മലപ്പുറം: രാജ്യസഭാ സീറ്റിനെ ചൊല്ലി പാർട്ടിയിൽ ഭിന്നത തുടരുന്നതിനിടെ ജനറൽ സെക്രട്ടറി പി.എം.എ സലാമിനെ സ്ഥാനാർത്ഥിയാക്കാനുറച്ച് മുസ്ളിം ലീഗിലെ പി.കെ.കുഞ്ഞാലിക്കുട്ടി വിഭാഗം.അവസാനനിമിഷം അട്ടിമറിയൊന്നും നടന്നില്ലെങ്കിൽ കുഞ്ഞാലിക്കുട്ടിയുടെ താൽപര്യം അനുസരിച്ച് പാർട്ടി അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പി.എം.എ സലാമിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചേക്കും. എന്നാൽ സലാമിനെ രാജ്യസഭയിലേക്ക് അയക്കുമ്പോൾ ഒഴിവുവരുന്ന ജനറൽ സെക്രട്ടറി സ്ഥാനത്ത് കണ്ണുംനട്ടിരിക്കുന്ന വിരുദ്ധവിഭാഗത്തിന് നിരാശപ്പെടേണ്ടിവരുമെന്ന സൂചനയും ഇതിനൊപ്പം പുറത്തുവരുന്നുണ്ട്.
രാജ്യസഭാംഗത്വത്തിനൊപ്പം പി.എം.എ സലാമിനെ ജനറൽ സെക്രട്ടറി സ്ഥാനത്തും തുടരാൻ അനുവദിക്കുന്ന ഫോർമുലയാണ് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ മനസിലുളളത്. സലാമിന് പകരം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പുതിയൊരാളെ തേടുകയാണെങ്കിൽ പാർട്ടിയിലെ ഭിന്നത രൂക്ഷമാകുമെന്ന കണക്കുകൂട്ടലിലാണ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നീക്കം.ജനറൽ സെക്രട്ടറി സ്ഥാനത്ത് പി.എം.എ സലാമിനെ തുടരാൻ അനുവദിച്ചാൽ അധികാര കേന്ദ്രം നഷ്ടമാകാതിരിക്കും എന്ന നേട്ടവും കുഞ്ഞാലിക്കുട്ടിയുടെ ലക്ഷ്യമാണ്.എന്നാൽ കുഞ്ഞാലിക്കുട്ടിയുടെ ഈ നീക്കങ്ങളോട് പാർട്ടിയിലെ എതിർവിഭാഗം എന്ത് സമീപനം സ്വീകരിക്കുമെന്നതാണ് രാഷ്ട്രീയ ആകാംക്ഷ.
പി.എം.എ സലാമിന് രാജ്യസഭാ സീറ്റ് നൽകുന്നതിനൊപ്പം അദ്ദേഹത്തെ ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരാൻ അനുവദിക്കുക കൂടി ചെയ്താൽ കുഞ്ഞാലിക്കുട്ടി വിരുദ്ധ വിഭാഗം ശക്തമായ നിലപാട് സ്വീകരിക്കാൻ തന്നെയാണ് സാധ്യത.കഴിഞ്ഞ ദിവസം കെ.എം.ഷാജിയും ഡോ.എം.കെ.മുനീറും നടത്തിയ പ്രതികരണങ്ങളിൽ അതിൻെറ സൂചന വായിച്ചെടുക്കാം.
അങ്ങനെ വന്നാൽ മുസ്ളീം ലീഗിൽ പ്രതിസന്ധി ഉരുണ്ട് കൂടാനാണ് സാധ്യത. സീറ്റ് ആവശ്യപ്പെട്ട് പരസ്യമായി രംഗത്തുളള യൂത്ത് ലീഗ് നേതൃത്വവും ഈ നീക്കത്തെ അനുകൂലിക്കാൻ സാധ്യതയില്ല.പാണക്കാട് തങ്ങന്മാരുടെ തീരുമാനം ശിരസാവഹിക്കുന്ന ലീഗിലെ പതിവിൽ മാറ്റം വരുന്നുവെന്ന സൂചനകൾ രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് വ്യത്യസ്ത ചേരികൾ നടത്തുന്ന പ്രതികരണങ്ങളിലുണ്ട്. മുൻപൊരിക്കലും ഇല്ലാത്ത പരസ്യ ഏറ്റമുട്ടലാണ് ലീഗിൽ പരസ്യമായി തന്നെ നടക്കുന്നത്. രാജ്യസഭാ സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ പാർട്ടി അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തി കഴിഞ്ഞിട്ടും സീറ്റിന് അവകാശവാദം ഉന്നയിച്ച് വ്യത്യസ്ത ചേരികൾ പരസ്യമായി രംഗത്ത് വന്നത് നേതൃത്വത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.
