ഗാസ: ഗാസയിലും റഫയിലും നടത്തിവരുന്ന ആക്രമണം അവസാനിപ്പിക്കാന്‍ ഇസ്രയേല്‍ സന്നദ്ധത പ്രകടിപ്പിച്ചു. എന്നാല്‍, സോപാധികമായാണ് വാഗ്ദാനം. മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയാണ് ഇതിനായി ഇസ്രയേല്‍ മുന്നോട്ടുവച്ചിരിക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വെളിപ്പെടുത്തി.
സമ്പൂര്‍ണ വെടിനിര്‍ത്തല്‍, ഇസ്രയേല്‍ സൈനിക പിന്‍മാറ്റം, ബന്ദികളുടെ മോചനം എന്നിവയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. ആറാഴ്ചകൊണ്ട് ഇതു പൂര്‍ത്തിയാക്കാമെന്നാണ് നിര്‍ദേശം. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗാസയിലെ എല്ലായിടങ്ങളില്‍ നിന്നും ഇസ്രയേല്‍ സൈന്യം പിന്‍മാറുമെന്നാണ് പ്രഖ്യാപനം. ഗാസയില്‍ അറുനൂറോളം ട്രക്കുകളെത്തിക്കാനും മരുന്നും മറ്റു സഹായങ്ങളും അനുവദിക്കും.
തടവില്‍ തുടരുന്ന എല്ലാ ബന്ദികളേയും പുരുഷ സൈനികരെയും മോചിപ്പിക്കുന്നതാണ് രണ്ടാം ഘട്ടം. മൂന്നാം ഘട്ടത്തില്‍ ഗാസയുടെ പുനര്‍നിര്‍മാണമാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇരുകൂട്ടരും വെടി നിര്‍ത്തല്‍ ഉപാധികള്‍ അംഗീകരിക്കണമെന്നും അമേരിക്കയുടെ നയതന്ത്രശ്രമങ്ങളുടെ ഫലമാണ് നിര്‍ദേശങ്ങളെന്നും ബൈഡന്‍.
ഇസ്രയേല്‍ യുദ്ധം അവസാനിപ്പിക്കുകയാണെങ്കില്‍ മുഴുവന്‍ വ്യവസ്ഥകളും അംഗീകരിച്ചുകൊണ്ടുള്ള കരാറിന് തങ്ങള്‍ തയ്യാറാണെന്ന് ഹമാസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.