ഡബ്ലിന്‍ : യാത്രക്കാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ വിന്ററില്‍ വിമാന നിരക്ക് കുതിച്ചുയരുമെന്ന് റയ്നെയര്‍ സിഇ ഒയുടെ മുന്നറിയിപ്പ്. ക്രിസ്മസ്, ചെല്‍ട്ടന്‍ഹാം ഫെസ്റ്റിവല്‍, പ്രീമിയര്‍ ലീഗ്, ചാമ്പ്യന്‍സ് ലീഗ് തുടങ്ങിയ കായിക മത്സരങ്ങളൊക്കെ പ്രമാണിച്ച് ലക്ഷക്കണക്കിന് പേരാണ് ഡബ്ലിന്‍ വിമാനത്താവളം ഉപയോഗിക്കുന്നത്.
ഈ സാഹചര്യത്തില്‍പ്പോലും ഒരു മില്യണലിലേറെ സീറ്റുകളില്‍ കൂടുതല്‍ നല്‍കാനാവില്ല. ഈ പശ്ചാത്തലത്തില്‍ ഡബ്ലിനിലേയ്ക്കും തിരിച്ചുമുള്ള വിമാനയാത്ര ചെലവേറിയതാകുമെന്ന് റയ്നെയര്‍ പറയുന്നു.
യാത്രികര്‍ക്കുള്ള നിയന്ത്രണം എടുത്തുകളയുന്നതിന് ഗതാഗതമന്ത്രി എയ്മണ്‍ റയാനും സര്‍ക്കാരും ഉടന്‍ ഇടപെടണമെന്ന് സി ഇ ഒ ആവശ്യപ്പെട്ടു.യാത്രാ നിരക്ക് വര്‍ദ്ധനവ് വരുത്താന്‍ മറ്റു വിമാനകമ്പനികളും നിര്‍ബന്ധിതരാകും.
വിന്ററില്‍ 14.4മില്യണ്‍ യാത്രികര്‍
ഐറിഷ് ഏവിയേഷന്‍ അതോറിറ്റി വിന്ററില്‍ എയര്‍പോര്‍ട്ടില്‍ യാത്രക്കാരുടെ എണ്ണം 14.4 മില്യണായാണ് നിജപ്പെടുത്തിയത്. ചരിത്രത്തിലാദ്യമാണ് ഇത്തരത്തില്‍ നിയന്ത്രണം കൊണ്ടുവരുന്നത്. വര്‍ഷം 32 മില്യണ്‍ യാത്രികര്‍ എന്ന നിലയിലാണ് ഡബ്ലിന്‍ എയര്‍പോര്‍ട്ട് നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം, 31.9 മില്യണിലധികം യാത്രക്കാര്‍ രണ്ട് ടെര്‍മിനലുകളും ഉപയോഗിച്ചിരുന്നു.
നിയന്ത്രണം നീക്കാനാകുമോ…
യാത്രക്കാരുടെ എണ്ണം വര്‍ഷത്തില്‍ 40മില്യണ്‍ യാത്രക്കാരെ ലക്ഷ്യമിട്ടുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതിയ്ക്ക് ഡി എ എ പ്ലാനിംഗ് അനുമതിക്ക് അപേക്ഷ നല്‍കിയിരുന്നു.എന്നാല്‍ പിന്നീടിത് 35-36മില്യണായി കുറയ്ക്കുന്നതിന് തീരുമാനം വന്നു.ഇതു സംബന്ധിച്ച അപേക്ഷ നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
യാത്രികരില്ലാതെ എങ്ങനെ?
സാധാരണ ക്രിസ്മസ് കാലയളവില്‍ പോലും ഡബ്ലിന്‍- ലണ്ടന്‍ റൂട്ടില്‍ 300,000 കൂടുതല്‍ സീറ്റുകള്‍ അനുവദിക്കുമായിരുന്നു, എന്നാല്‍ ഈ വര്‍ഷം അത് പറ്റില്ലെന്ന് റയ്നെയര്‍ സി ഇ ഒ എഡ്ഡി വില്‍സണ്‍ പറഞ്ഞു.ഈ റൂട്ടില്‍ വണ്‍-വേ നിരക്കുകള്‍ 500 യൂറോ വരെ എത്തിയോക്കുമെന്ന് അദ്ദേഹം പറയുന്നു.
മൂന്ന് വിമാനങ്ങളും 15 റൂട്ടുകളും വര്‍ദ്ധിപ്പിക്കുന്നതിലൂടെ വിന്ററില്‍ യാത്രക്കാരുടെ എണ്ണം 9% വര്‍ധിപ്പിക്കാനായിരുന്നു എയര്‍ലൈന്റെ പദ്ധതി.7.5മില്യണ്‍ യാത്രികരെയാണ് കമ്പനി ലക്ഷ്യമിട്ടത്. നിലവില്‍ 6.4 മില്യണ്‍ യാത്രക്കാര്‍ക്കുള്ള സ്ലോട്ടുകള്‍ മാത്രമേ ലഭിച്ചിട്ടുള്ളു.
നേരത്തെ അനുമതിക്ക് അപേക്ഷ നല്‍കുന്നതില്‍ എയര്‍പോര്‍ട്ട് അധികൃതര്‍ വീഴ്ച വരുത്തിയതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണമെന്ന് എഡി വില്‍സണ്‍ കുറ്റപ്പെടുത്തി.ഇതിനെതിരെ കേസും വഴക്കുമായി നടക്കാന്‍ താല്‍പ്പര്യമില്ലെന്നും ഇദ്ദേഹം വ്യക്തമാക്കി.വരും വര്‍ഷങ്ങളില്‍ ഈ പ്രശ്നം രൂക്ഷമാകുമെന്ന ആശങ്കയും ഇദ്ദേഹം പങ്കുവെച്ചു.
സമ്മറില്‍ മൂന്ന് വിമാനങ്ങളും 16 പുതിയ റൂട്ടുകളും 200 ജോലിക്കാരെയും ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് സതേണ്‍ ഇറ്റലിയിലേക്ക് മാറ്റുകയാണെന്ന് എയര്‍ലൈന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഡി എ എ പറയുന്നത്
ഡബ്ലിന്‍ എയര്‍പോര്‍ട്ടിന്റെ ശേഷി ഉയര്‍ത്തുന്നതിനോട് പൂര്‍ണ്ണ യോജിപ്പാണുള്ളതെന്ന് ഡി എ എ സി ഇ ഒ കെന്നി ജേക്കബ്സ് പറഞ്ഞു.ഇത് ഉടന്‍ സാധിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.ഡി എ എയ്ക്കെതിരായ പരാതികള്‍ അടിസ്ഥാനമില്ലാത്തതാണെന്നും സി ഇ ഒ വ്യക്തമാക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *