പൂനെ: മദ്യലഹരിയില്‍ ആഡംബര കാറോടിച്ച് രണ്ടു പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ 17കാരന്‍റെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. രക്തസാമ്പിളില്‍ തിരിമറി നടത്താന്‍ സഹായിച്ചതിനാണ് യുവതിയെ ശനിയാഴ്ച അറസ്റ്റ് ചെയ്തതെന്ന് പൂനെ പൊലീസ് കമ്മീഷണർ അമിതേഷ് കുമാർ പറഞ്ഞു. അപകടത്തിന് പിന്നാലെ പരിശോധനക്കായി 17കാരന്‍റെ രക്തസാമ്പിളുകള്‍ ശേഖരിച്ചെങ്കിലും പ്രതിയുടെ രക്തസാമ്പിളിനു പകരം അമ്മയുടെ രക്തസാമ്പിള്‍ ഉപയോഗിച്ചാണ് ഡോക്ടര്‍മാര്‍ പരിശോധന നടത്തിയത്.
പ്രതിയുടെ കുടുംബത്തില്‍ നിന്നുള്ള നാലാമത്തെ അറസ്റ്റാണിത്. നേരത്തെ പിതാവ് വിശാല്‍ അഗര്‍വാളിനെയും മുത്തച്ഛന്‍ സുരേന്ദ്ര അഗര്‍വാളിനെയും അറസ്റ്റ് ചെയ്തിരുന്നു. പ്രതിയുടെ രക്തസാമ്പിളിൽ കൃത്രിമം കാണിച്ചതിന് സസൂൺ ആശുപത്രിയിലെ ഫോറൻസിക് മെഡിസിൻ വിഭാഗം മേധാവി ഡോ. അജയ് തവാരെ, മെഡിക്കൽ ഓഫീസർ ഡോ. ശ്രീഹരി ഹൽനോർ, അതുൽ ഘട്കാംബ്ലെ എന്ന ജീവനക്കാരൻ എന്നിവരെയും കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു.
അപകടത്തിനു ശേഷം പ്രതിയടക്കം കാറിലുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളുടെയും രക്തസാമ്പിളുകള്‍ എടുത്തിരുന്നു. എന്നാല്‍ പരിശോധനാഫലം നെഗറ്റീവായിരുന്നു. അപകടത്തിനു മുന്‍പ് 17കാരന്‍ മദ്യപിക്കുന്നതിന്‍റെ സിസി ടിവി ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് അവകാശപ്പെട്ട പൊലീസ്, ഇവരുടെ സാമ്പിളുകൾ എങ്ങനെയാണ് നെഗറ്റീവ് ആയതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ്.
സ്ത്രീയുടെ രക്തസാമ്പിള്‍ സിസി ടിവി ഇല്ലാത്ത സ്ഥലത്തു നിന്നാണ് എടുത്തതെന്ന് പൂനെ പൊലീസ് വ്യാഴാഴ്ച കോടതിയില്‍ പറഞ്ഞിരുന്നു. പിന്നീട് ഡോക്ടർമാരും ജീവനക്കാരും ചേർന്ന് 17കാരന്‍റെ സാമ്പിൾ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുകയും പ്രതിയുടെ സാമ്പിളെന്ന് പറഞ്ഞ് അമ്മയുടേത് നല്‍കിയെന്നും പൊലീസ് വ്യക്തമാക്കി. എന്നാല്‍ 17കാരന്‍റെ രക്തമെടുത്ത സിറിഞ്ച് ആശുപത്രി ജീവനക്കാര്‍ നശിപ്പിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അപകടവുമായി ബന്ധപ്പെട്ട് പൂനെ പൊലീസ് കമ്മീഷണർ അമിതേഷ് കുമാറിനെ സ്ഥലം മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരു റിട്ടയേർഡ് ബ്യൂറോക്രാറ്റ് മഹാരാഷ്ട്ര മനുഷ്യാവകാശ കമ്മീഷന് കത്തയച്ചിട്ടുണ്ട്.