വാഷിംഗ്ടൺ ഡിസി: അമേരിക്ക നൽകുന്ന ആയുധങ്ങൾ യുക്രെയ്ൻ സേനയ്ക്ക് റഷ്യക്കുള്ളിൽ പ്രയോഗിക്കാൻ അനുമതി. പ്രസിഡന്റ് ജോ ബൈഡൻ ഇതിനു സമ്മതം മൂളിയതായി ഉന്നത യുഎസ് ഉദ്യോഗസ്ഥരെ അടിസ്ഥാനമാക്കി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
യുക്രെയ്ൻ സേന കനത്ത ആക്രമണം നേരിടുന്ന ഖാർകീവിന്റെ അതിർത്തിയിൽ മാത്രം യുഎസ് ആയുധങ്ങൾ പ്രയോഗിക്കാനുള്ള അനുമതിയാണു നൽകിയിരിക്കുന്നത്. യുഎസ് ആയുധങ്ങൾ റഷ്യൻ മണ്ണിൽ പ്രയോഗിക്കരുതെന്ന നയത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു.
ഖാർകീവിലെ റഷ്യൻ മുന്നേറ്റം തടയാൻ വേണ്ടി മാത്രമാണ് ഇപ്പോഴത്തെ ഇളവെന്നാണു സൂചന. ഖാർകീവ് പ്രദേശത്ത് റഷ്യൻ സേന ഗണ്യമായ നേട്ടങ്ങളുണ്ടാക്കുന്നുവെന്നാണു റിപ്പോർട്ട്. അമേരിക്കൻ തീരുമാനം സംബന്ധിച്ച വാർത്തകൾക്കു പിന്നാലെ ജർമനിയും തങ്ങൾ നൽകുന്ന ആയുധങ്ങൾ റഷ്യയിൽ പ്രയോഗിക്കൻ യുക്രെയ്ന് അനുമതി നല്കി.