്ടിയ അഗസ്റ്റിൻ ടെക്സ്റ്റയിൽ കളേഴ്സ് കമ്പനി ഉടൻ തുറന്നു പ്രവർത്തിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയൻ ആവശ്യപ്പെട്ടു. സംയുക്ത യൂണിയനുകളുടെ നേതൃത്വത്തിൽ കമ്പനി പടിക്കൽ തൊഴിലാളികളും കുടുംബാംഗങ്ങളും നടത്തിയ പ്രതിഷേധ സമരം ബി.എം.എസ് സംസ്ഥാന സെക്രട്ടറി വി. രാജേഷ് ഉദ്ഘാടനം ചെയ്തു.
കേരളത്തിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ജീവനക്കാർ ചായ കുടിക്കാൻ പോയ പേരു പറഞ്ഞ് ഒരു കമ്പനി അടച്ചു പൂട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു. തികച്ചും തൊഴിലാളി വിരുദ്ധ നിലപാടാണ് മാനേജ്മെൻ്റ് സ്വീകരിക്കുന്നതെന്നും ചർച്ചക്ക് പോലും തയ്യാറാവാത്ത ധാർഷ്ട്യം അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
ഈ നിലപാട് തിരുത്താൻ തയ്യാറാവാത്ത പക്ഷം തൊഴിലാളികളെ അണിനിരത്തി ശക്തമായ പ്രതിഷേധത്തിന് കൂട്ടായ്മ നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്.ധനരാജ് അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റി അംഗം എസ്.ബി. രാജു,ഐ എൻ ടി യു സി ജില്ലാ പ്രസിഡൻ്റ് എസ്.കെ.അനന്തകൃഷ്ണൻ, വിവിധ സംഘടനാനേതാക്കളായ പി.കെ രവീന്ദ്രനാഥ്, കളത്തിൽ കൃഷ്ണൻകുട്ടി, എസ്. രാജേന്ദ്രൻ, എം. അനന്തൻ, ചന്ദ്രശേഖരൻ, കെ.വി. നന്ദനൻ, ബി. എം. എസ്. ജില്ലാ സെക്രട്ടറി കെ.രാജേഷ് എന്നിവർ സംസാരിച്ചു. എം.പ്രകാശൻ സ്വാഗതവും,ബാലസുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു.