ശക്തമായ മഴ; ഇടുക്കിയില്‍ രാത്രി യാത്ര നിരോധനം; കാറിന് മുകളിലേക്ക് മണ്ണിടിച്ചില്‍, കോട്ടയത്തും കനത്ത മഴ

ഇടുക്കി: ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലയില്‍ രാത്രി യാത്ര നിരോധിച്ച് കളക്ടര്‍ ഉത്തരവിട്ടു. കനത്ത മഴയില്‍ കാലവര്‍ഷ കെടുതികള്‍ പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കളക്ടര്‍ ഷിബാ ജോര്‍ജ് അറിയിച്ചു.

തൊടുപുഴ -പുളിയന്‍മല റോഡില്‍ യാതൊരു കാരണവശാലും യാത്ര അനുവദിക്കില്ലെന്ന് കളക്ടര്‍ അറിയിച്ചു. തൊടുപുഴ പുളിയന്മല റോഡില്‍ വാഹനങ്ങള്‍ വഴി തിരിച്ചുവിടുകയാണ്. അശോക ജംഗ്ഷന്‍ മുതല്‍ ചെറുതോണി വരെ ഒരു കാരണവശാലും യാത്ര ചെയ്യരുതെന്ന് കളക്ടര്‍ ആവശ്യപ്പെട്ടു. കനത്ത നീരൊഴുക്കിനെ തുടര്‍ന്ന് മലങ്കര ഡാമിലെ നാല് ഷട്ടറുകള്‍ ഒരു മീറ്റര്‍ വരെ ഉയര്‍ത്തി. തൊടുപുഴ, മൂവാറ്റുപുഴയാറുകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. തൊടുപുഴ ഉടുമ്പന്നൂരിലുള്ള ഐഎംഡിയുടെ ഓട്ടോമേറ്റഡ് വെതര്‍ സ്റ്റേഷനില്‍ നാലു മണിക്കൂറിനിടെ 232.5 മില്ലീമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. എട്ടു മണിയോടെ മഴ കുറഞ്ഞു. 

കാറിന്റെ മുകളിലേക്ക് മണ്ണ് ഇടിഞ്ഞ് വീണു

ഇടുക്കി: തൊടുപുഴ – പുളിയന്‍മല റോഡിലൂടെ പോയ കാറിന്റെ മുകളിലേക്ക് മണ്ണ് ഇടിഞ്ഞ് വീണു. കുളമാവ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കരിപ്പലങ്ങാട് ഷാപ്പ് ഭാഗത്തായിരുന്നു സംഭവം. വാഹനത്തിലുള്ളവരെ പുറത്തെടുത്തു. കുളമാവ് ഗ്രീന്‍ ബര്‍ഗ്ഗ് ഭാഗത്ത് മരവും മണ്ണും വീണ് റോഡ് ബ്ലോക്കാണ്. ആളപായം ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു. കരിപ്പിലങ്ങാട് വീടിനു മുകളില്‍ മണ്ണിടിഞ്ഞു വീണ അകപ്പെട്ട 33 കാരിയെ ഫയര്‍ ഫോഴ്‌സെത്തി രക്ഷിച്ച് ആശുപത്രിയിലാക്കി. പരുക്ക് ഗുരുതരമല്ല. 

ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

വെള്ളിയാംമറ്റം വില്ലേജില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ അടിയന്തര സാഹചര്യത്തില്‍ ആരംഭിച്ചു. പന്നിമറ്റം സെന്റ് ജോസഫ് എല്‍പിഎസ് രണ്ടു കുടുംബങ്ങളിലായി നാലുപേരാണ് കഴിയുന്നത്. വെള്ളിയാമറ്റം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മൂന്നു കുടുംബങ്ങളിലായി ഒന്‍പത് പേരാണ് കഴിയുന്നത്.

കോട്ടയത്തും ശക്തമായ മഴ

കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയാണ് തുടരുന്നത്. മെഡിക്കല്‍ കോളേജിലെ ട്രോമ ഐസിയുവിന് സമീപം വെള്ളം കയറി. മീനച്ചിലാറിന്റെയും മണിമലയാറിന്റെയും തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 

കുവൈത്ത് കെഎംസിസി യോഗത്തില്‍ കയ്യാങ്കളി; സംഘര്‍ഷം പി.എം.എ സലാം പങ്കെടുത്ത യോഗത്തില്‍
 

By admin