ഏലപ്പാറ∙ വാഗമണ്ണിൽ വിനോദസഞ്ചാരികൾ എത്തുന്ന കേന്ദ്രങ്ങളിൽനിന്നു മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനെ സംബന്ധിച്ചു പഞ്ചായത്തും ഡിടിപിസി അധികൃതരും തമ്മിൽ പഴിചാരുന്നതിനിടെ പ്രദേശത്ത് മാലിന്യം നിറയുന്നു.
ഏലപ്പാറ– വാഗമൺ റോഡിലും പൈൻവാലി റോഡ്, അഡ്വഞ്ചർ പാർക്ക് പാത തുടങ്ങിയ സ്ഥലങ്ങളിലുമാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ, കുപ്പികൾ എന്നിവ കൂടിക്കിടക്കുന്നത്. പാഴ്‌വസ്തുക്കളും മറ്റും നിറഞ്ഞ ചാക്കു കെട്ടുകളും വഴിയോരങ്ങളിൽ കിടക്കുന്നുണ്ട്. മഴ ശക്തമായതോടെ ഇവയിൽ പലതും അഴുകി ജീർണിച്ചു നാറുകയാണ്.
വിനോദസഞ്ചാര കേന്ദ്രങ്ങളിൽനിന്നു വരുമാനം ലഭിക്കുന്ന ഡിടിപിസി മാലിന്യ നിർമാർജന പ്രവർത്തനങ്ങൾക്കായി പണം ചെലവഴിക്കുന്നില്ലെന്നാണ് ഏലപ്പാറ പഞ്ചായത്തിന്റെ പരാതി. മാലിന്യം നീക്കം ചെയ്യൽ പദ്ധതിയോട് ഒരു തരത്തിലും ഡിടിപിസിയും കരാർ എടുത്തിരിക്കുന്ന സ്വകാര്യ വ്യക്തികളും സഹകരിക്കുന്നില്ല എന്നാണ് പഞ്ചായത്ത് നിലപാട്.
എന്നാൽ മാലിന്യ നീക്കത്തിന്റെ പൂർണ ഉത്തരവാദിത്തം പഞ്ചായത്തിനു തന്നെ ആണെന്ന് ഡിടിപിസി അധികൃതർ പറയുന്നു. കൂടാതെ മാലിന്യ നീക്കം സംബന്ധിച്ച് പഞ്ചായത്ത് രേഖാമൂലംമൂലം ആവശ്യം ഉന്നയിച്ചിട്ടില്ലെന്നും വാദിക്കുന്നു.