കൊച്ചി: ദേവികുളം എംഎൽഎ എ രാജയുടെ നിയമസഭാംഗത്വം തുലാസിൽ ആയിരിക്കെ പിന്നാലെ പീരുമേട്ടിലും കോടതിയിൽ നിന്ന് തിരിച്ചടി ഭയന്ന് എൽഡിഎഫ്. പീരുമേട് നിയമസഭാ തെരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതി ഇന്ന് രാവിലെ വിധി പറയും.
ജില്ലയിലെ രണ്ടാമത്തെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കേസാണിത്. എല്‍ഡിഎഫിലെ വാഴൂര്‍ സോമന്റെ വിജയം ചോദ്യം ചെയ്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി സിറിയക് തോമസ് നല്‍കിയ ഹര്‍ജിയിലാണ് വിധി.
വസ്തുതകള്‍ മറച്ചുവെച്ചാണ് വാഴൂര്‍ സോമന്റെ സത്യവാങ്മൂലം എന്നാണ് തെരഞ്ഞെടുപ്പ് ഹര്‍ജിയിലെ പ്രധാന ആക്ഷേപം. ഇന്ന് വിരമിക്കാനിരിക്കെയാണ് ജസ്റ്റിസ് മേരി തോമസ് തെരഞ്ഞെടുപ്പ് കേസില്‍ വിധി പറയുന്നത്.
വാഴൂര്‍ സോമനെ വിജയിയായി പ്രഖ്യാപിച്ച റിട്ടേണിംഗ് ഓഫീസറുടെ നടപടി നിയമ വിരുദ്ധമാണെന്നാണ് പ്രധാന ആക്ഷേപം. വാഴൂര്‍ സോമനെ വിജയിയായി പ്രഖ്യാപിച്ച നടപടി റദ്ദാക്കണം, അപൂര്‍ണ്ണമായ നാമനിര്‍ദ്ദേശ പത്രിക അംഗീകരിച്ച നടപടി ജനപ്രാതിനിധ്യ നിയമത്തിന് വിരുദ്ധമാണെന്നും ഹർജിയിൽ ഉണ്ട്.
സംസ്ഥാന വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്‍ ചെയര്‍മാനായിരിക്കെയാണ് വാഴൂര്‍ സോമന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയത്.
ഇത് ഇരട്ട പദവിയുടെ പരിധിയില്‍ വരുമെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പരാതിയിലുണ്ട്. 1835 വോട്ടിനായിരുന്നു വാഴൂർ സോമൻ കോൺഗ്രസിലെ സിറിയക് തോമസിനെ തോൽപ്പിച്ചത്.