തിരുവനന്തപുരം: കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ കൊട്ടാരക്കര താലൂക്ക് ഓഫീസിൽ കൂട്ട നടപടി. തഹസീൽദാർ ഉൾപ്പെടെ മൂന്ന് പേരെ സസ്പെൻഡ് ചെയ്തു. ക്വാറിയുമായി ബന്ധപ്പെട്ട കൈക്കൂലി പരാതിയിലാണ് നടപടി. റവന്യൂ മന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്.
കൊട്ടാരക്കര താലൂക്ക് ഓഫീസ് കേന്ദ്രീകരിച്ച് തഹസില്‍ദാരുടെ നേതൃത്വത്തില്‍ കൈക്കൂലി മാഫിയ പ്രവര്‍ത്തിക്കുന്നു എന്ന പരാതിയെ തുടര്‍ന്ന് പ്രാഥമികാന്വേഷണത്തിന് റവന്യൂ മന്ത്രി നിയോഗിച്ച ഉദ്യാഗസ്ഥരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കൊട്ടാരക്കര താലൂക്ക് തഹസിൽദാർ അജികുമാർ, ഡെപ്യൂട്ടി തഹസിൽദാർ അനിൽകുമാർ, ഡ്രൈവർ മനോജ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
റവന്യൂ വകുപ്പിലെ അഴിമതി സംബന്ധിച്ച് നിരവധിയായ പരാതികളാണ് ഉയര്‍ന്നു വരുന്നത്. വകുപ്പിനെ അഴിമതി മുക്തമാക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.