2600 കോടി കാഴ്‌ചകള്‍; ഐപിഎല്‍ 2024 കണക്കുകള്‍ പുറത്തുവിട്ട് ജിയോസിനിമ, 53 ശതമാനം വളര്‍ച്ച

മുംബൈ: ഐപിഎല്‍ 2024 സീസണിലെ ഓണ്‍ലൈന്‍ കാഴ്‌ചക്കാരുടെ കണക്കുകള്‍ പുറത്തുവിട്ട് മത്സരങ്ങളുടെ സ്ട്രീമിങ് പാര്‍ട്‌ണര്‍മാരായിരുന്ന ജിയോസിനിമ. 2023 സീസണിനേക്കാള്‍ കാഴ്ച്ചക്കാരുടെ എണ്ണത്തില്‍ 53 ശതമാനം വളര്‍ച്ചയാണ് ഇത്തവണ ഐപിഎല്ലില്‍ രേഖപ്പെടുത്തിയത് എന്ന് ജിയോസിനിമ അവകാശപ്പെടുന്നു. 

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024ന്‍റെ ഔദ്യോഗിക ഡിജിറ്റല്‍ സ്ട്രീമിങ് പാര്‍ട്‌ണര്‍മാരായിരുന്നു ജിയോ സിനിമ. ഐപിഎല്‍ 17-ാം സീസണ്‍ കാഴ്ചക്കാരുടെ എണ്ണത്തില്‍ മികച്ച കണക്കുകളാണ് ജിയോസിനിമയ്ക്ക് നല്‍കിയത്. ഐപിഎല്‍ 2023 സീസണിനെ അപേക്ഷിച്ച് കാഴ്ചക്കാരുടെ എണ്ണം 53 ശതമാനം വര്‍ധിച്ചു. ഈ സീസണില്‍ 2600 കോടി വ്യൂകളാണ് രേഖപ്പെടുത്തിയത് എന്നാണ് ജിയോ സിനിമയുടെ അവകാശവാദം. ഇതോടൊപ്പം ജിയോസിനിമയുടെ റീച്ചിലും വലിയ വളര്‍ച്ചയുണ്ടായി. 38 ശതമാനം ഉയര്‍ന്ന് 62 കോടിയിലധികമായി ജിയോസിനിമയുടെ റീച്ച്. രാജ്യത്ത് ക്രിക്കറ്റ് ഓണ്‍ലൈനില്‍ കാണാനുള്ള ആരാധകരുടെ വലിയ താല്‍പര്യം ഇത് വ്യക്തമാക്കുന്നു. 

12 ഭാഷകളില്‍ ഐപിഎല്‍ 2024 സീസണ്‍ സംപ്രേഷണം ചെയ്യാനായതും 4K ദൃശ്യമികവും മള്‍ട്ടിക്യാം സംവിധാനവും എആര്‍, വിആര്‍ സാങ്കേതികവിദ്യയും 360 ഡിഗ്രി കാഴ്‌ചാനുഭവവും കാഴ്ചക്കാരുടെ എണ്ണം വര്‍ധിക്കുന്നതിന് ഇടയാക്കിയതായി ജിയോ കണക്കാക്കുന്നു. സാങ്കേതികപരമായി മത്സരങ്ങളുടെ സംപ്രേഷണം കൂടുതല്‍ മികവുറ്റതായതോടെ ശരാശരി കാഴ്‌ചാസമയം 2023 സീസണിലെ 60 മിനുറ്റില്‍ നിന്ന് 75ലേക്ക് ഇക്കുറി ഉയരുകയും ചെയ്തു. സീസണിലെ ഉദ്ഘാടന മത്സരത്തില്‍ തന്നെ 11.3 കോടിയലധികം കാഴ്ചക്കാരെ ആകര്‍ഷിച്ചാണ് ജിയോസിനിമ തുടങ്ങിയത്. ഐപിഎല്‍ 2023 സീസണിലെ ആദ്യ മത്സരത്തേക്കാള്‍ 51 ശതമാനം അധികമായിരുന്നു ഇത്. 

കായികരംഗത്തെ സ്ട്രീമിങ് ജിയോസിനിമ കൂടുതല്‍ കരുത്തുറ്റതാക്കുകയാണ്. വരാനിരിക്കുന്ന പാരിസ് ഒളിംപിക്സ് ജിയോസിനിമയാണ് ഇന്ത്യയില്‍ ലൈവ്സ്ട്രീമിങ് ചെയ്യുക. 

Read more: നിങ്ങള്‍ വോഡഫോൺ-ഐഡിയ യൂസറാണോ; നെറ്റ്‌ഫ്ലിക്‌സ് സൗജന്യമായി, പുത്തന്‍ റീച്ചാര്‍ജ് പദ്ധതികള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin