ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ എക്‌സിറ്റ് പോൾ ഫലങ്ങൾ നാളെ പുറത്തുവരാനിരിക്കെ, ടെലിവിഷൻ ചാനലുകളിൽ നടക്കുന്ന എല്ലാ എക്‌സിറ്റ് പോൾ ചർച്ചകളും ബഹിഷ്‌കരിക്കുമെന്ന് കോൺഗ്രസ്. എക്‌സിറ്റ് പോളുകളെക്കുറിച്ചുള്ള ചർച്ചകളിൽ പാർട്ടി പങ്കെടുക്കില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പവൻ ഖേരയാണ് അറിയിച്ചത്.
“വോട്ടർമാർ വോട്ട് രേഖപ്പെടുത്തി. ജൂൺ നാലിന് ഫലം പുറത്തുവരും. അതിനുമുമ്പ്, ടിആർപിക്ക് വേണ്ടി ഊഹാപോഹങ്ങളില്‍ ഏർപ്പെടാനുള്ള ഒരു കാരണവും ഞങ്ങൾ കാണുന്നില്ല. ജനങ്ങളെ അറിയിക്കുക എന്നതായിരിക്കണം ഏതൊരു സംവാദത്തിൻ്റെയും ലക്ഷ്യം. ജൂൺ 4 മുതൽ ഞങ്ങൾ സന്തോഷത്തോടെ സംവാദങ്ങളിൽ പങ്കെടുക്കും”, അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ നടപടിയെ ബിജെപി വിമര്‍ശിച്ചു. കോണ്‍ഗ്രസ് നേരിടാന്‍ പോകുന്നത് വന്‍ പരാജയമാണെന്നും, അതിനാല്‍ അവര്‍ക്ക് മാധ്യമങ്ങളെ നേരിടാന്‍ കഴിയില്ലെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ വിമര്‍ശിച്ചു.
എക്സിറ്റ് പോളുകൾ വളരെക്കാലമായി നടക്കുന്നുണ്ട്. എന്നാൽ ഇത്തവണ, തോൽവി കാരണം, അവർക്ക് എങ്ങനെ വിശദീകരിക്കണമെന്ന് അറിയില്ല, അതിനാലാണ് കോണ്‍ഗ്രസ് ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കുന്നതെന്നും അമിത് ഷാ പരിഹസിച്ചു. ഫലം തങ്ങൾക്കനുകൂലമാകുമെന്ന് പ്രതീക്ഷിക്കാത്തപ്പോൾ കോൺഗ്രസ് ഒഴിഞ്ഞുമാറുന്നുവെന്നായിരുന്നു ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ പ്രതികരണം.
 

By admin

Leave a Reply

Your email address will not be published. Required fields are marked *