വ്യത്യസ്ത അഭിപ്രായങ്ങളുമായി നേതാക്കൾ രംഗത്ത് വന്നതോടെ പാർട്ടിയിലെ ഭിന്നതയും പരസ്യമായി കഴിഞ്ഞു. പി.കെ.കുഞ്ഞാലിക്കുട്ടി രാജ്യസഭയിലേക്കില്ലെന്ന് പ്രഖ്യാപിച്ചതോടെയാണ് സീറ്റിന് വേണ്ടിയുളള അവകാശവാദങ്ങൾ പരസ്യമായി ഉന്നയിക്കാൻ യൂത്ത് ലീഗ് നേതൃത്വത്തിന് അടക്കം ധൈര്യം വന്നത്. കുഞ്ഞാലിക്കുട്ടിയുടെ പിന്മാറ്റം യൂത്ത് ലീഗുകാർക്ക് വലിയ പ്രതീക്ഷയാണ് നൽകിയത്.
പി.എം.എ സലാമിനെ രാജ്യസഭയിലേക്ക് പരിഗണിക്കുമ്പോൾ ലീഗ് നേതൃത്വത്തിനു മുന്നിൽ പല പ്രതിസന്ധികൾ ഉയരുന്നുണ്ട്.സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടർന്ന് കൊണ്ട് തന്നെ പിഎംഎ സലാമിനെ രാജ്യസഭയിലേക്ക് അയക്കാൻ തീരുമാനിച്ചാൽ പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ എതിർപ്പ് ഉന്നയിക്കാൻ സാധ്യതയാണ് നേതൃത്വം നേരിടുന്ന ആദ്യ പ്രതിസന്ധി. പി.എം.എ സലാമിനെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കുകയാണെങ്കിൽ സംസ്ഥാന ജനറൽ സെക്രട്ടറിയായി വേറൊരാളെ പരിഗണിക്കണം എന്നതാണ് ഈ വിഭാഗത്തിന്റെ ആവശ്യം. എന്നാൽ അത്തരമൊരു അധികാര കൈമാറ്റത്തിന് പികെ കുഞ്ഞാലിക്കുട്ടിക്കും അദ്ദേഹത്തിന് ഒപ്പമുളള നേതാക്കൾക്കും അശേഷം താൽപര്യമില്ല.
ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് രാജ്യസഭയിലേക്ക് പോകാനില്ലെന്നാണ് പി.എം.എ സലാമിന്റെയും വ്യക്തിപരമായ നിലപാട്. രാജ്യസഭാ സീറ്റിൻെറ പേരിൽ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞാൽ അത് സമസ്തയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണെന്ന് ആക്ഷേപം വരും.അങ്ങനെ പ്രചരിക്കുന്നത് തൻെറ പൊതുസ്വീകാര്യകതയ്ക്ക് ദോഷകരമാകുമെന്ന കണക്കൂകൂട്ടലിലാണ പി. എം.എ സലാം. സീറ്റ് കിട്ടിയേ തീരു എന്ന വാശിയിൽ യൂത്ത് ലീഗ് നിലയുറപ്പിച്ചിരിക്കുന്നതാണ് മറ്റൊരു പ്രതിന്ധി.
രാജ്യസഭയിലേക്ക് പികെ ഫിറോസ് അല്ലെങ്കിൽ ഫൈസൽ ബാബുവിന് രാജ്യസഭാ സീറ്റ് നൽകണമെന്നാണ് യൂത്ത് ലീഗ് നേതൃത്വത്തിൻെറ ആവശ്യം. ഇക്കാര്യം യൂത്ത് ലീഗ് നേതൃത്വം, സംസ്ഥാന നേതൃത്വത്തോട് ഔദ്യോഗികമായി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിനിടയിൽ പാർട്ടിയിലെ ഐക്യത്തിന് കോട്ടം വരാതെ എങ്ങനെ രമ്യമായ പരിഹാരം കാണുമെന്നതാണ് ലീഗ് നേതൃത്വത്തിന് മുന്നിലുളള വെല്ലുവിളി.