അടിമാലി∙ തൊട്ടിയാർ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ കമ്മിഷനിങ് വൈകുന്നു. ഇതോടെ കാലവർഷത്തിൽ ദേവിയാർ പുഴയിലൂടെ തൊട്ടിയാറിലേക്ക് ഒഴുകിയെത്തുന്ന വെള്ളം പാഴാകാനുള്ള സാധ്യത വർധിച്ചു. 15 വർഷം മുൻപാണ് പദ്ധതിയുടെ നിർമാണ ജോലികൾ ആരംഭിച്ചത്. 40 മെഗാവാട്ട് ശേഷിയുള്ള നിലയത്തിൽ 10 മെഗാവാട്ട് ജനറേറ്ററിന്റെ കമ്മിഷനിങ് മേയ് മാസം ഉണ്ടാകുമെന്ന് വൈദ്യുത ബോർഡ് അധികൃതർ സൂചന നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ട്രയൽ റണ്ണും നടന്നിരുന്നു.
2009ൽ ആണ് പദ്ധതിക്ക് തുടക്കമിട്ടത്. ദേവിയാർ പുഴയുടെ ഭാഗമായ വാളറയ്ക്ക് സമീപം തൊട്ടിയാറിൽ തടയണ നിർമിച്ച് പെരിയാറിന്റെ തീരത്ത് നീണ്ടപാറയിൽ നിർമിച്ചിട്ടുള്ള നിലയത്തിൽ വെള്ളം എത്തിച്ച് വൈദ്യുതി ഉൽപാദിപ്പിക്കും വിധമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 2009ൽ 207 കോടി രൂപയ്ക്കാണ് പദ്ധതിയുടെ ടെൻഡർ നടപടികൾ നടന്നത്. എന്നാൽ പണികൾ പാതിവഴിയിൽ എത്തുന്നതിനു മുൻപായി കരാർ റദ്ദാക്കി. തുടർന്ന് 2018ൽ എസ്റ്റിമേറ്റ് പുതുക്കിയ ശേഷം 280 കോടിക്ക് വീണ്ടും ടെൻഡർ നടപടികൾ പൂർത്തീകരിച്ചാണ് നിർമാണ ജോലികൾ അന്തിമ ഘട്ടത്തിലേക്ക് നീങ്ങിയത്.
തൊട്ടിയാർ മുതൽ പത്താംമൈലിന് സമീപം വരെയുള്ള പുഴയുടെ ഇരു കരകളിലുമായി 10 ഹെക്ടറോളം ഭൂമിയാണ് പദ്ധതിക്കു വേണ്ടി വൈദ്യുതി വകുപ്പ് ഏറ്റെടുത്തിട്ടുള്ളത്. ഇതോടൊപ്പം വനം, റവന്യു വകുപ്പുകളിൽനിന്ന് പദ്ധതിക്ക് ആവശ്യമായ ഭൂമിയും ഏറ്റെടുത്തിരുന്നു. ദേവിയാർ പുഴയ്ക്കു കുറുകെ 222 മീറ്റർ നീളത്തിലാണ് തടയണ നിർമിച്ചിട്ടുള്ളത്. അനുബന്ധമായി 199 മീറ്റർ നീളത്തിൽ ടണലും 1,250 മീറ്റർ ദൂരത്തിൽ പെൻസ്റ്റോക്കും സ്ഥാപിച്ചിട്ടുണ്ട്. 2.05 മീറ്റർ ആണ് പെൻസ്റ്റോക്കിന്റെ വ്യാസം.
ആദ്യ ഘട്ടം ഉദ്ഘാടനത്തിനു പിന്നാലെ 30 മെഗാവാട്ടിന്റെ ജനറേറ്റർ പ്രവർത്തന സജ്ജമാക്കാൻ കഴിയും വിധം നിർമാണ ജോലികൾ അന്തിമ ഘട്ടത്തിലാണെന്നും ബന്ധപ്പെട്ടവർ പറഞ്ഞിരുന്നു. എന്നാൽ കാലവർഷത്തിനു തുടക്കമായിട്ടും പദ്ധതിയുടെ കമ്മിഷനിങ് വൈകുന്നത് തൊട്ടിയാറിലെ വെള്ളം പാഴാകാൻ കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.