ടൊറന്റോ: സ്റ്റഡി വീസയിലുൾപ്പെടെ താത്കാലിക താമസക്കാരായി കാനഡയിൽ പ്രവേശിക്കുന്നവർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കാനഡ ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ. ഇൻഡോ-കനേഡിയൻ എംപി അർപൺ ഖന്നയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
വിരലടയാളം പോലുള്ള ബയോമെട്രിക് പരിശോധന നേരത്തെ സുരക്ഷാ സ്ക്രീനിങ്ങിനായി കാനഡയിൽ ഉപയോഗിച്ചിരുന്നു. എന്നാൽ, ഇനി മുതൽ ബയോമെട്രിക് പരിശോധനയും കുടിയേറ്റക്കാരുടെ സ്വന്തം രാജ്യത്തെ പൊലീസ് സർട്ടിഫിക്കറ്റുകളും ആവശ്യമില്ലെന്ന് മന്ത്രി മാർക്ക് മില്ലർ വ്യക്തമാക്കി.
ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിൻ്റെ കൊലപാതകത്തിൽ ഉൾപ്പെട്ടവരുടെ അറസ്റ്റിനെത്തുടർന്ന് താൽക്കാലിക താമസക്കാരുടെ, പ്രത്യേകിച്ച് രാജ്യാന്തര വിദ്യാർത്ഥികളുടെ അടക്കം സുരക്ഷാ പരിശോധന കർശനമാക്കിയിട്ടുണ്ടെന്നും മാർക്ക് മില്ലർ പറഞ്ഞു.ആവശ്യമെങ്കിൽ അധിക സുരക്ഷാ പരിശോധനയുടെ ഭാഗമായി മാത്രമേ അത്തരം സർട്ടിഫിക്കറ്റുകൾ അഭ്യർത്ഥിക്കാവൂ എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
പൊലീസ് സർട്ടിഫിക്കറ്റുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത മന്ത്രി ക്രിമിനൽ രേഖകളുള്ള വ്യക്തികളെ കാനഡയിൽ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സ്റ്റുഡൻ്റ് വീസ അപേക്ഷകർക്കായി കർശന സുരക്ഷാ പരിശോധന ഫെഡറൽ ഗവൺമെൻ്റ് ഏർപ്പെടുത്തിയിട്ടുണ്ടെന്നും അറിയിച്ചു.